തുറവൂർ ആശുപത്രിയിലെ പഴയ കെട്ടിടം പൊളിക്കാത്തതിൽ പ്രതിഷേധം
text_fieldsഅരൂർ: സർക്കാർ കിഫ്ബി പദ്ധതിവഴി നിർമിക്കുന്ന തുറവൂർ താലൂക്ക് ആശുപത്രിയുടെ ആധുനിക ബ്ലോക്കിെൻറ നിർമാണത്തിന് തടസ്സമായി നിൽക്കുന്ന പഴയ കെട്ടിടം പൊളിച്ചുനീക്കാത്തതിൽ പ്രതിഷേധം. ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള 1.2 ഏക്കർ സ്ഥലത്ത് ആറ് നിലകളായി 5960 ചതുരശ്രമീറ്റർ വിസ്തീർണത്തിലാണ് കെട്ടിടം നിർമിക്കുന്നത്. 51.40 കോടിയാണ് അനുവദിച്ചത്. പുതിയ കെട്ടിടത്തിെൻറ രണ്ട് തൂണുകൾ സ്ഥാപിക്കേണ്ട ഭാഗത്ത് പഴയ കെട്ടിടം നിൽക്കുന്നുണ്ട്. ഈ കെട്ടിടം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് 2019 അവസാനം ആശുപത്രി അധികൃതർ ബ്ലോക്ക് പഞ്ചായത്ത് കീഴിലുള്ള പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാർക്ക് കത്ത് നൽകി. എന്നാൽ, യാതൊരു നീക്കവും നടത്തിയിരുന്നില്ല.
ഇതേതുടർന്ന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് കലക്ടർ വിളിച്ച യോഗത്തിൽ എ.എം. ആരിഫ് എം.പി, ഷാനിമോൾ ഉസ്മാൻ എം.എൽ.എ എന്നിവർ തടസ്സമായി നിൽക്കുന്ന കെട്ടിടം പൊളിച്ചുനീക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് ഉദ്യോഗസ്ഥർ ഉടൻ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞെങ്കിലും പിന്നീട് ഒരു നീക്കവും ഉണ്ടായിട്ടില്ല.
സംസ്ഥാന ഭവന നിർമാണ ബോർഡിനാണ് കെട്ടിടത്തിെൻറ നിർമാണച്ചുമതല. ആധുനിക സൗകര്യങ്ങളോടെയുള്ള ട്രോമ കെയർ യൂനിറ്റ്, എക്സ്റേ, സി.ടി സ്കാൻ, ഓപറേഷൻ തിയറ്റർ കോംപ്ലക്സ്, ഐ.സി.യു, 150 രോഗികൾക്കുള്ള വാർഡ് എന്നിവയും കെട്ടിടത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതുകൂടാതെ മറ്റു നിരവധി വികസന പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.