ബസും ബോട്ടും നിലച്ചു; യാത്രക്കാർ പെരുവഴിയിൽ: വൈക്കം–എറണാകുളം വേഗ ബോട്ട് സർവിസില്ല
text_fieldsപൂച്ചാക്കൽ: കോവിഡ് പശ്ചാത്തലത്തിൽ ചേർത്തല-അരൂക്കുറ്റി റൂട്ടിൽ നിർത്തിെവച്ച കെ.എസ്.ആർ.ടി.സി സർവിസുകൾ പുനഃസ്ഥാപിക്കാത്തത് യാത്രക്ലേശം രൂക്ഷമാക്കുന്നു. പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ ഉൾപ്പെടെയുള്ളവർക്ക് നിരവധി നിവേദനം നൽകിയിട്ടും പരിഹാരമാകാത്തതിൽ പ്രതിഷേധം വ്യാപകം. പാണാവള്ളി, വടുതല, തൈക്കാട്ടുശ്ശേരി, പെരുമ്പളം, പള്ളിപ്പുറം മേഖലകളിലെ യാത്രക്കാർ ഇതുമൂലം വലയുകയാണ്. രാവിലെയും വൈകീട്ടുമാണ് കുട്ടികൾ ഉൾപ്പെടെയുള്ളവർ ബസുകൾക്കായി നെട്ടോട്ടം ഓടുന്നത്. കിട്ടുന്ന ബസിൽ കോവിഡ് മാനദണ്ഡം നോക്കാതെ തിങ്ങിനിറഞ്ഞ് പോകേണ്ടതും ദുരിതമാവുകയാണ്. സ്കൂളുകളും കോളജുകളും തുറന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
പിറകിൽ യാത്ര ചെയ്യുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതോടെ കുട്ടികൾക്ക് ബൈക്കുകളിൽ ലിഫ്റ്റ് ചോദിച്ച് പോകാനും കഴിയുന്നില്ല. ചേർത്തലയിൽനിന്നു പൂച്ചാക്കൽ, അരൂക്കുറ്റി വഴി സർവിസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി സർവിസുകൾ ഒന്നും പുനരാരംഭിച്ചിട്ടില്ല. ഫോർട്ട് കൊച്ചി, തോപ്പുംപടി, കാക്കനാട്, ആലുവ, നിലമ്പൂർ, കോട്ടയം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്കും സർവിസ് ഉണ്ടായിരുന്നതാണ്. സ്വകാര്യബസുകളിൽ ചിലത് ലാഭകരമല്ലാത്തതിനാൽ ഇനിയും ഓടിത്തുടങ്ങിയിട്ടില്ല. രാത്രി സമയങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വീട്ടിൽ എത്തണമെങ്കിൽ നിരവധി കടമ്പകൾ താണ്ടണം. രാവിലെ ഉണ്ടായിരുന്ന കോട്ടയം, ആലുവ ബസുകൾ ഓടിത്തുടങ്ങാത്തത് മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകേണ്ട സാധാരണക്കാരെ വലക്കുന്നുണ്ട്. ഇരട്ടിയിലധികം പണം മുടക്കിയാലേ പല സ്ഥലത്തും എത്തിപ്പെടാൻ കഴിയൂവെന്നതാണ് സ്ഥിതി.
തിരുവനന്തപുരം ഫാസ്റ്റ് പോയ വഴി കണ്ടില്ല
മൂന്ന് പതിറ്റാണ്ടായി വളരെ പ്രയോജനകരമാകും വിധം അരൂക്കുറ്റിയിൽനിന്ന് രാവിലെ സർവിസ് നടത്തിയിരുന്ന തിരുവനന്തപുരം ഫാസ്റ്റ് നിർത്തിയതിൽ വ്യാപക പ്രതിഷേധമുണ്ട്. കോവിഡിന് മുമ്പുതന്നെ സർവിസ് നിർത്തിയിരുന്നു. അരൂക്കുറ്റി, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം ഭാഗത്തുള്ളവർക്ക് ഇത് വളരെ പ്രയോജനകരമായിരുന്നു. തിരുവനന്തപുരം ആർ.സി.സി ഉൾപ്പെടെയുള്ള പ്രമുഖ ആശുപത്രികളിലെത്താനും സർക്കാർ സംബന്ധമായ ഔദ്യോഗിക ആവശ്യങ്ങൾക്കും ജോലി സംബന്ധമായും കൊല്ലത്തും തിരുവനന്തപുരത്തും എത്താനുള്ള മാർഗമാണ് ഇതോടെ അടഞ്ഞത്.
ഓടിത്തുടങ്ങാതെ അതിവേഗ ബോട്ട്
കോവിഡിൽ നിർത്തിവെച്ച വൈക്കം-എറണാകുളം വേഗ 120 സർവിസ് പുനരാരംഭിക്കാത്തതും യാത്രക്ലേശം രൂക്ഷമാക്കുന്നു. കേരളത്തിലെ ആദ്യ അതിവേഗ ബോട്ടാണിത്. കോട്ടയം, ആലപ്പുഴ, എറണാകുളം തമ്മിൽ ബന്ധിപ്പിക്കുന്ന 40 എ.സി സീറ്റ് ഉൾപ്പെടെ 120 പേർക്ക് വളരെ സൗകര്യപ്രദമായി യാത്രചെയ്യാൻ കഴിഞ്ഞിരുന്ന സർവിസാണിത്. കോവിഡ് പശ്ചാത്തലത്തിൽ വാഹനത്തിരക്കില്ലാതെ ഒരു മണിക്കൂറിൽ എറണാകുളത്ത് എത്തിച്ചേർന്നിരുന്നു. വൈക്കം, പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, പാണാവള്ളി, പെരുമ്പളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ആളുകൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു സർവിസ്. വേഗ ബോട്ടിന് വാർഷിക മെയിൻറനൻസിെൻറ ഭാഗമായാണ് ഓടാത്തതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. സോളാർ ബോട്ടും റോ റോ ബോട്ടും ജലഗതാഗത വകുപ്പ് ഉടൻ നീറ്റിലിറക്കുമെന്നും അവർ പറയുന്നു.
