മഴയെത്തുന്നു നാട് ശുചിയായോ?
text_fieldsകാലവർഷം വൈകിയെത്തിയിട്ടും ജില്ലയിലെ പല തദ്ദേശസ്ഥാപനങ്ങളിലും ‘മഴക്കാലപൂർവ ശുചീകരണം’ വേണ്ടവിധം മുന്നേറിയിട്ടില്ല. പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കേണ്ട പഞ്ചായത്ത് ഭരണസമിതികളും ആരോഗ്യവകുപ്പും വേണ്ടത്ര താൽപര്യം കാണിക്കുന്നില്ല. നഗരസഭകളിൽ വാർഡുകൾക്ക് പണം അനുവദിച്ചിട്ടും വിനിയോഗം ഏങ്ങുമെത്തിയിട്ടില്ല. ജില്ലയിൽ 73 ഗ്രാമപഞ്ചായത്തുകളും ആറ് നഗരസഭകളുമാണുള്ളത്. മാലിന്യനീക്കം, കൊതുക്-എലി നശീകരണം, ജലസ്രോതസ്സുകളിൽ ക്ലോറിനേഷൻ, പ്രതിരോധ മരുന്ന് വിതരണം, പൊതുസ്ഥലങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ പാതിവഴിയാണ്...
പ്രസഹനമായി ശുചീകരണം
ആലപ്പുഴ: നഗരസഭയിലെ മഴക്കാലപൂർവ ശുചീകരണം പേരിലൊതുങ്ങി. സമ്പൂർണശുചിത്വ പ്രഖ്യാപനത്തിന് പിന്നാലെപോയ അധികൃതർ ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധകൊടുത്തില്ല. മഴയെത്തിയിട്ടും പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന് മുന്നൊരുക്കം വൈകി. ഇതോടെ, നഗരപരിധിയിലെ പലയിടത്തും വെള്ളം കെട്ടിക്കിടന്ന് കൊതുകൾ പെരുകി. ഇത് ആലപ്പുഴ നഗരത്തിൽ ഡെങ്കിപ്പനിയുടെ വ്യാപനത്തിന് കാരണമായി. നിലവിൽ ആരോഗ്യപ്രവർത്തകരടക്കം 20 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. തോടുകളിലും കാനകളിലും ‘മലിനജലം’ കെട്ടിക്കിടന്നതാണ് പ്രധാനപ്രശ്നം.
വാർഡുകളിലെ തോടുകൾ, കാനകൾ എന്നിവ വൃത്തിയാക്കുന്നതിന് ഒരുലക്ഷം രൂപ വീതമാണ് 52 വാർഡുകൾക്കും അനുവദിച്ചിട്ടുള്ളത്. ഇതിൽനിന്ന് 18ശതമാനം ജി.എസ്.ടിയും കഴിഞ്ഞാൽ പിന്നെയും തുകകുറയും. മഴയെത്തിയതോടെ തോട്ടിൽ വെള്ളം നിറഞ്ഞതിനാൽ ചളിവാരി വൃത്തിയാക്കുന്നതിന് തടസ്സമുണ്ട്. മഴക്കാലത്ത് വീടുകളിൽ വെള്ളംകയറാതിരിക്കാനും തടസ്സങ്ങളുണ്ടായാൽ അത് മാറ്റുന്നതിനും ഈതുക ഉപയോഗിക്കാൻ കഴിയുമെന്ന് കൗൺസിലർമാർ പറഞ്ഞു. അതിനാൽ മഴക്കാലപൂർവ ശുചീകരണം വെറും പ്രസഹനമാകും. കരാറുകാരെ സഹായിക്കുന്ന പദ്ധതി വഴിപാടായി മാറുന്നതാണ് കാഴ്ച.
മാവേലിക്കരയിൽ ശുചീകരണം വേഗത്തിൽ
മാവേലിക്കര: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ശുചീകരണം അടക്കമുള്ള പ്രവര്ത്തനങ്ങള് വേഗത്തിലാക്കി മാവേലിക്കര നഗരസഭ. ഉറവിട നശീകരണത്തിനും ഓരോ വാർഡ്തലത്തിലും സാനിറ്റേഷൻ കമ്മിറ്റികൾ രൂപവത്കരിച്ച് പ്രവർത്തനങ്ങൾ ശക്തമാക്കി. ഓടകള്, അഴുക്കുചാലുകള് എന്നിവ ശുചീകരിക്കുന്ന നടപടി തുടങ്ങി. നഗരസഭയിലെ ഒമ്പതിലധികം ഓടകൾ വൃത്തിയാക്കി. എട്ടു ഡിവിഷനുകളിൽ കൊതുക് നശീകരണത്തിന്റെ ഭാഗമായി സ്പ്രേയിങ് നടത്തി. ബാക്കിയുള്ള ഡിവിഷനുകളിൽ ഉടൻ പൂർത്തീകരിക്കാനുള്ള നടപടി സ്വീകരിച്ചു.
