പൂച്ചാക്കൽ ബസ് കാത്തിരിപ്പ് കേന്ദ്രം; പുനർനിർമാണം നിർത്തിവെക്കാൻ നിർദേശം
text_fieldsപൂച്ചാക്കൽ: ചേർത്തല-അരൂക്കുറ്റി റോഡിൽ പൂച്ചാക്കൽ ഇലക്ട്രിസിറ്റി ജങ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പുനർനിർമാണം നിർത്തിവെക്കാൻ നിർദേശം. ഇവിടെയുള്ള നിർമാണം ഗതാഗത തടസങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് നിർദേശം.
പൊതുമരാമത്ത് വകുപ്പ് പട്ടണക്കാട് സെക്ഷൻ അസിസ്റ്റൻറ് എൻജിനീയറാണ് ചേർത്തല അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനിയർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. റോഡ് സുരക്ഷ അതോറിറ്റിയുടെ നിർദേശങ്ങൾക്കനുസരിച്ച് ഈ ഭാഗത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം അനുയോജ്യമാണോയെന്ന് പരിശോധിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കാവുന്നതാണെന്നാണ് റിപ്പോർട്ടിലുള്ളത്. പാണാവള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പുനർനിർമാണ ജോലികൾ നിർത്തിവെക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് ചേർത്തല അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിയോട് നിർദേശിച്ചു. ഇത്തരത്തിലുള്ള നിർമാണം മൂലം റോഡ് ഗതാഗതത്തിനോ കാൽനട യാത്രക്കാർക്കോ അപകടം സംഭവിച്ചാൽ ഉത്തരവാദിത്തം നിർമാണം നടത്തിയവർക്കായിരിക്കുമെന്നും സെക്രട്ടറിക്ക് നൽകിയ കത്തിൽ പറയുന്നു.
തിരക്കേറിയ കവലക്ക് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കുന്നതിനെതിരെ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയിരുന്നു. ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ പുനർനിർമാണം തടഞ്ഞ് സമരം നടത്തിയിരുന്നു. നിലവിലുണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രത്തിന്റെ അപകടസാധ്യത കണക്കിലെടുത്ത് അത് പൊളിച്ച് അതേസ്ഥലത്ത് ആധുനിക രീതിയിൽ പുനർനിർമിക്കാനായിരുന്നു പഞ്ചായത്ത് ലക്ഷ്യമിട്ടിരുന്നത്. പാണാവള്ളി പഞ്ചായത്ത് ഓഫിസ്, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലും ഇത്തരത്തിൽ കാത്തിരിപ്പ് കേന്ദ്രം നിർമിക്കാനും പഞ്ചായത്തിന് തീരുമാനം ഉണ്ടായിരുന്നു. പ്രശ്നം ചർച്ച ചെയ്യുന്നതിനായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ സന്ദർശിക്കുമെന്ന് പാണാവള്ളി പഞ്ചായത്ത് അധികൃതർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.