യാത്രദുരിതം പരിഹരിക്കണം-കെ.ആർ. സോമനാഥൻ പെരുമ്പളം
കോവിഡ് പ്രതിസന്ധിക്ക് അയവുവന്നതോടെ വീടുകളിലായിരുന്നവർ പുറത്തിറങ്ങി അവരവരുടെ തൊഴിലുകളിൽ കർമനിരതരായി. ജനങ്ങളുടെ ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിൽ പ്രധാന പങ്ക് യാത്രസൗകര്യങ്ങൾക്കുണ്ട്. അരൂക്കുറ്റി-ചേർത്തല റൂട്ടിൽ ഗതാഗതസൗകര്യം ഇനിയും പൂർവ സ്ഥിതിയിലായിട്ടില്ല. തിരുവനന്തപുരം ഫാസ്റ്റും കോട്ടയം മെഡിക്കൽ കോളജ് ബസും ആലപ്പുഴക്കുള്ള ബസുകളും ഇതുവരെ പുനഃസ്ഥാപിക്കാത്തതിൽ ദുരിതമേറെയാണ്. പെരുമ്പളം ദ്വീപുകാർക്കും ഏറെ പ്രയോജനകരമായ സർവിസുകളാണിവയെല്ലാം. പാണാവള്ളി ജങ്കാർ ജെട്ടിക്ക് സമീപം വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പഴയ ബോട്ട് സ്റ്റേഷൻ കെട്ടിടം യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഈ കെട്ടിടം പൊളിച്ചുനീക്കണമെന്ന ആവശ്യം അധികാരികൾ പരിഗണിച്ചിട്ടില്ല. ജനങ്ങളുടെ സുരക്ഷിത യാത്രക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി സർവിസുകളെല്ലാം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ഉടനുണ്ടാകണം.
'വേഗ 120' തീരദേശക്കാർക്ക് പ്രയോജനകരം-എം.എസ്. ദേവരാജൻ ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ
പെരുമ്പളം പോലുള്ള തീരദേശക്കാർക്ക് വളരെ പ്രയോജനകരമായ സർവിസായിരുന്നു വൈക്കം-എറണാകുളം സർവിസ് നടത്തിയിരുന്ന അതിവേഗ ബോട്ടായ 'വേഗ 120'. ഈ സർവിസ് പുനഃസ്ഥാപിക്കാത്തതിനാൽ വളരെ ബുദ്ധിമുട്ടുകയാണ് സാധാരണക്കാർ. ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ അരൂർ എം.എൽ.എക്കും വൈക്കം എം.എൽ.എക്കും നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല.സംസ്ഥാനത്ത് ആറിലധികം സർവിസ് ആരംഭിച്ചിട്ടും ഒരുസ്ഥലത്തും ഇങ്ങനെ പ്രയോജനകരമായ ഒരുപുതിയ സർവിസ് ആരംഭിക്കാത്തതിൽ പ്രതിഷേധമുണ്ട്. മുഖ്യമന്ത്രി, ധനമന്ത്രി, എം.എൽ.എമാർ, ഡയറക്ടർ എന്നിവർക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ്.
ബഹുജന പ്രക്ഷോഭം വേണം-വൈക്കം-എറണാകുളം അതിവേഗ എം.എസ്. സിയാദ്
ആന്നലത്തോട്ബോട്ട് പുനഃസ്ഥാപിക്കുന്നതോടെ അരൂക്കുറ്റിയിലെ സ്റ്റോപ്പും പ്രാവർത്തികമാക്കാം. മാട്ടേൽ നിവാസികളുടെ പ്രശ്നങ്ങൾ പരിഹരിച്ച് വേണം ഈ നടപടിയുമായി മുന്നോട്ട് പോകാൻ. ഡ്രഡ്ജിങ് ഉടൻ പൂർത്തീകരിക്കണം. ജലഗതാഗത വകുപ്പ് പുറത്തിറക്കുന്ന സോളാർ ബോട്ടുകളും സോളാർ ക്രൂയിസും റോ റോ ബോട്ടുകളും അരൂക്കുറ്റിയുമായി ബന്ധപ്പെടുത്തി സർവിസ് നടത്തണം. റോഡ് ഗതാഗതം ദിവസംതോറും അപകടകരവും ദുഷ്കരവും ആവുകയാണ്. അരൂർ അമ്പലം മുതൽ വൈറ്റില വരെ നല്ല തിരക്കാണ്. നിലവിലെ സർവിസുകൾ പുനരാരംഭിക്കണം. നിർത്തിയ കെ.എസ്.ആർ.ടി.സി സർവിസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ നൽകിയിട്ടും പരിഗണിച്ചിട്ടില്ല. അധികാരികളുടെ കണ്ണുതുറപ്പിക്കാൻ ബഹുജന പ്രതിഷേധം സംഘടിപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.