ഏങ്ങുമെത്താതെ കുട്ടനാട്
കുട്ടനാട്: കുട്ടനാട്ടിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല. മാലിന്യം നിറഞ്ഞ തോടുകളും കുളങ്ങളും ജലസ്രോതസ്സുകളും ശുചീകരിക്കാത്ത അവസ്ഥയിലാണ്. അനുവദിച്ച ഫണ്ടിന്റെ അപര്യാപ്തയെന്നാണ് വിശദീകരണം. സർക്കാർ മുൻ കൈയെടുത്ത് ആരംഭിച്ച മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പാതയോരങ്ങളിലെയും പൊതുസ്ഥലങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിക്കുന്ന പ്രവർത്തനങ്ങളിൽ ഒതുങ്ങി. മാലിന്യങ്ങൾ അടിഞ്ഞുകൂടി പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടാൻ ഇടയാക്കുന്ന ഇടതോടുകൾ അതേനിലയിൽ തുടരുകയാണ്. ഫണ്ടിന്റെ അപര്യാപ്തതയാണ് ഇവയുടെയും ശുചീകരണത്തിന് തടസ്സമാകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
കുട്ടനാട്ടിലെ മിക്ക പഞ്ചായത്തുകളിലും മാലിന്യവാഹിനിയാക്കപ്പെട്ട ഇത്തരം നിരവധി തോടുകളാണുള്ളത്. കൊതുകുകളുടെയും മറ്റ് രോഗാണുക്കളുടെയും ആവാസകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ് ജലാശയങ്ങൾ. മഴക്കാലം ആരംഭിക്കുന്നതോടെ മാലിന്യങ്ങൾ ചീഞ്ഞഴുകി, തോടുകൾ കരകവിഞ്ഞ് ജനവാസ കേന്ദ്രങ്ങളിലേക്ക് മലിനജലം ഒഴുകിയെത്തി സാംക്രമികരോഗങ്ങൾ പടരാൻ ഇടയാകുമോയെന്ന ആശങ്കയുണ്ട്. ശുചീകരണത്തിന് വാർഡുകൾക്ക് അനുവദിച്ചിരിക്കുന്ന തുക അപര്യാപ്തമാണെന്നും പരാതിയുണ്ട്. വെള്ളപ്പൊക്കമുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകളും എങ്ങുമെത്തിയിട്ടില്ല.
ചേർത്തലയിൽ 35 വാർഡുകളിൽ പൂർത്തീകരിച്ചു
ചേർത്തല: നഗരസഭ 35 വാർഡുകളിലും മഴക്കാല പൂർവ ശുചീകരണം പൂർത്തീകരിച്ചു. 20ഓളം മരങ്ങൾ മുറിച്ചുമാറ്റി. ഓടകളും ഒഴുക്കുള്ള ജലാശയങ്ങളും വൃത്തിയാക്കി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തി ചെറിയ തോടുകളും അനുബന്ധകാടുകളും വൃത്തിയാക്കി. വീടുകളിൽനിന്ന് ഹരിത കർമസേന ശേഖരിക്കുന്ന മാലിന്യം ആനതറ വെളിയിൽ തള്ളുന്നതിനാൽ മാലിന്യപ്രശ്നം കുറക്കാനായി. 35 വാർഡുകളിലായി 28 എണ്ണം സമ്പൂർണ ശുചിത്വ വാർഡായി പ്രഖ്യാപിച്ചു. ബാക്കിയുള്ള ഏഴ് വാർഡുകൾകൂടി സമ്പൂർണ ശുചിത്വ വാർഡായി ഉടൻ പ്രഖ്യാപിക്കുമെന്ന് ചെയർപേഴ്സൻ ഷേർളി ഭാർഗവൻ പറഞ്ഞു.
ഹരിപ്പാട് നഗരസഭയിൽ പ്രവർത്തനങ്ങൾ തുടങ്ങി
ഹരിപ്പാട്: മഴക്കാലപൂർവ പ്രവർത്തനങ്ങൾ ഹരിപ്പാട് നഗരസഭയിൽ തുടങ്ങി. വാർഡ് തലത്തിൽ 20,000 രൂപയാണ് ആദ്യഘട്ടമായി അനുവദിച്ചിട്ടുള്ളത്. ഓട ശുചീകരണം, തെരുവോരങ്ങളിൽനിന്ന് മാലിന്യം നീക്കം ചെയ്യൽ, തോടുകളിലെ ജലനിർഗമനം സുഗമമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് പ്രാരംഭമായി നടക്കുന്നത്. ഒഴുക്കുനിലച്ച തോടുകളാണ് നഗരസഭയിൽ പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നത്.
