പോസ്റ്റ്മോർട്ടം നടക്കണോ? ഉപകരണങ്ങൾ വാങ്ങിനൽകണം
text_fieldsഅരൂക്കുറ്റി: പോസ്റ്റ്മോർട്ടം ചെയ്യാനുള്ള ബ്ലേഡ് പോലുമില്ലാതെ അരൂക്കുറ്റി ആശുപത്രിയിലെ പോസ്റ്റുമോർട്ടം കേന്ദ്രം. സമീപത്തെ സ്റ്റേഷനറി കടയിൽ നിന്ന് ബന്ധുക്കൾ ഉപകരണങ്ങൾ വാങ്ങി നൽകിയാലാണ് പോസ്റ്റ്മോർട്ടം നടത്തിക്കിട്ടുന്നത്. മെഡിക്കൽ സ്റ്റോറുകളിൽ 800 രൂപക്ക് കിട്ടുന്ന ഉപകരണങ്ങൾ 1300 -1500 രൂപക്കാണ് ഈ കടയിൽ വിൽക്കുന്നതെന്ന പരാതിയുണ്ട്.
ചേർത്തല താലൂക്ക് ആശുപത്രിയിലും, തുറവൂർ ആശുപത്രിയിലും പുതിയ കെട്ടിടം നിർമിക്കുന്നതിനാൽ പോസ്റ്റ്മോർട്ടം അരൂക്കുറ്റി സി.എച്ച്.സി യിലേക്ക് മാറ്റിയിരുന്നു. ഇതിനാവശ്യമായ ബ്ലേഡ്, തുണി, കൈയ്യുറ തുടങ്ങിയവ ആശുപത്രിയിൽ തന്നെ ഉണ്ടാകണമെന്ന നിബന്ധനയുണ്ടെങ്കിലും ഇവിടെ ലഭ്യമല്ല. മൃതദേഹവുമായി എത്തുന്ന ബന്ധുക്കളെ കടയിലേക്ക് പറഞ്ഞുവിട്ട് അമിത വിലക്ക് കിറ്റ് വാങ്ങിപ്പിക്കുന്നുവെന്ന പരാതി ഉയർന്നിരുന്നു.
വിജിലൻസ് നടത്തിയ പരിശോധനയിൽ സ്റ്റേഷനറി കടയിൽ സർജിക്കൽ ഉപകരണങ്ങൾ വിൽക്കാൻ സൂക്ഷിച്ചതായി കണ്ടെത്തി. ജില്ലാ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് വിവരം കൈമാറി. ഡ്രഗ്സ് കൺട്രോൾ വിഭാഗം തുടർനടപടികൾ സ്വീകരിച്ചു.
ഇൻസ്പെക്ടർ എം.കെ പ്രശാന്ത്കുമാറിന്റെ നേതൃത്വത്തിലായിരുന്നു വിജിലൻസ് പരിശോധന.പരിശോധന നടക്കുന്നത് നല്ലതാണെങ്കിലും അരൂക്കുറ്റി ആശുപത്രിയിൽ പോസ്റ്റ്മോർട്ടം കിറ്റ് ലഭ്യമാക്കാനുള്ള നടപടികളും ഇതിനൊപ്പം ഉണ്ടാകണമെന്ന് നാട്ടുകാർ.
ആശുപത്രിയിൽ തന്നെ കിറ്റ് ലഭ്യമാക്കിയാൽ തീരുന്ന പ്രശ്നമാണിത്. പോസ്റ്റ്മോർട്ടം കിറ്റിന് 1500 രൂപയല്ല 2000 രൂപ പറഞ്ഞാലും വാങ്ങിക്കൊടുത്താൽ മാത്രമാണ് പോസ്റ്റ്മോർട്ടം നടത്തിക്കിട്ടൂ എന്ന അവസ്ഥ മാറണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.