പള്ളിപ്പുറത്ത് പ്ലൈവുഡ് കമ്പനിയിൽ വൻ അഗ്നിബാധ
text_fieldsപൂച്ചാക്കൽ: ചേർത്തല-അരൂക്കുറ്റി റോഡിൽ ഒറ്റപ്പുന്ന വടക്ക് പള്ളിപ്പുറം മലബാർ സിമന്‍റ് കമ്പനിക്ക് എതിർവശത്തെ സേഫ് പാനൽ പ്ലൈവുഡ് കമ്പനിയിൽ വൻ അഗ്നിബാധ.
ബുധനാഴ്ച പുലർച്ച രണ്ടോടെ ഉണ്ടായ തീപിടിത്തം എട്ട് മണിക്കൂറിലധികം പരിശ്രമിച്ചതിനൊടുവിലാണ് നിയന്ത്രണവിധേയമായത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽനിന്നായി 16അഗ്നിരക്ഷാസേന യൂനിറ്റ് എത്തി. തീ അണച്ച സ്ഥലങ്ങളിൽനിന്ന് വീണ്ടും തീ ഉയർന്നത് ആശങ്ക പരത്തി.
മുഴുവൻ സമയവും പ്രവർത്തിക്കുന്ന കമ്പനിയായതുകൊണ്ട് നൂറോളം അന്തർസംസ്ഥാന തൊഴിലാളികൾ സംഭവസമയത്ത് അവിടെ ഉണ്ടായിരുന്നെങ്കിലും ആർക്കും അപകടം സംഭവിച്ചില്ല. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഗ്യാസ് റീഫില്ലിങ് യൂനിറ്റിലേക്കും കെമിക്കൽ സൂക്ഷിച്ചിരുന്ന സ്ഥലത്തേക്കും തീ പടരാതിരിക്കാൻ ജാഗ്രത പുലർത്തിയതിനാൽ വൻ അപകടം ഒഴിവായി.
ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
കയറ്റി അയക്കാൻ പ്ലൈവുഡ് ഉണ്ടാക്കി സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് തീ പടർന്നതോടെയാണ് വൻ അഗ്നിബാധ ആയത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. സംസ്ഥാന സർക്കാറിന്‍റെ കീഴിലെ വ്യവസായ വികസന പാർക്കിലാണ് കമ്പനി സ്ഥിതി ചെയ്യുന്നത്. തലശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലെ കമ്പനിയാണ്. കോവിഡിനുശേഷം കമ്പനിയുടെ പ്രവർത്തനം സജീവമാകുന്നതിനിടെയാണ് ഈ അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.