പുഞ്ചക്കൊയ്ത്ത്; കിഴിവിനെച്ചൊല്ലി മില്ലുകാരും കർഷകരും തമ്മിൽ ഇത്തവണയും തർക്കം
text_fieldsആലപ്പുഴ: കുട്ടനാട്ടിൽ പുഞ്ചക്കൊയ്ത്ത് പുരോഗമിക്കവേ കിഴിവിനെച്ചൊല്ലി മില്ലുകാരും കർഷകരും തമ്മിൽ ഇത്തവണയും തർക്കം. മില്ലുകാർ ഈർപ്പത്തിന്റെ കിഴിവിനത്തിൽ വലിയതോതിൽ നെല്ലിന്റെ അളവ് കുറക്കുന്നത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് കർഷകർ. കുട്ടനാട്ടിൽ കൊയ്ത്ത് തുടങ്ങുമ്പോഴെല്ലാം ഉണ്ടാകുന്ന ഈ തർക്കം തുടക്കത്തിലേ പരിഹരിക്കാൻ സർക്കാറിനാകുന്നില്ല.
രണ്ട് കിലോയിലധികം നെല്ല് കിഴിവ് നൽകില്ലെന്ന നിലപാടിലാണ് കർഷകർ. ഒരു ക്വിന്റൽ നെല്ലിന് നാലര കിലോ കിഴിവ് വേണമെന്നാണ് മില്ലുകാരുടെ ആവശ്യം. കൃഷിമന്ത്രി കുട്ടനാട്ടുകാരനായിട്ടും കർഷകർക്ക് ബുദ്ധിമുട്ടുണ്ടാകാതെ പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ല. കൃഷിമന്ത്രി പാടെ പാജയമാണെന്ന ആക്ഷേപം സ്വന്തം പാർട്ടിയിൽ നിന്നും കൃഷിവകുപ്പിൽ നിന്നും ഉയരുന്നതിനിടെ കർഷകരും മന്ത്രിയെ കുറ്റപ്പെടുത്തുന്നു.
നെല്ലിന്റെ ഗുണനിലവാര പരിശോധന കർഷകരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടത്തി സമയബന്ധിതമായി നെല്ലെടുക്കാൻ പാഡി മാർക്കറ്റിങ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി. ജില്ലയിലെ നെല്ല് സംഭരണം സുഗമമായി നടത്തുന്നതിന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെയും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിലിന്റെയും നേതൃത്വത്തിൽ ചേർന്ന ഓൺലൈൻ യോഗത്തിലാണ് ഈ നിർദേശം.
കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള ആർ.ആർ.ടികൾ അവധി ദിവസങ്ങളിൽ ഉൾപ്പെടെ ഫലപ്രദമായി പ്രാദേശിക പ്രശ്നങ്ങളിൽ ഇടപെടണമെന്നും മന്ത്രിമാർ നിർദേശിച്ചു. 2025 ഫെബ്രുവരി വരെ സംഭരിച്ച നെല്ലിന്റെ വില അനുവദിച്ചിട്ടുള്ളതായും ജില്ലയിലെ മുഴുവൻ കർഷകരുടെയും നെല്ല് സമയബന്ധിതമായി കൊയ്ത് സംഭരിക്കുന്നതിന് വേണ്ട നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജില്ല കലക്ടറുടെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കും. നിലവിൽ ജില്ല തലത്തിലും ബ്ലോക്ക് തലത്തിലും ആർ.ആർ.ടികൾ രൂപവത്കരിച്ചിട്ടുണ്ടെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു.
പറച്ചിലുകളും നിർദേശങ്ങളും പ്രായോഗിക തലത്തിൽ നടപ്പാകുന്നില്ലെന്നാണ് കർഷകരുടെ പരാതി. കൊയ്ത്ത്കാലം എത്തുമ്പോളെല്ലാം ഉണ്ടാകുന്നതാണ് കിഴിവിനെ ചൊല്ലി മില്ലുകാരും കർഷകരും തമ്മിലുള്ള തർക്കം. കൊയ്ത നെല്ല് പാടത്ത് കൂട്ടിയിട്ടിരിക്കയാണ് കർഷകർ.
