പെരുമ്പളം ദ്വീപിൽ യാത്രാക്ലേശം രൂക്ഷം
text_fieldsപൂച്ചാക്കൽ: ജലഗതാഗത വകുപ്പിന്റെ പാണാവള്ളി-പെരുമ്പളം-പൂത്തോട്ട റൂട്ടിലെ യാത്ര ദുഷ്കരമാകുന്നു. ബോട്ട് സർവിസ് അവതാളത്തിലായതോടൊപ്പം വാത്തികാട്-പൂത്തോട്ട ജങ്കാർ സർവിസ് നിലച്ചതും ദ്വീപുകാരെ ദുരിതത്തിലാക്കി.
വാത്തികാട്-പൂത്തോട്ട സർവിസ് വാത്തികാടിൽ കേടായതോടൊപ്പം പാണാവള്ളി-പൂത്തോട്ട ബോട്ടും കേടായതാണ് വിനയായത്. പാണാവള്ളിയിൽനിന്നും എടുത്ത രണ്ടാമത്തെ ബോട്ടിൽ യാത്രക്കാരെ കുത്തിനിറച്ചാണ് കൊണ്ടുപോയത്. തിരക്കായതിനാൽ കാളത്തോട്, വാത്തികാട് ജെട്ടികളിൽ അടുപ്പിക്കാതെ പൂത്തോട്ടയിലേക്ക് പോയതും കാത്തിരുന്ന യാത്രക്കാർക്ക് വിനയായി. ഇറപ്പുഴ-പറവൂർ സർവിസ് ഒരെണ്ണം മുടങ്ങിയതും യാത്രക്കാരെ വലച്ചു.
രണ്ടുദിവസം മുമ്പ് കുറ്റങ്ങൾ തീർത്ത് കൊണ്ടുവന്ന എസ് 39 നമ്പർ ബോട്ടാണ് സർവിസ് തുടരാനാകാതെ ഇറപ്പുഴ നിന്ന് പാണാവള്ളിയിലേക്ക് തിരികെ പോയത്.നിരവധി യാത്രക്കാരാണ് ഇതുമൂലം ബുദ്ധിമുട്ടിലായത്.
75 പേരെ കയറ്റാൻ ശേഷിയുള്ള ബോട്ടിൽ അനിയന്ത്രിതമായ തോതിലുള്ള യാത്രക്കാരുമായാണ് സർവിസ് നടത്തുന്നതെന്ന പരാതിയുമുണ്ട്. വിഷയത്തിൽ ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ ഡയറക്ടർക്കെതിരെ മനുഷ്യാവകാശ കമീഷന് പരാതി നൽകും.
കൂറ്റൻ പമ്പുകളാണ് വെള്ളം വറ്റിക്കാൻ ബോട്ടുകളിൽ വെച്ചിരിക്കുന്നത്. പണി തീർത്ത് കഴിഞ്ഞ ദിവസം വന്ന ബോട്ടിന്റെ അടിത്തട്ടിലെ ദ്വാരം വേണ്ട വിധം അടക്കാതെയാണ് സർവിസിനെത്തിച്ചതെന്നും അതിന് വേണ്ടിയാണ് വെള്ളം പുറത്തേക്ക് കളയാൻ വലിയ പമ്പ് വെച്ചിട്ടുള്ളതെന്നും യാത്രക്കാർ പറയുന്നു.
ജലഗതാഗത വകുപ്പ് ഡയറക്ടറെ ചുമതലയിൽനിന്ന് ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കൃത്യസമയത്ത് ജോലിക്ക് എത്താനും രാത്രി വീട്ടിലെത്താനും യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.