കായംകുളത്ത് പ്രതിസന്ധികൾ ഇനിയുമേറെ
കായംകുളം: മാലിന്യം മാറ്റിയും തോടുകളും ഓടകളും തെളിച്ചും നഗരത്തിലെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനം ഊർജിതം. സേനാവിഭാഗമായ ഐ.ടി.ബി.പി അടക്കമുള്ളവയുടെ സഹകരണത്തോടെയാണ് മഴക്കാല കെടുതികളെ നേരിടാനുള്ള പ്രവർത്തനം പുരോഗമിക്കുന്നത്. ഹരിത കർമസേന, അയൽക്കൂട്ടങ്ങൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, യുവജന സംഘടനകൾ എന്നിവകളുടെ സഹകരണത്തോടെ വാർഡുകൾ കേന്ദ്രീകരിച്ചുള്ള ശുചീകരണവും ഊർജിതമാണ്.
ഹരിത സഭയിലൂടെ ജനകീയ സംവാദം സംഘടിപ്പിച്ചാണ് ശുചീകരണ യജ്ഞത്തിന് രൂപം നൽകിയത്. ഇതുവരെ നടന്ന പ്രവർത്തനം പരിശോധിച്ച് പോരായ്കൾ വിലയിരുത്തിയാണ് നടപടികൾ.
അതേസമയം, മുരുക്കുംമൂട്ടിലെ മാലിന്യനിക്ഷേപ കേന്ദ്രം അടച്ചുപൂട്ടിയതിലൂടെ നേരിടുന്ന സംസ്കരണ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനാകാത്തത് നഗരം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഇതോടൊപ്പം ജലമലിനീകരണവും പ്രതിസന്ധി സൃഷ്ടിക്കുന്നു. കേന്ദ്രീകൃത മാലിന്യനീക്കം തടസ്സപ്പെട്ടതോടെ ഒഴിഞ്ഞ പ്രദേശങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന പ്രവണത വർധിച്ചിരിക്കുകയാണ്. ഇതിന് തടയിടാൻ പ്രധാന കേന്ദ്രങ്ങളിൽ കാമറകൾ സ്ഥാപിച്ചതോടെ ഇവ ഇല്ലാത്ത പ്രദേശങ്ങളാണ് നിക്ഷേപ കേന്ദ്രങ്ങളാകുന്നത്. നഗരത്തിന്റെ ഉൾപ്രദേശങ്ങളിലാണ് ഇവ കൂടുതലായി തള്ളുന്നത്.
തുമ്പൂർമുഴി മാതൃക പദ്ധതിയും പ്രായോഗിക തലത്തിൽ വെല്ലുവിളി നേരിടുന്നു.
കരിപ്പുഴ തോടും കൈവഴിത്തോടുകളും പ്രധാന മാലിന്യം തള്ളൽ കേന്ദ്രങ്ങളാകുന്നത് തടയാനും നടപടിയില്ലാത്തത് പ്രശ്നമാണ്. അറവുമാലിന്യം, മത്സ്യ-മാംസ അവശിഷ്ടങ്ങൾ, ഹോട്ടൽ മാലിന്യം തുടങ്ങിയവയും പ്ലാസ്റ്റിക് മാലിന്യവുമാണ് തോടുകളിൽ നിറയുന്നത്. പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ എന്നിവ ഓടയിൽ നിറയുന്നതും മാലിന്യനീക്കത്തെ തടസ്സപ്പെടുത്തുന്നു.
ഇറിഗേഷൻ വകുപ്പ് സഹകരണത്തോടെ ജലമലിനീകരണം തടയുന്നതിനുള്ള പദ്ധതികൾ നടപ്പാക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. 26 ാം വാർഡിലെ ഇല്ലിക്കുളം തോട്ടിൽ കെട്ടിക്കിടന്ന പ്ലാസ്റ്റിക് മാലിന്യം അടക്കമുള്ളവ ജനകീയ കൂട്ടായ്മയിൽ നീക്കം ചെയ്തു. ഇതേ പ്രവർത്തനങ്ങൾ മറ്റ് വാർഡുകൾ കേന്ദ്രീകരിച്ചും നടക്കുന്നുണ്ട്. ഇത് പൂർണതോതിൽ വിജയിക്കണമെങ്കിൽ കൂട്ടായ ഇടപെടൽ ശക്തിപ്പെടുത്തുകയും മാലിന്യം തള്ളുന്നത് തടയുകയും വേണം. ഇതിനായി കാര്യക്ഷമമായ ഇടപെടൽ വേണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.