തേങ്ങയിടാൻ സ്ത്രീകൾ 'റെഡി', 65കാരി വനിത ബ്ലോക്ക് അംഗം തെങ്ങിൽകയറി
text_fieldsപൂച്ചാക്കൽ: തെങ്ങ് കയറാൻ ആളെ കിട്ടുന്നില്ലെന്ന പരാതിക്ക് ഇനി വിട. തൈക്കാട്ടുശ്ശേരി ബ്ലോക്കിലെ വിവിധ പഞ്ചായത്തിലെ തെരഞ്ഞെടുത്ത വനിതകളാണ് തെങ്ങ് കയറാൻ മുന്നോട്ടു വന്നത്. മഹിള കിസാൻ ശാക്തി കിരൺ പരിയോജന പദ്ധതികളുടെ ഭാഗമായി ഇവർക്ക് പരിശീലനം നൽകും. 65കാരിയായ റിട്ട. അധ്യാപികയും ബ്ലോക്ക് പഞ്ചായത്തംഗവുമായ ശോഭന ടീച്ചർ നിമിഷനേരം കൊണ്ട് ഏഴ് മീറ്റർ ഉയരമുള്ള തെങ്ങിൽ കയറിയത് പരിശീലനത്തിന് എത്തിയ യുവതികൾക്ക് ആവേശമായി.
പെരുമ്പളത്ത് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി. ആശ തെങ്ങിൽ കയറിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. പരിശീലനം സിദ്ധിച്ച വനിതകളെ ഉൾപ്പെടുത്തി ലേബർ ബാങ്ക് രൂപവത്കരിച്ച് കായികക്ഷമത കൃഷിയിൽ ഉപയോഗപ്പെടുത്താനും ലക്ഷ്യമിടുന്നുണ്ട്. പരിശീലനത്തിന് നേതൃത്വം നൽകുന്നത് എം.കെ.എസ്.പി ജില്ല കോഓഡിനേറ്റർ വേണുവും ബ്ലോക്ക് പഞ്ചായത്ത് വനിത ക്ഷേമ ഓഫിസർ ഡേവിഡ് ജോസുമാണ്. ട്രാക്ടർ, യന്ത്രവത്കൃത ഞാറുനടീൽ, മഴവെള്ള സംഭരണം തുടങ്ങിയവയിലും പരിശീലനം നടത്തും. തൊഴിൽദാനം ലക്ഷ്യമിട്ട് ആരംഭിച്ചിട്ടുള്ള പരിശീലനത്തിന് താൽപര്യമുള്ള യുവതികൾ ബ്ലോക്ക്, പഞ്ചായത്ത് എന്നിവിടങ്ങളിൽ അപേക്ഷ നൽകണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം. പ്രമോദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.