മഴ; കൃഷിനാശം വ്യാപകം
text_fieldsആലപ്പുഴ: വേനൽമഴയിൽ ജില്ലയിലാകെ കൃഷിനാശം വ്യാപകം. നേരത്തേ ഒറ്റപ്പെട്ട മഴ കിട്ടിയെങ്കിലും ബുധനാഴ്ച വൈകീട്ടാണ് പരക്കെ മഴയുണ്ടായത്. ചേർത്തല, ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലാണ് മഴ നാശം വിതച്ചത്. ചേർത്തല തെക്ക്, കടക്കരപ്പള്ളി പട്ടണക്കാട് പഞ്ചായത്തുകളിലായി ഏക്കറുകണക്കിന് കൃഷി നശിച്ചു. 650 ഹെക്ടറിലെ നെൽചെടികൾ നശിച്ചു.
ജില്ലയിൽ ശരാശരി 19.72 മി.മീ. മഴ ലഭിച്ചെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. കൂടുതൽ മഴ ലഭിച്ചത് ചേർത്തലയിലാണ് -43 മി.മീ. മാവേലിക്കര -29, കായംകുളം -11, കാർത്തികപ്പള്ളി -9.6, മങ്കൊമ്പ് -6 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്.
മാവേലിക്കര താലൂക്കിൽ നൂറനാട് പഞ്ചായത്ത് നെടുകുളഞ്ഞിമുറി വാർഡിൽ ഏത്തവാഴ, പച്ചക്കറി കൃഷികൾക്കാണ് നാശമുണ്ടായത്. കുട്ടനാട്ടിൽ കുലച്ച വാഴകളും തെങ്ങും കവുങ്ങും കൊക്കോ അടക്കമുള്ള വിളകളും നശിച്ചു. കാവാലം, കുന്നുമ്മ, വെളിയനാട്, പുളിങ്കുന്ന്, നെടുമുടി, ആനപ്രമ്പാൽ, മുട്ടാർ മേഖലകളിൽ ഒട്ടേറെ വൈദ്യുതിത്തൂണുകളും മരങ്ങളും കടപുഴകിയിരുന്നു. തുടർച്ചയായുള്ള മഴയിൽ കുട്ടനാടൻ ജലാശയങ്ങളിൽ വെള്ളമുയരുന്നത് പുഞ്ചകൃഷിക്ക് ഭീഷണിയാണ്. ജലനിരപ്പുയരുമ്പോൾ വിളവെടുപ്പിന് പാകമായ പാടശേഖരങ്ങളും കായൽനിലങ്ങളും മടവീഴ്ച ഭീഷണിയിലാണ്. ദിവസങ്ങളായി കുട്ടനാട്ടിൽ ശക്തമായ മഴയുണ്ട്. പുറമെ കിഴക്കൻവെള്ളവും കെട്ടിനിൽക്കുകയാണ്. രണ്ടാഴ്ച മുമ്പുണ്ടായിരുന്നതിനെക്കാൾ ഒന്നര അടിയോളം കുട്ടനാട്ടിൽ ജലനിരപ്പുയർന്നിട്ടുണ്ട്.
ചാരുംമൂട്: മഴയിലും കാറ്റിലും മാവേലിക്കര, ചാരുംമൂട് മേഖലയിലെ വിവിധ ഭാഗങ്ങളിൽ കൃഷി നശിച്ചു. നൂറനാട്, പാലമേൽ മേഖലകളിലാണ് വ്യാപകമായി കൃഷിനാശമുണ്ടായത്. ഏത്തവാഴ, റബർ, മരച്ചീനി, പടവലം, പാവൽ, വെറ്റക്കൊടി തുടങ്ങിയവ കാറ്റിൽപെട്ട് നശിച്ചു. പടനിലം നെടുകുളഞ്ഞിമുറി കുളങ്ങര വീട്ടിൽ രാധാകൃഷ്ണക്കുറുപ്പിന്റെ നൂറോളം വാഴകൾ കാറ്റിൽ നിലംപൊത്തി. 60,000 രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.
മാന്നാർ: വർഷത്തിൽ ഒരുപൂ കൃഷിയെ മാത്രം ആശ്രയിക്കുന്ന മാന്നാർ, ചെന്നിത്തല ഗ്രാമങ്ങളിലെ പുഞ്ചപ്പാടശേഖരങ്ങളിൽ വ്യാപക കൃഷിനാശമാണുണ്ടായത്. കുരട്ടിശ്ശേരി വില്ലേജിൽ വേഴത്താറ്, കണ്ടങ്കേരി, ഇടപുഞ്ച കിഴക്ക്, പടിഞ്ഞാറ്, അരിയോടിച്ചാൽ, കുടവള്ളാരി എ, ബി, നാലുതോട് എന്നീ എട്ട് പാടശേഖരത്തിലായി അഞ്ഞൂറിലധികം കർഷകരുടെ 1500 ഏക്കർ നിലങ്ങളാണുള്ളത്. ജ്യോതി നെൽവിത്ത് വിതച്ച് കിളിർപ്പിച്ച് പാകി പറിച്ചുനട്ട് 80 ദിവസം പ്രായമായ നെൽച്ചെടികൾ കുടമാകുന്ന അവസ്ഥയിലായിരുന്നു. കൃഷിഭവൻ മുഖേന വിതരണം ചെയ്ത വിത്തിൽ വരിനെല്ലുകൂടി തഴച്ചുവളർന്ന് വലുതായതാണ് നല്ല നെൽച്ചെടികൾ കാറ്റിലും മഴയിലും നിലംപൊത്താനിടയാക്കിയത്. ഏക്കറിന് 35,000 രൂപ വരെ ചെലവഴിച്ച കൃഷിക്കാർക്ക് ഭീമമായ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇൻഷുറൻസ് പരിധിയിൽപെടുത്തി സഹായിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
തുറവൂർ: കഴിഞ്ഞദിവസത്തെ വേനൽ മഴയിലും കാറ്റിലും വ്യാപക നാശം. നിരവധി വീടുകളുടെ മേൽക്കൂര തകർന്നു. മരങ്ങൾ കടപുഴകി. വൈദ്യുതി ലൈനുകൾ പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാതയിലും ഇടറോഡുകളിലും നിരവധി മരങ്ങൾ റോഡിലേക്ക് വീണ് ഗതാഗതതടസ്സമുണ്ടായി. വ്യാപക കൃഷിനാശവുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.