ആന്നലത്തോടിനുമുണ്ട്, ഒരു പ്രതാപ ചരിത്രം
text_fieldsപൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്തിൽ ഏറ്റവും വികസന മുരടിപ്പ് അനുഭവിക്കുന്ന ആന്നലത്തോട് പ്രദേശത്തിനും ഒരു പ്രതാപ ചരിത്രമുണ്ട്. ആ സുവർണ കാലഘട്ടത്തിെൻറ മുഴുവൻ െക്രഡിറ്റും പ്രദേശത്തുകൂടി ഒഴുകുന്ന ആന്നലത്തോടിന് തന്നെയായിരുന്നു. രണ്ട് പ്രധാന കായലുകളായ കൈതപ്പുഴക്കായലും വേമ്പനാട്ട് കായലും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ തോട്. ആറും പുഴയും ആന്നലത്തോടുകാർക്ക് അന്യമായിരുന്നെങ്കിലും പ്രദേശത്തെ ജനങ്ങളുടെ ആശയും അഭിലാഷവും സ്വപ്നവും ജീവനോപാധികളുമെല്ലാമായിരുന്നു തോട്. വർഷകാലത്തിൽ കലങ്ങി മറിഞ്ഞൊഴുകിയിരുന്നെങ്കിലും പരിസരവാസികളെ വേദനപ്പിക്കുകയോ കെടുതിയിലാക്കുകയോ ചെയ്തിരുന്നില്ല. വേനലിൽ തോടിെൻറ അടിത്തട്ടിലുള്ളതുപോലും തെളിഞ്ഞുകാണുന്ന വിധത്തിൽ തെളിമയോടെയാണൊഴുകിയിരുന്നത്.
ആന്നലത്തോടിെൻറ പ്രതാപം സമീപ പ്രദേശങ്ങളിലെത്തിച്ചതിെൻറ പ്രധാന പങ്ക് വഹിച്ചത് അന്നുണ്ടായിരുന്ന ആന്നലത്തോട് ചന്തയായിരുന്നു. എഴുപതുകളിൽ പാണാവള്ളിയുടെ പ്രധാന വിപണന സിരാകേന്ദ്രമായിരുന്നു ആന്നലത്തോട് ചന്ത. തിങ്കൾ, വെള്ളി ദിവസങ്ങളിൽ രാത്രി ഏറെ വൈകിവരെ എറണാകുളം മാർക്കറ്റിൽനിന്ന് പലചരക്ക് സാധനങ്ങളുമായി വലിയ വഞ്ചികൾ എത്തിയിരുന്നു. ഞായർ ഒഴികെ എല്ലാ ദിവസവും ചെറിയ വള്ളങ്ങളിൽ നിറയെ കടൽമീനുകളുമായി പല സ്ഥലങ്ങളിൽനിന്നും ഇവിടെ വഞ്ചി എത്തിയിരുന്നു. നിരവധി സ്ഥലങ്ങളിൽനിന്ന് ചെറുവഞ്ചികൾ ഒന്നിനുപിറകെ ഒന്നായി ആരവങ്ങളും ആർപ്പുവിളികളുമായി പുഴമത്സ്യങ്ങളുമായെത്തുന്നത് കൗതുക കാഴ്ചയായിരുന്നു. ആലുവ, വരാപ്പുഴ മേഖലകളിലെ ചൂളകളിൽനിന്ന് വള്ളത്തിലെത്തുന്ന ഇഷ്ടികയും വെട്ടിക്കാട്ടുമുക്കിൽനിന്ന് എത്തിയിരുന്ന ചെങ്കല്ലും സ്വർണനിറമുള്ള പുഴ ചരലും ചെറു ചങ്ങാടങ്ങളായി എത്തിയിരുന്ന അടക്കാമരങ്ങളും തെങ്ങിന് വളമായി പൊഴിച്ചെള്ളയും വർഷത്തിൽ രണ്ടുപ്രാവശ്യമെത്തിയിരുന്ന മൺകലങ്ങളും ചട്ടിയും അരകല്ല്ആട്ടുകല്ലുകളും കരിമ്പും തഴപ്പായയും ചകിരിയുമെല്ലാം ആന്നലത്തോട് ചന്തയുടെ വിപണന സാമഗ്രികളായിരുന്നു.
കൊപ്ര, കയർ എന്നിവ ഇവിടെനിന്ന് വിദൂര സ്ഥലങ്ങളിലേക്ക് കയറ്റിക്കൊണ്ടുപോയിരുന്നു. സ്ഥലത്തെ പ്രധാന വൈദ്യന്മാരായ ബാപ്പുവൈദ്യർ, പത്മനാഭൻ വൈദ്യർ, ഹമീദ് വൈദ്യർ എന്നിവരും ഈ പ്രദേശത്തിെൻറ പെരുമക്ക് തങ്ങളുടേതായ പങ്കുവഹിച്ചു. ഇവരെത്തേടി കായലുകൾ കടന്നും ആളുകളെത്തിയിരുന്നു.
വികസനത്തിെൻറ ഭാഗമായി ഇവിടേക്കുള്ള മൺപാത റോഡാവുകയും പഴയ മരപ്പാലം കോൺക്രീറ്റ് പാലത്തിന് വഴിമാറുകയും ചെയ്തപ്പോൾ ജലഗതാഗതം അപ്രസക്തമായി. വർഷാവർഷം വെട്ടിത്തെളിച്ചിരുന്ന തോടും കരകളും കാലക്രമേണ ശ്രദ്ധിക്കപ്പെടാതായതോടെയാണ് പ്രതാപം മങ്ങിയത്. മുരടിപ്പിെൻറ പ്രധാന കാരണം, പ്രതാപകാലത്തുതന്നെ ആവശ്യത്തിന് കെട്ടിടങ്ങൾ പണിതുയർത്താൻ സ്ഥലമുള്ളവർ ഗൗനിക്കാതിരുന്നതാണ്. സൗകര്യപ്രദമായ കെട്ടിടങ്ങളില്ലാത്തതിനാൽ സർക്കാറിെൻറ ഒരു പദ്ധതിയും ഇവിടെ നടപ്പാക്കാൻ കഴിഞ്ഞില്ല. ഇനിയെങ്കിലും സാധ്യതകൾ മനസ്സിലാക്കിയുള്ള മാസ്റ്റർ പ്ലാൻ പ്രദേശത്തേക്കായി മാത്രം ഉണ്ടാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.