പണ്ടാരക്കളം മേൽപാലം; വൈദ്യുതിലൈൻ കടന്നുപോകുന്ന ടവർ ഉയർത്തും
text_fieldsആലപ്പുഴ: എ.സി റോഡിൽ പണ്ടാരക്കളം മേൽപാലം നിർമാണത്തിന് തടസ്സമായ വൈദ്യുതി ട്രാൻസ്മിഷൻ വിഭാഗത്തിന്റെ എച്ച്.ടി (ഹൈ ടെൻഷൻ) ടവർ ഉയർത്തും.
സമീപത്തെ പാടശേഖരത്തിന്റെ കൊയ്ത്ത് പൂർത്തിയാക്കിയതിന് പിന്നാലെയാണ് നടപടി. ടവറിനടുത്തേക്ക് നിർമാണ സാമഗ്രികളടക്കം എത്തിക്കാൻ പാടശേഖരത്തിൽ മണ്ണിട്ട് ഉയർത്തി താൽക്കാലിക റോഡ് നിർമിക്കുന്ന ജോലികൾ ആരംഭിച്ചു. മേൽപാലത്തിന് മുകളിലൂടെ കടന്നുപോകുന്ന 110 കെ.വി വൈദ്യുതി ലൈൻ മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച തടസ്സങ്ങളാണ് നിർമാണം മാസങ്ങളോളം നീണ്ടത്.
വൈദ്യുതി ലൈൻ ഉയർത്തി നിർമിക്കാൻ കെ.എസ്.ഇ.ബിയുമായി ധാരണയിൽ എത്തിയെങ്കിലും സമീപത്തെ പാടശേഖരങ്ങളിൽ രണ്ടാംകൃഷി നടക്കുന്നതിനാൽ നിർമാണം മാറ്റിവെക്കുകയായിരുന്നു. ടവർ ഉയർത്തി വൈദ്യുതി ലൈൻ മാറ്റിസ്ഥാപിക്കാൻ 60 ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. നിർമാണത്തിന് 2.70 കോടി രൂപയാണ് അനുവദിച്ചത്.
നിലവിൽ ആലപ്പുഴ-ചങ്ങനാശ്ശേരി പാതയിൽ പാലത്തിന്റെ ഇടതുഭാഗത്തെ ടവറാണ് ഉയർത്തി നിർമിക്കുന്നത്. പണ്ടാരക്കളം മേൽപാലത്തിന്റെ അവശേഷിക്കുന്ന രണ്ട് സ്പാനുകളുടെ സ്ലാബ് കോൺക്രീറ്റിങ് പൂർത്തിയാക്കിയെങ്കിലും വൈദ്യുതി ലൈൻ തടസ്സമായിരുന്നു.
പുതിയ ടവർ നിർമിക്കുകയും പാലത്തിന്റെ വലതുഭാഗത്തെ പാടശേഖരത്തിന് നടുവിലെ ടവറിൽ അറ്റകുറ്റപ്പണി നടത്തി ക്രോസ് ആമുകൾ ഉയർത്തും.
പൊങ്ങക്കും പണ്ടാരക്കളത്തിനും ഇടയിൽ 610 മീറ്റർ നീളത്തിൽ 25 സ്പാനുകളിലാണ് മേൽപാലം നിർമാണം.
റോഡ് നിർമാണവേളയിലെ ഡിസൈനിൽ മാറ്റം വരുത്തിയതും പ്രതിസന്ധി സൃഷ്ടിച്ചു. സമീപത്തെ പാടശേഖരങ്ങളിലെ നെല്ല് സംഭരണത്തിന് അടക്കം തടസ്സമുണ്ടാകാതിരിക്കാൻ മേൽപാലത്തിന്റെ ഉയരം കൂട്ടണമെന്ന ആവശ്യം പരിഗണിച്ചാണ് എസ്റ്റിമേറ്റിൽ മാറ്റം വരുത്തിയത്. പുതുക്കിയ ഡിസൈൻ പ്രകാരം ഉയരം കൂട്ടേണ്ടി വന്നതാണ് വൈദ്യുതി ലൈൻ തടസ്സമാകാൻ കാരണമായത്. ടവർ നിർമാണംകൂടി തുടങ്ങിയതോടെ പണ്ടാരക്കളത്തെ ഒറ്റവരിപ്പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും. നിലവിൽ സർവിസ് റോഡിലൂടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്.
രാവിലെയും വൈകീട്ടും അവധിദിവസങ്ങളിലും ഇരട്ടിയിലധികം വാഹനങ്ങൾ സഞ്ചരിക്കുന്നതിനാൽ കുരുക്ക് പലപ്പോഴും നിയന്ത്രണാതീതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.