ചെറിയ തെറ്റല്ല; ജീവൻ വെച്ചുള്ള പരീക്ഷണം
text_fieldsആലപ്പുഴ: സ്വകാര്യ ക്ലിനിക്കൽ ലാബുകൾക്കെതിരെയും സ്കാനിങ് സെന്ററുകൾക്കെതിരെയും നിരവധി പരാതി ഉയർന്നിട്ടും ആരോഗ്യവകുപ്പ് അനങ്ങുന്നില്ലെന്ന് ആക്ഷേപം. ജീവൻവെച്ചുള്ള കളിയിൽ ഇരയാകുന്നത് സാധാരണക്കാരാണ്. പരിശോധന ഫലം ഒന്നു മാറിപ്പോയാൽ മാറിമറിയുന്നത് ജീവിതം തന്നെയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ആലപ്പുഴ വനിത-ശിശു ആശുപത്രിയിൽ അസാധാരണ വൈകല്യവുമായി പിറന്ന നവജാതശിശുവിന്റെ കണ്ണീർകാഴ്ച. ആലപ്പുഴ ലജനത്ത് വാർഡ് നവറോജി പുരയിടത്തിൽ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞിനാണ് വൈകല്യം കണ്ടെത്തിയത്.
അധികാരികൾ ചോദിക്കാനും പറയാനും വരാത്ത ബിസിനസ് സംരംഭമായി ലാബോറട്ടറികൾ മാറിയെന്ന ആരോപണമാണ് ഉയരുന്നത്. വീഴ്ചകൾ ധാരാളം സംഭവിച്ചാലും ഒരു നടപടിയുമില്ലെന്നതാണ് യാഥാർഥ്യം. ഇതുസംബന്ധിച്ച് കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ജി. രാജേന്ദ്രൻ നൽകിയ പരാതിക്ക് ഇനിയും പരിഹാരമുണ്ടായിട്ടില്ല. ഇത്തരം ഗുണനിലവാര പരിശോധന നടത്തുന്നതിൽ അധികൃതർ കാട്ടുന്ന ഉദാസീനത രോഗനിർണയ കേന്ദ്രങ്ങളുടെ അഴിഞ്ഞാട്ടത്തിന് വഴിയൊരുക്കിയെന്നതാണ് പ്രധാനപരാതി.
നിരക്ക് ഏകീകരിക്കണം
പരിശോധനകളുടെ നിരക്ക് ഏകീകരിക്കാൻ ആരോഗ്യവകുപ്പ് ഫലപ്രദമായി ഇടപെടുന്നില്ല. നിരക്കുകൾ പ്രദർശിപ്പിക്കണമെന്ന നിർദേശത്തിന് പുല്ലുവിലയാണ്. എം.ആർ.ഐ, സി.ടി, യു.ടി സ്കാനുകളുടെ നിരക്കുകൾ ഏകോപിക്കാൻ നടപടിയുണ്ടായിട്ടില്ല.
ചികിത്സ നിരക്കുകൾ പ്രദർശിപ്പിക്കണമെന്ന് നിക്ഷ്കർഷിക്കുന്ന കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമത്തിലെ വ്യവസ്ഥക്കെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിഷേയൻ ഹൈകോടതിയിൽ നൽകിയ ഹരജിക്ക് പിന്നാലെ വന്ന ഉത്തരവ് നിലനിൽക്കുന്നതിനാൽ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാനാവില്ലെന്നാണ് വിവരവകാശനിമയപ്രകാരം നൽകിയ മറുപടിയിൽ അധികൃതർ പറയുന്നത്.
ഓരേ ക്ലിനിക്കൽ സ്ഥാപനങ്ങളും നൽകുന്ന സേവനങ്ങളും ഈടാക്കുന്ന ഫീസും പാക്കേജ് നിരക്കും മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കണമെന്ന ഉത്തരവ് നിലനിൽക്കെയാണ് ഈവിചിത്രവാദം.
ഗുണനിലവാര രജിസ്റ്റർ എവിടെ?
ഓരോ ലാബിലെയും ഉപകരണങ്ങളുടെയും മറ്റും ഗുണനിലവാര റജിസ്റ്റർ കൃത്യമായി സൂക്ഷിക്കണമെന്ന് നിർദേശമുണ്ട്. എന്നാൽ, പല ലാബുകളിലും ഇക്കാര്യം അപ്ഡേറ്റ് ചെയ്യാറില്ല. സാമ്പിൾ പരിശോധനക്ക് നിലവാരം കൂടിയതും കുറഞ്ഞതുമായ റീഏജന്റുകൾ ഉണ്ട്. നിലവാരം കൂടിയ റീഏജന്റുകൾ ഉപയോഗിച്ചാൽ കൂടുതൽ കൃത്യമായ ഫലം ലഭിക്കും. എന്നാൽ, ചെലവു കുറക്കാൻ പല ലാബുകളിലും നിലവാരം കുറഞ്ഞ റീഏജന്റുകളാണ് ഉപയോഗിക്കുന്നതെന്ന് പരാതിയുണ്ട്. എം.ആർ.ഐ, യു.ടി, സി.ടി സ്കാൻ മെഷീനുകൾ നൽകുന്ന ഇമേജുകൾ വിശദീകരിക്കുന്ന റേഡിയോളജിസ്റ്റിന്റെ യോഗ്യത പരിശോധന സർക്കാർ തലത്തിലാണ് നിർവഹിക്കപ്പെടുന്നത്.
പലതരത്തിലുള്ള രോഗാണുക്കളെ കൈകാര്യം ചെയ്യുമ്പോൾ അസുഖത്തിന്റെ തീവ്രതക്ക് അനുസരിച്ച് സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ വ്യത്യസ്തമാണ്. ഈ സുരക്ഷ മാനദണ്ഡം ആസ്പദമാക്കിയാണ് ലാബുകളെ പലതരത്തിലെ ബയോ സേഫ്റ്റി ലെവൽസ് (ബി.എസ്.എൽ) അഥവ ജൈവ സുരക്ഷ ലൈസൻസ് നൽകുന്നത്. മാനദണ്ഡം നിശ്ചയിക്കാൻ ക്വാളിറ്റി കൺട്രോൾ സംവിധാനമുണ്ട്. കേരളത്തിൽ വിവിധ ജില്ലകളിലായി 4407 ക്ലിനിക്കൽ ലാബുകളും 113 താൽക്കാലിക ലാബോറട്ടറികളും പ്രവർത്തിക്കുന്നുവെന്നാണ് കണക്ക്. ഇത്തരം സെന്ററുകളുടെ സേവനങ്ങൾക്കും രോഗികളിൽനിന്ന് ഈടാക്കുന്ന നിരക്കുകളെക്കുറിച്ചും ഏകോപനമുണ്ടാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.