പാലം പണി പാതിവഴിയിൽ നിലച്ചു: ജെട്ടിയിൽ അപകടങ്ങൾ തുടർക്കഥ
text_fieldsപൂച്ചാക്കൽ: മാക്കേക്കടവ്-നേരെക്കടവ് ജങ്കാർ ജെട്ടിയുടെ ഇരുകരയിലും അപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം നേരെക്കടവ് ജെട്ടിയിലുണ്ടായ അപകടം അശാസ്ത്രീയ നിർമാണത്തിന്റെ ഫലമാണെന്ന് നാട്ടുകാർ പറയുന്നു. ജങ്കാറിൽനിന്ന് ബൈക്ക് റോഡിലേക്ക് ഇറക്കുന്നതിനിടയിൽ റാമ്പിൽനിന്ന് തെന്നിമാറി പൈപ്പുകൊണ്ട് നിർമിച്ച ബാരിക്കേഡിൽ തട്ടി കായലിലേക്ക് വീഴുകയായിരുന്നു. യാത്രക്കാരൻ പരിക്കില്ലാതെ രക്ഷപ്പെട്ടു. ജങ്കാർ ജീവനക്കാർ ബൈക്ക് കായലിൽനിന്ന് കരയിൽ എത്തിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സർവിസ് നിർത്തിവെച്ച് ജങ്കാർ ജെട്ടി പുതുക്കിപ്പണിയുമെന്ന് ഉദയനാപുരം പഞ്ചായത്ത് അധികൃതർ അറിയിച്ചു.
അതേസമയം, മാക്കേക്കടവ്-നേരെക്കടവ് പാലം നിർമാണം വീണ്ടും ആരംഭിക്കാനുള്ള തടസ്സങ്ങൾ നീക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. 2016ൽ ആരംഭിച്ച നിർമാണം ഒന്നര വർഷംകൊണ്ട് പൂർത്തിയാക്കുമെന്ന് പറഞ്ഞ് ഏഴുവർഷം പിന്നിട്ടിട്ടും പകുതിപോലും പണിതിട്ടില്ല. നിർമാണം ആരംഭത്തിൽ വേഗത്തിലായിരുന്നെങ്കിലും കോടതി വ്യവഹാരങ്ങളും മറ്റ് തടസ്സങ്ങളും കാരണം നിലച്ചു. ടെൻഡർ കൊടുത്തപ്പോൾ മുതൽ തുടങ്ങിയ കോടതി കയറ്റം നിർമാണം ആരംഭിച്ച ആദ്യഘട്ടത്തിലും തുടർന്നു. തുറവൂർ-പമ്പ പാതയിലെ രണ്ടാമത്തെ പാലമാണിത്.
ദേശീയപാതയിൽനിന്ന് കുറഞ്ഞ ദൂരത്തിൽ ഗതാഗതക്കുരുക്കില്ലാതെ ശബരിമലയിലെത്താനാകുന്ന പ്രധാന പാതയാണിത്. ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന വേമ്പനാട്ട് കായലിലൂടെ കടന്നുപോകുന്ന 850 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലമാണിത്. 44 കോടി രൂപ കൂടി വർധിപ്പിച്ച് നൽകണമെന്ന കരാർ കമ്പനിയുടെ ആവശ്യം പൊതുമരാമത്ത് അംഗീകരിക്കാത്തതാണ് ഇപ്പോഴുള്ള തടസ്സം. നിർമാണം പൂർത്തിയാക്കാൻ ഇനി 25 കോടി മതിയെന്നാണ് സർക്കാർ ഭാഷ്യം. തർക്കം പരിഹരിക്കാൻ ഗവ. സെക്രട്ടറിമാരെ നിശ്ചയിച്ചിരിക്കുകയാണ്. പരിഹാരമായില്ലെങ്കിൽ റീ ടെൻഡറിനാണ് സർക്കാർ ശ്രമം. ഇത് പദ്ധതി വീണ്ടും വൈകാൻ കാരണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.