മഴക്കെടുതി; കായംകുളം നഗരസഭയിലെ മണ്ണുമാന്തി യന്ത്രവും കട്ടപ്പുറത്ത്
text_fieldsകായംകുളം: തോരാതെ പെയ്ത മഴയിൽ കെട്ടിനിന്ന വെള്ളം ഒഴുകിപ്പോകാതെ തങ്ങിനിൽക്കുമ്പോൾ പരിഹാരമില്ലാതെ അധികൃതരും പ്രതിസന്ധിയിൽ. ദേശീയപാതയുടെ അശാസ്ത്രീയ നിർമാണവും നഗരത്തിൽ മുമ്പെങ്ങുമില്ലാത്ത വെള്ളക്കെട്ടിന് കാരണമായി.
പാത നിർമാണത്തിന് നീരൊഴുക്ക് തോടുകൾ വ്യാപകമായി നികത്തിയതാണ് പ്രതിസന്ധിക്ക് കാരണം. പ്രശ്നപരിഹാരത്തിന് സമീപിച്ചപ്പോൾ കൈമലർത്തിയ ദേശീയപാത അതോറിറ്റിയുടെ നടപടി നഗരസഭക്ക് തിരിച്ചടിയായി.
ഇതിനിടെ മഴക്കാല ശുചീകരണ പ്രവർത്തനം പ്രധാന ലക്ഷ്യമാക്കി 26 ലക്ഷത്തോളം രൂപ മുടക്കി വാങ്ങിയ മണ്ണുമാന്തി യന്ത്രം നഗരസഭക്ക് മുന്നിൽ വെറുതെ കിടക്കുകയാണ്. വാഹനം വാങ്ങിയെങ്കിലും ഡ്രൈവറെ നിയമിക്കാതിരുന്നതാണ് പ്രശ്നമായത്.
സ്വകാര്യ മണ്ണുമാന്തി യന്ത്ര ഉടമകളെ സഹായിക്കാനാണ് സ്വന്തമായി വാങ്ങിയ വാഹനം പ്രവർത്തിപ്പിക്കാത്തതെന്നാണ് ആക്ഷേപം. ലക്ഷക്കണക്കിന് രൂപ മുടക്കി മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി വാങ്ങിയ വലിയ വാഹനവും നിസ്സാര കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞ ആറുമാസമായി നഗരസഭയുടെ മുന്നിൽ കയറ്റിയിട്ടിരിക്കുകയാണ്.
നഗരസഭയുടെ കെടുകാര്യസ്ഥതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സി.എസ്. ബാഷയും ഡി.സി.സി ജനറൽ സെക്രട്ടറിയും കൗൺസിലറുമായ എ.പി. ഷാജഹാനും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.