റെയിൽവേ വികസനം; തഴുപ്പിനെ തകർക്കുമെന്ന് ആശങ്ക
text_fieldsതുറവൂർ: തീരദേശ റെയിൽവേ വികസനം കുത്തിയതോട് പഞ്ചായത്തിലെ തഴുപ്പ് ഗ്രാമത്തെ തകർക്കുമെന്ന് ആശങ്ക. ഭൂമിശാസ്ത്രപരമായി പരിസ്ഥിതി ദുർബലപ്രദേശമാണ് തഴുപ്പ്. മൂന്നുവശവും കായലാൽ ചുറ്റപ്പെട്ട ഗ്രാമം. തീരദേശ റെയിൽവേയുടെ വരവോടെ നെടുകെ മുറിക്കപ്പെട്ടു. റെയിൽവേ വികസനത്തിന് ഇനിയും സ്ഥലം ഏറ്റെടുത്താൽ തഴുപ്പിൽ ജനജീവിതം ദുസ്സഹമാകും.
ഗ്രാമത്തിൽ നാനൂറോളം കുടുംബങ്ങളുണ്ട്. 200 മീറ്റർ വീതിയിലും ഒന്നര കിലോമീറ്റർ നീളത്തിലുള്ള തഴുപ്പിന് നടുവിലൂടെയാണ് റെയിൽപാത. സി.ആർ.ഇസഡും റെയിൽവേ നിയന്ത്രണവുമുള്ളതിനാൽ നിർമാണ പ്രവൃത്തികൾ നടത്താൻ പറ്റാത്ത സ്ഥിതിയാണ്. റെയിൽപാതയുടെ വരവോടെ തഴുപ്പിലെ കുളങ്ങളും തോടുകളുമില്ലാതായി.
ജലനിർഗമന മാർഗങ്ങളില്ലാതായതോടെ വെള്ളക്കെട്ട് രൂക്ഷമായി. നിലവിലുണ്ടായിരുന്ന റോഡിനു പകരം ഒരുഭാഗത്തു മാത്രം റോഡ് നിർമിച്ച റെയിൽവേ മറുഭാഗത്തെ ജനങ്ങളുടെ ഗതാഗതമാർഗം ഇല്ലാതാക്കി. ഭൂനിരപ്പിൽനിന്നു ഒന്നരമീറ്റർ ഉയർന്നു നിൽക്കുന്ന പാത ഒരു കൊച്ചുഗ്രാമത്തെതന്നെ രണ്ടാക്കി മുറിച്ചു.
പുതിയ വികസന പ്രവർത്തനങ്ങൾക്ക് സ്ഥലം ഏറ്റെടുക്കുമ്പോൾ റെയിൽവേ മൂലമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെള്ളക്കെട്ട് ഒഴിവാക്കാൻ കാന പണിയുക, റെയിൽവേക്ക് സമാന്തരമായി രണ്ടു ഭാഗത്തും റോഡ് നിർമിക്കുക, രണ്ടാമതും കുടിയൊഴിപ്പിക്കുന്ന കുടുംബങ്ങൾ പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി സ്ഥലവും വീടും നൽകുക, നിർമാണ നിയന്ത്രണമുള്ളതിനാൽ മറ്റ് സ്ഥലം കണ്ടെത്താൻ ദേശീയപാത ഭൂമി ഏറ്റെടുക്കലിന് നൽകിയതിന് സമാനമായ നഷ്ടപരിഹാരം നൽകുക, ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്ക് വീട് വെക്കാനുള്ള പ്രത്യേക അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കലക്ടർക്കും റെയിൽവേക്കും പരാതി നൽകിയതായി ആക്ഷൻ കമ്മിറ്റി ചെയർമാൻ എസ്. ദിനകറും കൺവീനർ അശോകൻ പനച്ചിക്കലും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.