മഴക്കെടുതി: രണ്ടുജീവൻകൂടി പൊലിഞ്ഞു; 6297 പേരെ മാറ്റിപ്പാർപ്പിച്ചു
text_fieldsആലപ്പുഴ: മഴക്ക് ശമനമുണ്ടായിട്ടും ദുരിതത്തിന് അറുതിയില്ല. മഴക്കെടുതിയിൽ ജില്ലയിൽ രണ്ട് ജീവൻ കൂടിപൊലിഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
പുളിങ്കുന്നിൽ വെള്ളം കയറിയ വീട് വൃത്തിയാക്കാനെത്തിയ ഗൃഹനാഥൻ ഷോക്കേറ്റും ആലപ്പുഴ-ചങ്ങനാശ്ശേരി പാതയിലെ എ.സി കനാലിൽ വീണ് വധോധികനുമാണ് മരിച്ചത്. ഇതോടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ആറായി.
നിലവിൽ 58 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. 2,167 കുടുംബങ്ങളിലെ 6,297 പേരെയാണ് മാറ്റിപാർപ്പിച്ചത്. 2,469 പുരുഷന്മാരും 2,869 സ്ത്രീകളും 959 കുട്ടികളും ഉൾപെടും. ഏറ്റവും കൂടുതൽ നാശം അമ്പലപ്പുഴ താലൂക്കിലാണ്. ഇവിടെ മാത്രം 30 ക്യാമ്പുകളുണ്ട്. 1,654 കുടുംബങ്ങളിലെ 1,993 പുരുഷന്മാരും 2237 സ്തീകളും 744 കുട്ടികളും ഉൾപ്പെടെ 4974 പേർ താമസിക്കുന്നുണ്ട്.
കാർത്തികപ്പള്ളി-ഏഴ്, ചേർത്തല-നാല്, കുട്ടനാട്-മൂന്ന്, മാവേലിക്കര-11, ചെങ്ങന്നൂർ-മൂന്ന് എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. മഴക്കെടുതിയിൽ ഇതുവരെ 151വീടുകളാണ് തകർന്നത്. ഇതിൽ ആറെണ്ണം പൂർണമായും 145 എണ്ണം ഭാഗികമായും തകർന്നു.
ജില്ലയിൽ 1533.56 ഹെക്ടറിലെ നെൽകൃഷിയടക്കം നശിച്ചു. 19.64 കോടി നഷ്ടം കണക്കാക്കുന്നു. വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർന്ന് കെ.എസ്.ഇ.ബിക്ക് 1.75 കോടിയുടെ നഷ്ടമുണ്ട്. പമ്പ, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. മഴ കുറഞ്ഞെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവിൽ ജലനിരപ്പ് താഴ്ന്നിട്ടില്ല. കുട്ടനാട്ടിൽ ഗ്രാമീണറോഡുകൾ വെള്ളത്തിലാണ്. തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട്, അന്ധകാരനഴി പൊഴി എന്നിവയുടെ ഷട്ടർ തുറന്ന് ജലം കടലിലേക്ക് ഒഴുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.