നീന്താൻ നീളുന്ന കാത്തിരിപ്പ്: രാജാ കേശവദാസ് നീന്തൽകുളത്തിലെ അറ്റകുറ്റപ്പണി ഇഴയുന്നു
text_fieldsആലപ്പുഴ: ഇഴയുന്ന നവീകരണം രാജാകേശവദാസ് നീന്തൽ കുളത്തിനെ പിന്നോട്ടടിക്കുന്നു. പ്രഖ്യാപനങ്ങൾ പലതവണ നടന്നെങ്കിലും നാലുവർഷമായ അറ്റകുറ്റപ്പണി തീർന്നിട്ടില്ല. ഉടൻ തുറക്കുമെന്ന വാഗ്ദാനം കേട്ട് മടുത്ത് കായികപ്രേമികൾ.
90 ലക്ഷം രൂപ ചെലവിൽ നിർമിച്ച നീന്തൽക്കുളം 1997ലാണ് തുറന്നുകൊടുത്തത്. സംസ്ഥാന സ്പോർട്സ് കൗൺസിലിനായിരുന്നു പരിപാലന ചുമതല. ജില്ലതലത്തിൽ നീന്തൽ മത്സരം സംഘടിപ്പിക്കുന്നതിനും ചെറിയതുകക്ക് നീന്തൽ പഠിപ്പിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു ഇത്. ഒരേസമയം 60പേർക്ക് നീന്തൽ പഠിക്കുന്നതിന് സൗകര്യമുണ്ടായിരുന്നു. പിന്നീട്, സ്പോർട്സ് കൗൺസിൽ നീന്തൽക്കുളത്തിെൻറ പ്രവർത്തനം അവസാനിപ്പിച്ചതോടെ തകർച്ചയിലേക്ക് നീങ്ങി. നാളുകളായി ഉപയോഗിക്കാതായതോടെ ഉപകരണങ്ങൾ മോഷ്ടിക്കപ്പെട്ടു. കായികപ്രേമികളുടെ നിരന്തര പരിശ്രമത്തിനൊടുവിലാണ് വീണ്ടും സ്പോർട്സ് കൗൺസിൽ നീന്തൽക്കുളം സജ്ജമാക്കാൻ ഇറങ്ങിയത്. 2017ൽ ആരംഭിച്ച നവീകരണമാണ് വർഷങ്ങൾ പിന്നിട്ടിട്ടും പൂർത്തിയാകാത്തത്. കഴിഞ്ഞവർഷം മുഖ്യമന്ത്രിയുടെ നൂറുദിന കർമപദ്ധതിയിലും നീന്തൽക്കുളം തുറക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനങ്ങളുണ്ടായിരുന്നു.
രാജ്യാന്തര നിലവാരത്തിൽ 2.6 കോടി ചെലവിട്ടായിരുന്നു നവീകരണം. കായിക യുവജനകാര്യാലയം എൻജിനീയറിങ് വിഭാഗത്തിെൻറ നേതൃത്വത്തിലായിരുന്നു നവീകരണം. 27 ലക്ഷം ലിറ്ററാണ് നീന്തൽക്കുളത്തിെൻറ സംഭരണശേഷി. കുട്ടികളെ ഉൾപ്പെടെ പരിശീലിപ്പിക്കുന്നതിനായി സ്റ്റാർട്ടിങ് ബ്ലോക്ക്, സ്പോർട്ട് വാൽവ്, ലാഡർ തുടങ്ങിയവ സ്ഥാപിച്ചിരുന്നു.
ഗാലറിയിൽ 300 പേർക്ക് ഇരിക്കുന്നതിനാണ് സംവിധാനം ഒരുങ്ങുന്നത്. ഈ വർഷം ജനുവരി ആദ്യം നീന്തൽക്കുളത്തിൽ വെള്ളം നിറച്ച് ഉദ്ഘാടനംവരെ എത്തിയതാണ്. തുടർന്ന് മറ്റുചില പ്രശ്നങ്ങൾ കണ്ടെത്തിയതോടെയാണ് മാറ്റിയത്. നവംബർ ഒന്നിന് നീന്തൽക്കുളം തുറക്കുമെന്നാണ് ഒടുവിൽ വന്ന അറിയിപ്പ്.
തിരുവനന്തപുരത്തുചേർന്ന മന്ത്രിതല യോഗതീരുമാനം വിശദീകരിച്ച് പി.പി. ചിത്തരഞ്ജൻ എം.എൽ.എ പ്രഖ്യാപനവും നടത്തി. കായികമന്ത്രി വി. അബ്ദുറഹിമാെൻറ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മന്ത്രി സജി ചെറിയാൻ, എച്ച്. സലാം എം.എൽ.എ, ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യ രാജ് തുടങ്ങിയവർ പങ്കെടുത്തിരുന്നു.
എന്നാൽ, ഇതും യാഥാർഥ്യമായില്ല. അക്വാട്ടിക് അസോ. ചൂണ്ടിക്കാട്ടിയ പോരായ്മകൾ പരിഹരിക്കാത്തതായിരുന്നു പ്രശ്നം. കായികതാരങ്ങൾക്ക് പരിശീലനം നൽകാനോ അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയാക്കാനോ സാധിക്കില്ലെന്നായിരുന്നു പ്രധാന ആരോപണം.
ഇതിനു പരിഹാരം കാണാതെ ഉദ്ഘാടനം നടത്തരുതെന്നും സമരം ചെയ്യുമെന്നും അസോ. മുന്നറിയിപ്പ് നൽകി. അരക്കോടി ചെലവഴിച്ചാലേ മുഴുവൻ പ്രശ്നങ്ങളും പരിഹരിച്ച് തുറന്നുനൽകാനാവൂ. ഇതിന് നടപടി എങ്ങുമെത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.