വള്ളികുന്നത്തെ സി.പി.എമ്മിൽ രാഘവ പക്ഷത്തിന് തിരിച്ചടി
text_fieldsവള്ളികുന്നം: സി.പി.എം വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി ഔദ്യോഗിക പക്ഷം പിടിച്ചെടുത്തു. ജില്ല കമ്മിറ്റി അംഗം കെ. രാഘവനോട് കൂറ് പുലർത്തിയിരുന്ന കമ്മിറ്റിയിലെ നാല് പേരെ പരാജയപ്പെടുത്തിയാണ് ഏരിയ സെക്രട്ടറി ബി. ബിനുവിനെ അനുകൂലിക്കുന്ന വിഭാഗം ആധിപത്യം നേടിയത്.
എൻ. ആനന്ദൻ , എം.എം. ആസാദ്, ഷാജഹാൻ, പി.കെ. ഗോപാലൻ തുടങ്ങിയവരാണ് പരാജയപ്പെട്ടത്. രജിൻ, ബി. ഷാനവാസ്, താഹിർ, ശ്രീലത, സുരേഷ്കുമാർ എന്നിവരാണ് മത്സരിച്ച് ജയിച്ചത്. കെ.വി. അഭിലാഷ് കുമാറാണ് സെക്രട്ടറി.
മുതിർന്ന അംഗങ്ങളായ എസ്.എസ്. അഭിലാഷ്, കെ. മൺസൂർ എന്നിവരെ ഏരിയ സമ്മേളന പ്രതിനിധി പട്ടികയിൽനിന്നു ഒഴിവാക്കിയതും ചർച്ചയായി. ഏരിയ നേതൃത്വം പിടിച്ചെടുക്കാനുള്ള രാഘവ പക്ഷത്തിെൻറ നീക്കങ്ങൾക്ക് ഇത് തിരിച്ചടിയായി. കഴിഞ്ഞ സമ്മേളനത്തിൽ ജില്ലയിലെ സ്വാധീനം ഉപയോഗിച്ച് ഏകപക്ഷീയമായി ഏരിയ പിടിച്ചെടുത്തത് കടുത്ത വിഭാഗീയതക്ക് വഴി തെളിച്ചിരുന്നു.
പരാതി ശക്തമായമായതോടെ ഏരിയ കമ്മിറ്റി പിരിച്ചുവിടുകയും ജില്ല സെക്രേട്ടറിയേറ്റ് അംഗത്തെ സെക്രട്ടറിയാക്കി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ജില്ലയിലെ ചേരി ധ്രുവീകരണ ഭാഗമായി ബിനുവിനെ സെക്രട്ടറിയാക്കുകയായിരുന്നു. പടനിലം സ്കൂൾ അഴിമതി വിഷയത്തിൽ കെ. രാഘവനെ സെക്രേട്ടറിയറ്റിൽനിന്നു തരംതാഴ്ത്തിയതും അപ്രമാദിത്വം നഷ്ടമാകുന്നതിന് കാരണമായി.
സംസ്ഥാന കമ്മിറ്റി അംഗമായ ജി. സുധാകരെൻറ ജന്മനാട്ടിലെ സമ്മേളനങ്ങളിൽ ജില്ല സെക്രട്ടറിയെ അനുകൂലിക്കുന്നവർക്ക് ഒപ്പം ചായുന്ന സാഹചര്യമാണ് ഉരുത്തിരിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.