വിലയിൽ കുതിപ്പ്; കരിഞ്ചന്തയിൽ മണ്ണെണ്ണ, രൂക്ഷപ്രതിസന്ധിയിൽ മത്സ്യബന്ധന മേഖല
text_fieldsആലപ്പുഴ: മണ്ണെണ്ണയുടെയും ഡീസലിെൻറയും വില അനുദിനം കുതിച്ചുയരുമ്പോൾ തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ് മത്സ്യബന്ധനമേഖല. ചെലവിനൊത്ത് വരുമാനം ലഭിക്കാത്തതിനാൽ മുറിവള്ളങ്ങളിൽ പണിക്കുപോകുന്നവരടക്കം പരമ്പരാഗത മീൻപിടിത്ത തൊഴിലാളികൾ പലരും വിട്ടുനിൽക്കുകയാണ്. മത്സ്യബന്ധന മേഖലക്ക് ആവശ്യമുള്ള മണ്ണെണ്ണയുടെ ചെറിയ അളവുപോലും സർക്കാർ ലഭ്യമാക്കുന്നില്ലെന്നത് രൂക്ഷമായ പ്രശ്നമാണ്. യാനങ്ങളിലെ ഔട്ട്ബോർഡ് എൻജിൻ പ്രവർത്തിപ്പിക്കാൻ വേറെ വഴിയില്ലാത്തതിനാൽ മത്സ്യത്തൊഴിലാളികളും യാനം ഉടമകളും കരിഞ്ചന്തയിൽനിന്ന് കൂടിയ വിലയിൽ മണ്ണെണ്ണ വാങ്ങേണ്ട സ്ഥിതിയാണ്. വേണ്ടത്ര മണ്ണെണ്ണ കിട്ടാത്തതിന് പുറമെയാണ് വിലവർധനയും കേന്ദ്രസർക്കാറിെൻറ വെട്ടിക്കുറക്കലും.
മണ്ണെണ്ണ ലിറ്ററിന് 123.19 രൂപയാണിപ്പോൾ. മാർച്ച് 17ന് മുമ്പ് ലിറ്ററിന് 104 രൂപയായിരുന്നു വില. മത്സ്യഫെഡിെൻറ പമ്പുകളിൽനിന്ന് പെർമിറ്റുള്ള ജലയാനങ്ങൾക്ക് 25 രൂപ സബ്സിഡി നിരക്കിൽ മണ്ണെണ്ണ ലഭിക്കും. വില കുതിച്ചുയർന്നിട്ടും സബ്സിഡി വർധിപ്പിക്കാത്തതാണ് ദുരിതം. 2016വരെ കേരളത്തിൽ മണ്ണെണ്ണ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 9.9 എച്ച്.പി എൻജിന് 129 ലിറ്ററും 15 എച്ച്.പി എൻജിന് 136 ലിറ്ററും 25 എച്ച്.പി എൻജിന് 180 ലിറ്ററും മണ്ണെണ്ണ ലിറ്ററിനു 13 രൂപക്ക് സബ്സിഡി നിരക്കിൽ ലഭിച്ചിരുന്നു. 1981-85 കാലത്ത് പി.എസ്. ശ്രീനിവാസൻ ഫിഷറീസ് മന്ത്രിയായിരിക്കെയാണ് വിദേശത്തുനിന്ന് ഔട്ട്ബോർഡ് എൻജിനുകൾ ഇറക്കുമതി ചെയ്ത് മത്സ്യത്തൊഴിലാളികൾക്കു നൽകിത്തുടങ്ങിയത്. പെട്രോൾ ഉപയോഗിച്ച് സ്റ്റാർട്ട് ചെയ്യുകയും തുടർന്ന് മണ്ണെണ്ണയിൽ പ്രവർത്തിക്കുകയുമാണ് ഈ എൻജിനുകളുടെ രീതി. അന്ന് മാസം 420 ലിറ്റർ മണ്ണെണ്ണ റേഷൻ വിലയിൽ നൽകിയിരുന്നു. ലിറ്ററിന് ഒമ്പത് രൂപയായിരുന്നു വില. അക്കാലത്ത് തന്നെ ആവശ്യമുള്ളതിലും വളരെ കുറച്ച് മണ്ണെണ്ണയാണ് സർക്കാർ നൽകിയിരുന്നത്. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് റേഷൻ വിലയിൽ ലഭിക്കുന്ന മണ്ണെണ്ണയുടെ അളവ് 129 ലിറ്ററായി കുറച്ചു. ഒരു യാനത്തിന് മാസം 600-700 ലിറ്റർ മണ്ണെണ്ണ വേണ്ടിവരുമെന്നാണ് തൊഴിലാളികൾ പറയുന്നത്. 9.9 കുതിരശക്തിയുള്ള എൻജിന് ദിവസം ശരാശരി 30 ലിറ്റർ മണ്ണെണ്ണ വേണം.
കരിഞ്ചന്തയിൽ ഏജന്റുമാരിൽനിന്ന് മണ്ണെണ്ണ വാങ്ങാൻ യഥാർഥ വിലയുടെ ഇരട്ടി നൽകണം. ഇനി ലിറ്ററിന് 100 രൂപയിലേറെ അധികം നൽകേണ്ടിവരും. വരുമാനത്തിെൻറ വലിയ പങ്ക് മണ്ണെണ്ണക്ക് ചെലവാകുമെന്നാണ് യാനം ഉടമകൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.