പൂർത്തിയാക്കാത്ത പാലവും കണ്ട് ചങ്ങാടത്തിൽ മന്ത്രിമാരെത്തി
text_fieldsപൂച്ചാക്കൽ: ആലപ്പുഴ ജില്ലയിലെ നവകേരള സദസ്സിലെത്താൻ മുഖ്യമന്ത്രിയും മന്ത്രിമാരും വേമ്പനാട്ട് കായൽ കടന്നത് ചങ്ങാടത്തിൽ. വൈക്കത്ത് നിന്ന് അരൂർ മണ്ഡലത്തിലെ അരയങ്കാവിലെത്തിയാണ് സദസ്സ് നടത്തിയത്. പണി പൂർത്തിയാക്കാത്ത മാക്കേകടവ്-നേരെകടവ് പാലം നിലനിൽക്കുന്നത് മന്ത്രിമാർ സഞ്ചരിച്ച വൈക്കം-തവണക്കടവ് ഫെറിയുടെ വടക്കുഭാഗത്താണ്.
സദസ്സിന് മുൻപ് പാലം പൂർത്തീകരിച്ചിരുന്നെങ്കിൽ മന്ത്രിമാർക്ക് ചുറ്റിവളഞ്ഞ് സഞ്ചരിക്കാതെ വൈക്കത്ത് നിന്ന് നേരെകടവ് വഴി മാക്കേകടവിലെത്തി അരയങ്കാവിലെത്താൻ മിനിറ്റുകൾ മതിയായിരുന്നു. വർഷങ്ങൾ നീണ്ട സ്തംഭനാവസ്ഥക്ക് ശേഷം അരൂര്‍ വൈക്കം മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ് - നേരേകടവ് പാലം നിര്‍മാണത്തിന് ജീവന് വെക്കുകയാണെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും കാര്യമായ ചലനം ഉണ്ടായിട്ടില്ല. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പാലം നിര്‍മാണം പുനരാരംഭിക്കുന്നതിന് നിലവിലുള്ള തടസ്സം നീക്കുമെന്ന് ഉറപ്പ് നൽകിയിട്ടും പണി ആരംഭിച്ചിട്ടില്ല. എസ്റ്റിമേറ്റ് സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിച്ചാലുടന്‍ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് ദലീമ ജോജോ എം.എല്‍.എയും പറയുന്നുണ്ടെങ്കിലും നടപടികളാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പാലത്തിന്റെ അപ്രോച്ച് റോഡിനായി ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി കഴിഞ്ഞു. സ്ഥലമെടുപ്പ് ജോലികളും കഴിഞ്ഞു. നിര്‍മാണം വൈകിയതുമൂലം ഉണ്ടായ അധിക ചെലവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിര്‍മാണ കമ്പനിയുടെ അപേക്ഷകൂടി പരിഹരിക്കുന്നതോടെ മാത്രമേ പാലം നിര്‍മാണം പുനരാരംഭിക്കാനാകൂ.
തുറവൂര്‍- പമ്പ പാതയുടെ ഭാഗമായുള്ള രണ്ടാമത്തെ പാലമാണ് നേരേകടവ്- മാക്കേകടവ് പാലം. ആദ്യ പാലമായ തൈക്കാട്ടുശ്ശേരി- തുറവൂര്‍ പാലം സമയബന്ധിതമായി പൂര്‍ത്തിയാക്കിയിരുന്നു. ആലപ്പുഴ- കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന നേരേകടവ്- മാക്കേകടവ് പാലത്തിന് 800 മീറ്റര്‍ നീളവും 750 മീറ്റര്‍ ക്യാരേജ് വേയുമാണുള്ളത്. പാലത്തിന്റെ ഇരുവശങ്ങളിലുമായി 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതകളുമുണ്ട്. 22 സ്പാനോടുകൂടിയ പാലത്തിന്റെ നടുഭാഗത്തായി 47.16 മീറ്റര്‍ നീളത്തില്‍ നാവിഗേഷന്‍ സ്പാനും 35.76 മീറ്റര്‍ നീളമുള്ള നാല് സ്പാനുകളും 35.09 മീറ്റര്‍ നീളമുള്ള 16 സ്പാനുമാണുള്ളത്.
അതില്‍ മധ്യഭാഗത്തെ 47 മീറ്റര്‍ നീളത്തിലുള്ള രണ്ടു സ്പാനുകളുടെ നിര്‍മാണം പൂർത്തീകരിച്ചിട്ടുണ്ട്. 2011-’12 വര്‍ഷത്തെ ബജറ്റിലാണ് തുറവൂര്‍-പമ്പാ റോഡിനായി 151 കോടി രൂപ പ്രഖ്യാപിച്ചത്. തുറവൂരില്‍ നിന്നും ആരംഭിച്ച് തൈക്കാട്ടുശ്ശേരി, ഉദയനാപുരം, വൈക്കം, കടുത്തുരുത്തി, കുറവിലങ്ങാട്, പാലാ, പൊന്‍കുന്നം, എരുമേലി വഴി പമ്പയില്‍ എത്തുന്നതാണ് പാത. തുറവൂര്‍ ക്ഷേത്രം, വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, എരുമേലി തുടങ്ങി ഒട്ടേറെ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് പാത കടന്നുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.