ജല അതോറിറ്റിയുടെ വെള്ളത്തിലും കോളിഫോം ബാക്ടീരിയ സാന്നിധ്യം
text_fieldsആലപ്പുഴ: നഗരത്തിൽനിന്ന് ശേഖരിച്ച 21 കുടിവെള്ള സാംപിളുകളിൽ പത്തും മലിനം. വയറിളക്കം ബാധിച്ച കുട്ടികളിൽ നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ ഒരുകുട്ടിക്ക് നോറോ വൈറസും മറ്റൊരു കുട്ടിക്ക് എന്ററോ വൈറസുമാണ് സ്ഥിരീകരിച്ചത്.
ജലഅതോറ്റി വിതരണം ചെയ്ത കുടിവെള്ളം, ആർ.ഒ. പ്ലാന്റിൽനിന്നുള്ള വെള്ളം, കുഴൽകിണറുകളിൽനിന്ന് ശേഖരിച്ച വെള്ളം എന്നിവ പരിശോധിച്ചപ്പോഴാണ് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. 100 മില്ലിലിറ്റർ വെള്ളത്തിൽ 18 മുതൽ 22വരെയാണ് ബാക്ടീരിയയുടെ സാന്നിധ്യം.
ജല അതോറിറ്റിയുടെ പൈപ്പുപൊട്ടി വെള്ളത്തിൽ മാലിന്യം കലർന്നതാകാമെന്നാണ് സംശയം. റോഡുകൾ, കാനകൾ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന പൈപ്പുകൾ പലയിടത്തും പൊട്ടിയിട്ടുണ്ട്. നഗരസഭയും ആരോഗ്യവകുപ്പ് അധികൃതരും നിർദേശിച്ചിട്ടും ഇവ പൂർണമായും മാറ്റാൻ ജല അതോറിറ്റി തയാറായിട്ടില്ല. ഇതാണ് രോഗാണുക്കളുടെ വ്യാപനത്തിന് ഇടയാക്കിയതെന്നാണ് ആക്ഷേപം.
ആദ്യഘട്ട പരിശോധനഫലം വന്നപ്പോൾ ആർ.ഒ പ്ലാന്റിലെ വെള്ളം മാത്രമാണ് പരിശോധനക്ക് വിധേയമാക്കിയത്. അന്ന് കോളിഫോം സാന്നിധ്യം 32വരെ കണ്ടെത്തി. ഇതേതുടർന്ന് ആർ.ഒ വെള്ളവും കുപ്പികളിലെത്തുന്ന വെള്ളവും തിളപ്പിച്ചാറ്റിയശേഷമേ ഉപയോഗിക്കാവൂവെന്ന് നിർദേശം നൽകിയിരുന്നു. ഇനിയും കുടിവെള്ള സാംപിളുകളുടെ പരിശോധനഫലം ലഭിക്കാനുണ്ട്. ആരോഗ്യവകുപ്പ് ശേഖരിച്ച സാംപിളുകളുടെ പരിശോധനഫലമാണിത്. ഭക്ഷ്യസുരക്ഷ വകുപ്പ് ശേഖരിച്ച സാംപിളുകളുടെ ഫലം വരാനിരിക്കുന്നേ ഉള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.