പൂച്ചാക്കൽ: പേരുവന്ന വഴികൾ പലത്
text_fieldsപൂച്ചാക്കൽ: ഏതാണ്ട് 300 വർഷം മുമ്പ് തിരുവിതാംകൂർ നാട്ടുരാജ്യത്തിന്‍റെ ഭാഗമായിരുന്നു കരപ്പുറം എന്നറിയപ്പെടുന്ന പ്രദേശം. കടൽ മാറി കരയായതെന്ന നിലക്കാണ് കരപ്പുറം എന്ന പേര് വീണത്. പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, പാണാവള്ളി, അരൂക്കുറ്റി എന്നീ സ്ഥലങ്ങളെല്ലാം കടൽമാറി കരയായതാണെന്നാണ് അനുമാനം. ഇവിടങ്ങളിലെ ഭൂമി കുഴിക്കുമ്പോൾ കടലോരത്തെപ്പോലെ കക്കയും വെള്ളമണലും ധാരാളമായി കാണാം. കൊടിയ ദാരിദ്ര്യമുള്ള പഴയ നാളുകളിൽ വലിയ കായലുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന നിരവധി തോടുകൾ 'കുത്തി' എന്നാണ് പറയുന്നത്.
കൊടിയ പട്ടിണിയിൽ ഭക്ഷണം നൽകി ജനങ്ങളെക്കൊണ്ട് നിരവധി വലിയ തോടുകൾ നിർമിച്ചത്രേ! കൂലിയായുള്ള ഭക്ഷണം ജനങ്ങൾക്ക് ആശ്വാസമായിരുന്നു. കൊച്ചിയിലെ പഷ്ണിത്തോടും കുത്തിയതോടും ചിറക്കലിൽനിന്ന് ആരംഭിച്ച് വേമ്പനാട്ടുകായലിൽ അവസാനിക്കുന്ന പൂച്ചാക്കൽ തോടും ഇതിൽ ചിലതുമാത്രം. തോടിന്‍റെ സാന്നിധ്യംകൊണ്ട് മാത്രം വികസിച്ച് വ്യാപാരകേന്ദ്രമായി മാറിയ പട്ടണമാണത്രേ പൂച്ചാക്കൽ. തൈക്കാട്ടുശ്ശേരിയുടെയും പാണാവള്ളി പഞ്ചായത്തിന്റയും അതിരുകൂടിയാണ് പൂച്ചാക്കൽ. പൂഞ്ഞാൻ എന്നും പൂഞ്ഞാട്ടി എന്നും വിളിച്ചുപോരുന്ന തലയിൽ വെള്ളപ്പൊട്ടുള്ള ധാരാളം മീനുകളുള്ള തോട് എന്ന അർഥത്തിൽ പൂഞ്ഞാൻ തോട് പൂച്ചാക്കൽതോട് ആയതാണെന്നും പറയുന്നുണ്ട്. ദാരിദ്ര്യം കൊടികുത്തിയ കാലത്ത്, ആഹാരം തട്ടിമറിച്ചിട്ട് തിന്നുന്ന ശല്യക്കാരായ പൂച്ചകളെ കളയുന്നയിടം എന്ന നിലയിൽ കൗതുകം ഉണർത്തുന്ന ഒരു കഥയും പൂച്ചാക്കലിന്റെ പുരാണചരിത്രത്തിലുണ്ട്. ഈ കഥ പറയുന്നത് കവിയും എഴുത്തുകാരനുമായ പൂച്ചാക്കൽ ഷാഹുൽ തന്നെ.
സ്വന്തം അനുഭവം സാക്ഷ്യപ്പെടുത്തിയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. വീട്ടിലുള്ളവരെ മുഴുപ്പട്ടിണിയിലേക്ക് തള്ളിയിടുന്ന ശല്യക്കാരായ മൂന്നു പൂച്ചകളെ തോടിന്റെ അക്കരെ ചാക്കിലാക്കി കളഞ്ഞ് കുടുംബത്തെ രക്ഷിച്ച പഴയ സാഹസകൃത്യം ഓർമിപ്പിച്ച് അദ്ദേഹം ഇത് സമർഥിക്കുന്നു. വീട്ടിലുള്ളവരെ പട്ടിണിയിലാക്കുന്ന ശല്യക്കാരായ പൂച്ചകളെ ചാക്കിൽ കെട്ടി തോടിന്റെ അപ്പുറത്ത് കളയുന്നതും അങ്ങേക്കരയിലുള്ളവർ തോടിന്റെ ഇപ്പുറത്ത് കളയുന്നതും അക്കാലത്ത് സാധാരണമായിരുന്നു. അങ്ങനെയാണ് ഈ സ്ഥലത്തിന് പൂച്ചാക്കൽ എന്ന് പേരു കിട്ടിയതത്രേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.