മഴക്ക് ശമനം; വെള്ളക്കെട്ട് ഒഴിയുന്നില്ല
text_fieldsആലപ്പുഴ: മഴക്ക് ശമനമുണ്ടായിട്ടും വെള്ളക്കെട്ട് ഒഴിയുന്നില്ല. ജില്ലയിൽ ശനിയാഴ്ച ഒരുദുരിതാശ്വാസ ക്യാമ്പ് കൂടി തുറന്നു. ഇതോടെ ജില്ലയിൽ തുറന്ന ക്യാമ്പുകളുടെ എണ്ണം 58 ആയി. കാലവർഷത്തിൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മേയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ആലപ്പുഴയിലാണ്. 713.4 മി.മീറ്റർ മഴയാണ് കിട്ടിയത്. 59 ക്യാമ്പുകളിൽ 2220 കുടുംബങ്ങളിലെ 6768 പേരെയാണ് മാറ്റിപാർപ്പിച്ചത്. 2657 പുരുഷന്മാരും 3052 സ്ത്രീകളും 1059 കുട്ടികളും ഉൾപെടും.
ഏറ്റവും കൂടുതൽ നാശം അമ്പലപ്പുഴ താലൂക്കിലാണ്. ഇവിടെ മാത്രം 28 ക്യാമ്പുണ്ട്. 1682 കുടുംബത്തിലെ 2142 പുരുഷന്മാരും 2405 സ്തീകളും 835 കുട്ടികളും ഉൾപ്പെടെ 5382 പേർ താമസിക്കുന്നുണ്ട്. കാർത്തികപ്പള്ളി -എട്ട്, ചേർത്തല -നാല്, കുട്ടനാട് -അഞ്ച്, മാവേലിക്കര -11, ചെങ്ങന്നൂർ -മൂന്ന് എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. മഴക്കെടുതിയിൽ ഇതുവരെ 167 വീടുകളാണ് തകർന്നത്. ഇതിൽ ഏഴെണ്ണം പൂർണമായും 160 എണ്ണം ഭാഗികമായും തകർന്നു. പമ്പ, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ഉയരുന്നത് കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽ ആശങ്കയുണ്ട്. സമീപജില്ലകളായ കോട്ടയത്തും പത്തനംതിട്ടയിലും മഴയിൽ കിഴക്കൻവെള്ളത്തിന്റെ വരവ് കൂടിയതാണ് പ്രശ്നം.
മഴക്കെടുതി വ്യാപകമായ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സ്കൂൾ തുറക്കലിലും ആശങ്കയുണ്ട്. മഴ കനത്താൽ ദേശീയപാതയിലെ കുണ്ടുംകുഴിയും വെള്ളക്കെട്ടും കനത്തവെല്ലുവിളി ഉയർത്തും. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളടക്കം പ്രവൃത്തിക്കുന്ന സ്കൂളുകൾക്കൊപ്പം പലതും വെള്ളക്കെട്ട് നിറഞ്ഞതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വിദ്യാഭ്യാസവകുപ്പിന്റെ കണക്കനുസരിച്ച് മഴക്കെടുതിയിൽ ജില്ലയിൽ 36ലധികം സ്കൂളുകൾ ഇനിയും പ്രവർത്തനസജ്ജമായിട്ടില്ല.
90 ശതമാനം അധികമഴ
ആലപ്പുഴ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വേനൽമഴ കിട്ടിയത് ആലപ്പുഴയിൽ. മാർച്ച് ഒന്ന് മുതൽ മേയ് 31 വരെയുള്ള കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്കനുസരിച്ച് 90 ശതമാനം അധികമഴ ലഭിച്ചാണ് ഒന്നാമതെത്തിയത്. ഈകാലയളവിൽ പ്രതീക്ഷിച്ചിരുന്നത് 441.4 മി.മീറ്റർ മഴയായിരുന്നു.
837.2 മി. മീറ്റർ മഴയാണ് പെയ്തിറങ്ങിയത്. 87 ശതമാനം മഴ ലഭിച്ച കോട്ടയം രണ്ടും 78 ശതമാനം മഴകിട്ടിയ തിരുവനന്തപുരം മൂന്നും സ്ഥാനത്തുണ്ട്. വേനൽചൂടിൽ വെന്തുരുകിയ ആലപ്പുഴയിൽ മേയ് 15വരെ കാര്യമായ തോതിൽ മഴ ലഭിച്ചിരുന്നില്ല. പിന്നീടുള്ള ദിവസങ്ങളിലാണ് റെക്കോഡ് മഴ പെയ്തിറങ്ങിയത്. മഴകനത്തതോടെ 215 മി.മീറ്റർ വരെ ലഭിച്ച ദിവസങ്ങളുമുണ്ടായിരുന്നു. മേയ് 15വരെ 43 ശതമാനത്തിന്റെ മഴയുടെ കുറവാണുണ്ടായിരുന്നത്. അന്ന് 262.2 മി. മീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് 149.8 മി. മീറ്റർ മാത്രമാണ് കിട്ടിയത്. കഴിഞ്ഞവർഷം വേനൽമഴയിൽ 30 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. 441.4 മീ. മീറ്റർ കിട്ടേണ്ടിടത്ത് 308.7 മി. മീറ്ററാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.