കയർ മേഖല പ്രതിസന്ധിയിൽ
text_fieldsആലപ്പുഴ: വിപണിയിൽ ഇടിവുവന്നതും ഓർഡർ കിട്ടാത്തതിനാൽ ഉൽപന്നങ്ങൾ കെട്ടിക്കിടക്കുന്നതുംമൂലം കയർ മേഖലയിൽ തൊഴിൽ സ്തംഭനം. പണി ഇല്ലാതാകുന്നത് കൂടാതെ കൂലി മുടങ്ങുന്നതും പതിവായി.
മേളകൾ നടത്തിയും കയറ്റുമതി ഓർഡറുകൾ നേടിയും കയർവ്യവസായ മേഖലയെ പുനരുദ്ധരിക്കുമെന്ന് പ്രഖ്യാപനങ്ങളുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല. ആനുകൂല്യങ്ങളുടെ കാര്യത്തിലും ഇതൊക്കെത്തന്നെ സ്ഥിതി. പണിയും കൂലിയും പതിവായി മുടങ്ങുന്നതിനാൽ പല തൊഴിലാളികളും വിട്ടുപോയി. ഉൽപാദനത്തിൽ തൊണ്ട് മുതലുള്ള ഓരോ ഘട്ടത്തിലും പണിയെടുക്കുന്നവരും അവരുടെ സംഘങ്ങളും ചെറു യൂനിറ്റുകളുമൊക്കെ പ്രതിസന്ധി നേരിടുകയാണ്. കുറഞ്ഞ കൂലിയും പ്രശ്നമാണ്. പകൽ മുഴുവൻ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളിക്ക് കിട്ടുന്നത് 350 രൂപയാണ്. ഫാക്ടറി മേഖലയിൽ സേവന, വേതന വ്യവസ്ഥ രണ്ട് വർഷം മുമ്പ് പുതുക്കിയെങ്കിലും നടപ്പാക്കിയിട്ടില്ല.
കയർമേഖലയിൽ തൊഴിൽ സ്തംഭനമുണ്ടെന്നും കയറിന്റെയും ഉൽപന്നങ്ങളുടെയും കയറ്റുമതിയിൽ കയർഫെഡ്, കയർ കോർപറേഷൻ എന്നീ പൊതുമേഖല സ്ഥാപനങ്ങൾ കാര്യമായ പങ്കുവഹിക്കുന്നില്ലെന്നും സി.പി.എം സമ്മേളനങ്ങളിൽ വിമർശനമുയർന്നിരുന്നു. ഭരണപക്ഷ യൂനിയനുകളടക്കം സമരത്തിനൊരുങ്ങുകയാണ്. സർക്കാർ-സഹകരണ സംവിധാനങ്ങളിലൂടെ സഹായം കിട്ടുന്നില്ലെന്ന വിമർശനവുമുണ്ട്.
സംസ്ഥാനത്ത് അറുനൂറോളം കയർപിരി സംഘങ്ങളുണ്ട്. ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കുകളിൽ മാത്രം 335 എണ്ണം. ഇവ ഉൽപാദിപ്പിക്കുന്ന കയർ അധികവും കെട്ടിക്കിടക്കുകയാണിപ്പോൾ. കയർഫെഡിന് വിറ്റത് അവിടെയും കിടക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ വിലയിൽ കയർ കിട്ടുന്നതിനാൽ വലിയ കമ്പനികൾ ഇവിടെനിന്ന് വാങ്ങാത്തതാണ് മുഖ്യപ്രശ്നം.
വലിയ കമ്പനികൾക്ക് ലഭിക്കുന്ന വിദേശ ഓർഡറുകൾ കയർ കോർപറേഷൻവഴി സംസ്ഥാനത്തെ നാൽപതിലേറെ ഉൽപാദക സംഘങ്ങൾക്ക് നൽകണമെന്നാണ് വ്യവസ്ഥ. ഇത് ഫലപ്രദമായി നടക്കുന്നില്ല. പല കയറ്റുമതിക്കാരും ഉൽപന്നങ്ങൾ വാങ്ങുന്നത് ഇടനിലക്കാർ വഴിയാണ്. ഇക്കാരണത്താൽ എണ്ണായിരത്തോളം ചെറുകിട ഉൽപാദകരും അവരുടെ കുടുംബാംഗങ്ങളും നാൽപതിനായിരത്തോളം തൊഴിലാളികളും പ്രതിസന്ധിയിലാണെന്ന് കയർ തൊഴിലാളി യൂനിയൻ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. സഹകരണ സംഘങ്ങളിൽനിന്ന് കയർഫെഡ് വാങ്ങിയ കയറിന്റെ വില ഇനത്തിൽ കോടികൾ കുടിശ്ശികയുണ്ട്. വിപണിയിലെക്കാൾ കുറഞ്ഞ വിലയ്ക്ക് ചകിരി സംഭരിച്ച് സംഘങ്ങൾക്ക് നൽകേണ്ട കയർഫെഡ് നിലവാരമില്ലാത്ത ചകിരിയാണ് നൽകുന്നതെന്നും സംഘം ഭാരവാഹികൾ ആരോപിക്കുന്നു. കേരളത്തിന് ആവശ്യമുള്ള ചകിരിയുടെയും കയറിന്റെയും 40 ശതമാനം മാത്രമേ ഇവിടെ ഉൽപാദിപ്പിക്കുന്നുള്ളൂ. 60 ശതമാനവും തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നെത്തുകയാണ്.
സർക്കാറിന്റെ സബ്സിഡിയും സൗജന്യമായി യന്ത്രങ്ങളും ലഭിച്ചിട്ടും കേരളത്തിന് ചകിരി, കയർ ഉൽപാദനത്തിൽ നേട്ടമുണ്ടാക്കാനാകുന്നില്ല. ഇവിടെ ചകിരിയും കയറും ഉൽപാദിപ്പിക്കാൻ ചെലവഴിക്കുന്ന തുകയുടെ 60 ശതമാനം മതി തമിഴ്നാട്ടിലും കർണാടകയിലും കേരളത്തിലേതിനെക്കാൾ മെച്ചപ്പെട്ട ചകിരിയും കയറും ഉൽപാദിപ്പിക്കാൻ. ഉൽപാദന കേന്ദ്രങ്ങൾ മുതൽ കയർ കോർപറേഷൻ, കയർഫെഡ് തുടങ്ങിയ പൊതുസ്ഥാപനങ്ങളിൽവരെ കെടുകാര്യസ്ഥതയാണ് നഷ്ടത്തിന് മുഖ്യകാരണം. സംസ്ഥാനത്തെ മിക്ക ജില്ലകളിലും നല്ല തൊണ്ട് ലഭിക്കുമെങ്കിലും സംഭരിക്കാൻ കഴിയുന്നില്ല. കേരളത്തിലെ തൊണ്ട് മുൻകൂർ വില നൽകി തമിഴ്നാട്ടിലെ സ്ഥാപനങ്ങൾ വാങ്ങിക്കൊണ്ടു പോകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.