മഴ മാറിയിട്ടും ജലം ഇരച്ചെത്തുന്നു; ദുരിതത്തിൽ മുങ്ങി കുട്ടനാട്
text_fieldsആലപ്പുഴ: മഴ പെയ്തൊഴിഞ്ഞിട്ടും കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽ ജലനിരപ്പ് ഉയരുന്നു. കിഴക്കൻ വെള്ളത്തിന്റെ വരവിൽ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകൾ പൂർണമായും മുങ്ങി. വീടുകളും വെള്ളക്കെട്ടിൽനിന്ന് മുക്തമായിട്ടില്ല. മഴക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ചേർത്തല- മൂന്ന്, അമ്പലപ്പുഴ- ഒന്ന്, ചെങ്ങന്നൂർ- ഒന്ന് എന്നിങ്ങനെയാണ് ക്യാമ്പ് തുറന്നത്. 34 കുടുംബങ്ങളിൽനിന്ന് 39 പുരുഷന്മാരും 48 സ്ത്രീകളും 24 കുട്ടികളും ഉൾപ്പെടെ 111 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. കുട്ടനാട് രണ്ടിടത്ത് മടവീഴ്ചയുണ്ടായി. നാശനഷ്ടം കണക്കാക്കിയിട്ടില്ല.
ചേർത്തല താലൂക്കിൽ തണ്ണീർമുക്കം മരുത്തോർവട്ടം ജി.എൽ.പി.എസ്, എസ്.സി സാംസ്കാരിക നിലയം, തൃക്കോതമംഗലം എൽ.പി.എസ് ചക്കരക്കുളം, അമ്പലപ്പുഴ താലൂക്കിൽ കൈതത്തിൽ കമ്യൂണിറ്റി സെന്റർ, ചെങ്ങന്നൂർ താലൂക്കിൽ തിരുവൻവണ്ടൂർ ഗവ. എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് ക്യാമ്പ്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചിരുന്ന ചേർത്തല, ചെങ്ങന്നൂർ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധിയായിരുന്നു.
താഴ്ന്ന പ്രദേശങ്ങളായ കൈനരി, നെടുമുടി, കാവാലം, പുളിങ്കുന്ന്, ചമ്പക്കുളം എന്നിവിടങ്ങളിലാണ് ദുരിതം ഇരട്ടിയായത്. കിഴക്കൻ വെള്ളത്തിന്റെ വരവിൽ ജലാശയങ്ങളിൽ രണ്ടടിയോളം വെള്ളമാണ് ഉയർന്നത്.
പാടശേഖരങ്ങൾക്കൊപ്പം തോടുകളിലും വെള്ളം നിറഞ്ഞതോടെ ഗ്രാമീണ റോഡുകൾ പലതും മുങ്ങി. സമീപ ജില്ലകളായ കോട്ടയത്തും പത്തനംതിട്ടയിലും പെയ്ത മഴയിലാണ് പമ്പാ, മണിമല, അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പ് ഉയർന്നത്. ഇതോടെ, കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളിൽ ജലനിരപ്പ് കൽക്കെട്ടിനൊപ്പമാണ്. മഴ കനത്താൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വെള്ളം ഇരച്ചുകയറും. പാടശേഖരങ്ങളിലെ മടവീഴ്ച തടയാൻ ചാക്കുകളിൽ മണ്ണുനിറച്ച് ബണ്ടുകൾ ബലപ്പെടുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.