ഭൂസമര സമിതി സംഗമം അലങ്കോലമാക്കാൻ ശ്രമിച്ച സി.പി.എം നടപടിയിൽ പ്രതിഷേധം
text_fieldsപൂച്ചാക്കൽ: വെൽഫെയർ പാർട്ടിയുടെ കീഴിലെ ഭൂസമര സമിതി പൂച്ചാക്കൽ വ്യാപാര ഭവനിൽ നടത്തിയ ഭൂരഹിതരുടെ സംഗമം അലങ്കോലമാക്കാൻ ശ്രമിച്ച സി.പി.എം ധാർഷ്ട്യം അപലപനീയമാണെന്ന് പാർട്ടി മണ്ഡലം പ്രസിഡന്റ് ടി.എ. റാഷിദ്. യോഗസ്ഥലത്തേക്ക് മുന്നറിയിപ്പില്ലാതെ കയറിവന്ന തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ്, സ്ഥിരം സമിതി ചെയർമാൻ രാജേഷ് വിവേകാനന്ദ എന്നിവരാണ് പ്രശ്നമുണ്ടാക്കിയതെന്ന് പ്രസ്താവനയിൽ ആരോപിച്ചു. ബ്ലോക്ക് പ്രസിഡന്റ് എന്ന നിലയിൽ സംഘാടകർ അദ്ദേഹത്തിനുവേണ്ട പരിഗണന കൊടുത്തെങ്കിലും അത് വകവെക്കാതെ സദസ്സിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ധാർഷ്ട്യത്തോടെ സംസാരിക്കുകയായിരുന്നു. ഭൂരഹിതർക്ക് ഞങ്ങൾ ഭൂമി കൊടുത്തോളാം നിങ്ങളൊന്നും ഇടപെടേണ്ടതില്ല എന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ ഇടപെടൽ. ഭൂസമര സമിതി പ്രവർത്തകർ ഇതിനെ ശക്തമായി ചെറുത്തപ്പോൾ ഭൂരഹിതരോടൊപ്പം എത്തിയ ഏതാനും സി.പി.എം പ്രവർത്തകർ നേതാക്കളാടൊപ്പം സദസ്സിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
വിവിധ പഞ്ചായത്തുകളിൽനിന്ന് എത്തിയ മുപ്പത്തഞ്ചോളം ഭൂരഹിതർ ഭാവി സമരപരിപാടികൾ ആസൂത്രണം ചെയ്യുകയും താലൂക്ക് ഓഫിസ് മാർച്ച് വിജയിപ്പിക്കാൻ തീരുമാനമെടുത്ത് പിരിയുകയുമായിരുന്നു. വെൽഫെയർ പാർട്ടി നേതാക്കളെ കൂടാതെ ഹരിദാസ് അരൂർ, ടെൽമ സേവ്യർ, അമ്മിണി തൈക്കാട്ടുശ്ശേരി തുടങ്ങിയവരും സംസാരിച്ചു.
ജനവിരുദ്ധ നയങ്ങളാൽ ഭരണവിരുദ്ധ വികാരം ശക്തിപ്പെട്ടതിൽ വിറളിപൂണ്ടാണ് സി.പി.എം ഇങ്ങനെയുള്ള ധാർഷ്ട്യത്തിന് തുനിയുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് വി.എ. അബൂബക്കർ പറഞ്ഞു. വൻകിട കോർപറേറ്റ് ഭീമന്മാർ കൈയടക്കി വെച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാൻ ഇടതു സർക്കാറിനുപോലും കഴിയുന്നില്ല എന്ന് മാത്രമല്ല അവർക്ക് ഒത്താശ ചെയ്യുകയാണെന്നും പാർട്ടി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.