കറ്റമരൻ ബോട്ട് നാളെ നീറ്റിലിറങ്ങും; ജല ഗതാഗത വകുപ്പ് നിർമിച്ച ബോട്ടാണ്
text_fieldsപൂച്ചാക്കൽ: സംസ്ഥാന ജലഗതാഗത വകുപ്പ് നിർമാണം നടത്തിയ കറ്റമരൻ ബോട്ട് വെള്ളിയാഴ്ച നീറ്റിലിറങ്ങും. രണ്ട് കറ്റമരൻ ബോട്ടുകളാണ് ജല ഗതാഗത വകുപ്പ് നിർമിച്ചത്. ഒരെണ്ണം പാണാവള്ളി പെരുമ്പളം മാർക്കറ്റ് റൂട്ടിലും മറ്റേത് എറണാകുളം ഫോർട്ട് കൊച്ചി റൂട്ടിലുമാണ് സർവിസ് നടത്തുക.
എല്ലാവിധ സംവിധാനങ്ങളോടും കൂടിയുള്ള കേരളത്തിലെ തന്നെ ആദ്യ ബോട്ടാണിത്. ഐ.ആർ.എസ് ക്ലാസിൽ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളോടും കൂടിയിറങ്ങുന്ന ആദ്യ ബോട്ട് എന്ന പ്രത്യേകതയും ഉണ്ട്. ഇരട്ട എൻജിനാണ് ബോട്ടിൽ ഉള്ളത്.
കായലിൽ വലയും മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങളും കുടുങ്ങി ഒരു എൻജിൻ തകരാറിലായാലും മറ്റേ എൻജിൻ ഉപയോഗപ്പെടുത്തി ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയും. 20 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയുമുള്ള ബോട്ടിന് പത്ത് നോട്ടിക്ക് മൈൽ വേഗമുണ്ട്. പെരുമ്പളത്ത് സർവിസ് നടത്താനൊരുങ്ങുന്ന കറ്റമരൻ ബോട്ടിൽ 75 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്നതോടൊപ്പം എല്ലാവർക്കും എയർ ജാക്കറ്റും 100 ശതമാനം ഫയർ പമ്പ് സംവിധാനവും ഉണ്ടാകും. എറണാകുളം ഫോർട്ട് കൊച്ചി റൂട്ടിലുള്ളതിന് 100 പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും.
വെള്ളിയാഴ്ച 11 മണിക്ക് പെരുമ്പളം പ്രസാദം ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്. ഗതാഗത മന്ത്രി ആൻറണി രാജു ഉദ്ഘാടനം നിർവഹിക്കും. ദലീമ ജോജോ എം.എൽ.എ അധ്യക്ഷത വഹിക്കും. എ.എം ആരിഫ് എം.പി മുഖ്യാതിഥിയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.