ഇപ്പോൾ വേനൽ മഴയെത്തിയതോടെ നെല്ലിന്റെ നനയാനും ഈർപ്പം കൂടാനും അവസരമൊരുങ്ങും. അതിനായാണ് മില്ലുകാർ തർക്കവുമായി നിന്ന് കാലതാമസമുണ്ടാക്കുന്നത്. കർഷകരും മില്ലുകാരും നേരിട്ടുള്ള വിലപേശൽ ഒഴിവാക്കി സപ്ലൈകോയും കൃഷിവകുപ്പും ചേർന്ന് പൊതുമാനദണ്ഡം ഉണ്ടാക്കി അതനുസരിച്ച് നെല്ല്സംഭരണത്തിന് വഴിയൊരുക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
മില്ലുടമകൾ സമയബന്ധിതമായി നെല്ല് സംഭരണം നടത്തണം -കലക്ടർ
ജില്ലയിലെ നെല്ല് സംഭരണത്തിന് സപ്ലൈകോ ചുമതലപ്പെടുത്തിയിട്ടുള്ള മില്ല് ഉടമകൾ അവരെ നിയോഗിച്ചിട്ടുള്ള പാടങ്ങളിൽ നിന്നും സമയബന്ധിതമായി നെല്ല് സംഭരണം നടത്താൻ കലക്ടർ അലക്സ് വർഗീസ് നിർദേശിച്ചു. ജില്ലയിലെ നെല്ല് സംഭരണം സുഗമമാക്കാൻ കലക്ടർ മില്ല് ഉടമകളുമായി നടത്തിയ ഓൺലൈൻ യോഗത്തിലാണ് ഈ തീരുമാനം.-
നെല്ലിന്റെ ഗുണ നിലവാരത്തിൽ തർക്കങ്ങളുണ്ടായാൽ ജനപ്രതിനിധികൾ, കർഷകർ, മില്ല് ഉടമകൾ, ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഗുണനിലവാര പരിശോധന നടത്തി അതിന്റെ അടിസ്ഥാനത്തിൽ നെല്ല് സംഭരിക്കാനുള്ള നടപടികൾ മില്ല് ഉടമകൾ സ്വീകരിക്കണമെന്ന് കലക്ടർ നിർദേശിച്ചു.
വേനൽമഴ പ്രതീക്ഷിക്കുന്നത് കൊണ്ട് കൊയ്ത നെല്ല് എത്രയും പെട്ടെന്ന് തന്നെ സംഭരിക്കാൻ മില്ല് ഉടമകൾ നടപടിയെടുക്കണമെന്നും കലക്ടർ നിർദേശിച്ചു. യോഗത്തിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ സി. അമ്പിളി, പാഡി മാർക്കറ്റിംഗ് ഉദ്യോഗസ്ഥർ, മില്ല് ഉടമകൾ, കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
28 ശതമാനം കൊയ്ത്ത് പൂർത്തിയായി
മുൻവർഷത്തേക്കാൾ പല പാടങ്ങളിലും ഉൽപ്പാദനക്കുറവുണ്ട്. വെള്ളം കയറ്റിയിറക്കാൻ കഴിഞ്ഞതും ഓരുവെള്ള ഭീഷണിയില്ലാതിരുന്നതുമായ പാടങ്ങളിൽ മികച്ച വിളവും ലഭിച്ചു. നിലവിലെ കണക്കനുസരിച്ച് 28 ശതമാനം കൊയ്ത്താണ് കുട്ടനാട് മേഖലയിൽ പൂർത്തിയായത്.
7900 ഹെക്ടറിലായി 41537 ടൺ നെല്ല് സംഭരിച്ചു. കായൽ നിലങ്ങളായ നീലമ്പേരൂർ, കൈനകരി ഉൾപ്പെടെയുള്ള പാടങ്ങളിലാണ് വരും ദിവസങ്ങളിൽ കൊയ്ത്ത് നടക്കേണ്ടത്. ഇവിടങ്ങളിലാണ് മില്ലുകാർ കിഴിവിനായി ഏറ്റവും കൂടുതൽ തർക്കിക്കുന്നത്. ജില്ലയിൽ നെല്ല് സംഭരണത്തിനായി 55 മില്ലുകാരെയാണ് സപ്ലൈകോ ചുമതലപ്പെടുത്തിയത്. ഇതിൽ ഭൂരിഭാഗം മില്ലുകളും സംഭരണത്തിൽ നിന്ന് പിൻമാറിയ നിലയിലാണ് ഇപ്പോൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.