മഴയൊഴിഞ്ഞു; വെള്ളമിറങ്ങാതെ കുട്ടനാട്
text_fieldsആലപ്പുഴ: മഴക്ക് ശമനമുണ്ടായെങ്കിലും കുട്ടനാട്ടുകാരുടെ ജീവിതം വെള്ളത്തിലായി. പമ്പ, മണിമല, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ഉയരുന്നതാണ് കാരണം. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. പത്തിയൂരിൽ കരിപ്പുഴത്തോട്ടിൽ വലവീശുന്നതിനിടെ കാൽവഴുതി കനാലിൽ വീണ് ഒരാളെ കാണാതായി. ആറാം വാർഡ് ശ്രീശൈലം വീട്ടിൽ ഗോപാലനെയാണ് (66) കാണാതായത്.
വെള്ളത്തിൽ മുങ്ങിയ കുട്ടനാട്ടിലെ ഗ്രാമീണമേഖലയിലേക്ക് കെ.എസ്.ആർ.ടി.സി സർവിസ് പൂർണമായും നിർത്തി. ഇതോടെ ചമ്പക്കുളം, പുളിങ്കുന്ന്, കാവാലം, തട്ടാശ്ശേരി അടക്കമുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒറ്റപ്പെട്ടു. ഇവർക്ക് ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടുകളാണ് ആശ്രയം.
കാവാലം നിവാസികൾക്ക് ആലപ്പുഴ, ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകാൻ ജലഗതാഗത വകുപ്പ് ബോട്ടുകൾ ക്രമീകരിച്ചിട്ടുണ്ട്. കാവാലത്തുനിന്ന് നേരിട്ട് ആലപ്പുഴക്കും കാവാലം-കിടങ്ങറ, കിടങ്ങറ-ചങ്ങനാശ്ശേരി എന്നിങ്ങനെയുമാണ് സർവിസ്.
ചമ്പക്കുളം, കാവാലം, കുപ്പപുറം പ്രദേശങ്ങളിൽ ഫ്ലോട്ടിങ് ഡിസ്പെന്സറികളുടെ സേവനം നൂറുകണക്കിനാളുകൾക്ക് ആശ്വാസമായി. ആരോഗ്യ വകുപ്പിന്റെ വാട്ടർ ആംബുലൻസിലേക്കും കൂടുതൽ വിളിയെത്തി. എടത്വ, ചമ്പക്കുളം പ്രദേശങ്ങളിൽനിന്ന് എത്തിയ കാളുകൾക്ക് പരിഹാരം കണ്ടെത്തിയായിരുന്നു സേവനം.
പ്രധാന പാതയായ എ.സി റോഡിലെ വെള്ളക്കെട്ട് ക്രമാതീതമായി ഉയരുന്നത് ഇരുചക്ര വാഹനയാത്ര ദുഷ്കരമാക്കി. ഒന്നാംകര പാലത്തിനു സമീപത്തെ വെള്ളം നിറഞ്ഞ ‘അപകടക്കുഴി’ ചെറിയ വാഹന യാത്രക്കാർക്ക് ഭീഷണിയാണ്. എ.സി റോഡിലെ മനക്കച്ചിറ, പാറക്കൽ, കിടങ്ങറ, മാമ്പുഴക്കരി എന്നിവിടങ്ങളിലാണ് കൂടുതൽ വെള്ളം. എ.സി കനാലിന് ഇരുവശത്തെയും നൂറുകണക്കിന് വീടുകളിൽ കയറിയ വെള്ളം ഇനിയും ഇറങ്ങിയിട്ടില്ല. ചമ്പക്കുളം, നെടുമുടി, പുളിങ്കുന്ന്, മുട്ടാർ, എടത്വ, അമ്പലപ്പുഴ എന്നിവിടങ്ങളിലാണ് മടവീഴ്ചയുണ്ടായത്. ഈ പ്രദേശങ്ങളിലെ 700ലധികം വീടുകൾ വെള്ളത്തിൽ മുങ്ങി. തീരദേശ മേഖലയിൽ കടൽക്ഷോഭത്തിന് നേരിയ ശമനമുണ്ട്. അന്ധകാരനഴി, തോട്ടപ്പള്ളി പൊഴികൾ തുറന്നുവിട്ടതോടെ ഒഴുകിയെത്തുന്ന കൂടുതൽ ജലം കടലെടുക്കുന്നുണ്ട്. മങ്കൊമ്പ് സിവിൽ സ്റ്റേഷൻ ഭാഗത്തെ നൂറുകണക്കിന് വീടുകൾ വെള്ളത്തിലാണ്. വെള്ളം കയറിയ മങ്കൊമ്പ്-കാവാലം പാതയിൽ പ്രദേശവാസികൾ വള്ളത്തിലൂടെയാണ് സഞ്ചരിക്കുന്നത്.
മഴക്കെടുതിയിൽ ശനിയാഴ്ച മാത്രം ആറു വീട് ഭാഗികമായി തകർന്നു. അമ്പലപ്പുഴ-നാല്, കാർത്തികപ്പള്ളി-ഒന്ന്, അമ്പലപ്പുഴ ഒന്ന് എന്നിങ്ങനെയാണ് കണക്ക്. കാലവർഷത്തിൽ ഇതുവരെ 192 വീട് ഭാഗികമായും മൂന്നെണ്ണം പൂർണമായും തകർന്നു. ആലപ്പുഴ നഗരത്തിലും പരിസരങ്ങളിലും ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്. ആലപ്പുഴ ബീച്ച് വാർഡിൽ ഇ.എസ്.ഐ ആശുപത്രി, തുമ്പോളി, വിയാനിപള്ളി പ്രദേശങ്ങളിൽ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ മണിക്കൂറുകളെടുത്ത് മോട്ടോർ ഉപയോഗിച്ച് വെള്ളം ഒഴുക്കിവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.