മഴ കനത്തു കൂട്ടിന് ദുരിതവും
text_fields•ആലപ്പുഴ: ജില്ലയിൽ മഴ കനത്തതോടെ ദുരിതവും കൂട്ടിനെത്തി. കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതാണ് ദുരിതമായത്. എന്നാൽ, നദികളിലും തോടുകളിലും അടക്കമുള്ള ജലാശയങ്ങളിൽ ജലനിരപ്പ് ഉയർന്നിട്ടില്ല.
കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളിൽ വെള്ളം നിറഞ്ഞിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതനിർദേശം നൽകി. അടിയന്തര സാഹചര്യം നേരിടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം കലക്ടറേറ്റിലും വിവിധ താലൂക്കുകളിലും തുറന്നിട്ടുണ്ട്.
ഒരാഴ്ചത്തെ മഴയിലും കാറ്റിലും മരംവീണ് ഇതുവരെ 10 വീടുകളാണ് തകർന്നത്. മാവേലിക്കര താലൂക്കിലെ രണ്ടുവീട് ഭാഗികമായി തകർന്നതാണ് ഏറ്റവും ഒടുവിലത്തേത്. കറ്റാനം പുളിമൂട്ടിൽ സജി മാത്യു, കറ്റാനം മുറിയാനിക്കൽ എം.ടി. ശിവാനന്ദൻ എന്നിവരുടെ വീടുകളാണ് തകർന്നത്. പലയിടത്തും ചൊവ്വാഴ്ച പുലർച്ചയും രാവിലെയും കനത്തമഴയാണ് ലഭിച്ചത്. എന്നാൽ, ഉച്ചക്കുശേഷം മഴമാറി വെയിൽ വീണത് ആശ്വാസമായി.
കായംകുളത്ത് 33.5 മി.മീറ്റർ മഴ
ആലപ്പുഴ: ജില്ലയിൽ ശക്തമായ മഴ ലഭിച്ചത് കായംകുളത്ത്. ചൊവ്വാഴ്ച പെയ്തത് 33.5 മി. മീറ്റർ മഴയാണ്. ഹരിപ്പാട് -23.2, മാവേലിക്കര -12.2, ആലപ്പുഴ -5.6, മങ്കൊമ്പ് -8.0, അമ്പലപ്പുഴ -10.7, ആര്യാട് -15.2, ഭരണിക്കാവ് -8.5, ചമ്പക്കുളം -11.4, ചെങ്ങന്നൂർ -8.7, കഞ്ഞിക്കുഴി -2.2, മുതുകുളം -8.5, പട്ടണക്കാട് -8.5, വെളിയനാട് -11.2 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
കടൽക്ഷോഭത്തിന് സാധ്യത; ജാഗ്രത പാലിക്കണം
ആലപ്പുഴ: ജില്ലയിൽ കടൽക്ഷോഭത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അമ്പലപ്പുഴ, പുറക്കാട്, ആറാട്ടുപുഴ, പല്ലന, തൃക്കുന്നപ്പുഴ, ചേര്‍ത്തല, മാരാരിക്കുളം, കാട്ടൂര്‍ അടക്കമുള്ള തീരദേശത്താണ് കടൽക്ഷോഭത്തിന് സാധ്യത. അപകടമേഖലകളിൽ താമസിക്കുന്നവർ ജാഗ്രതപാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂരശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പുലർത്തണം.
മാറിത്താമസിക്കേണ്ട സാഹചര്യമുണ്ടായാൽ അതിനോട് സഹകരിക്കണം. അപകടാവസ്ഥയിൽ പൊതുയിടങ്ങളിലും സ്വകാര്യസ്ഥലങ്ങളിലും നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ എന്നിവയെക്കുറിച്ച് അധികൃതരെ അറിയിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചു കടക്കാനും നദികളിലും മറ്റ് ജലാശയങ്ങളിലും കുളിക്കാനും മീൻപിടിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.