സ്നേഹവീടിന്റെ തണലിൽ പൊന്നമ്മയുടെ വ്രതാനുഷ്ഠാനത്തിന് അകക്കണ്ണിന്റെ തെളിച്ചം
text_fieldsകായംകുളം: ഗാന്ധിഭവൻ സ്നേഹവീടിന്റെ ആശ്വാസത്തണലിൽ ജീവിതം നയിക്കുന്ന പൊന്നമ്മയുടെ നോമ്പിന് പ്രൗഢിയേറെ. ഓരോ നോമ്പുദിനവും കായംകുളം പുളിമുക്ക് പുത്തൻകണ്ടത്തിൽ പൊന്നമ്മക്ക് (58) സമ്മാനിക്കുന്നത് ആഹ്ലാദത്തിന്റെ നിമിഷങ്ങളാണ്. ആറുവർഷം മുമ്പ് തുടങ്ങിയ വ്രതാനുഷ്ഠാനം മുടക്കമില്ലാതെ തുടരുന്നു. പത്തനാപുരം ഗാന്ധിഭവനിൽനിന്ന് ശാഖയായ ഹരിപ്പാട്ടെ സ്നേഹവീട്ടിലെത്തിയ വർഷമാണ് വ്രതാനുഷ്ഠാനത്തിന്റെ മഹത്ത്വം പൊന്നമ്മ മനസ്സിലാക്കുന്നത്. ഇതിന് നിമിത്തമായത് അഭയകേന്ദ്രത്തിലെ ഈടുറ്റ സൗഹൃദത്തിൽനിന്നാണെന്നതും ശ്രദ്ധേയം.
അന്തേവാസിയായിരുന്ന കരുവാറ്റ സ്വദേശിനി ഉമൈബാന്റെ നോമ്പാണ് പൊന്നമ്മയെ സ്വാധീനിച്ചത്. ഒറ്റപ്പെട്ട ഉമൈബാനോട് ഐക്യപ്പെട്ടാണ് ആദ്യനോമ്പ് എടുക്കുന്നത്. മൂന്ന് വർഷം മുമ്പുവരെ ഉമൈബാൻ കൂട്ടിനുണ്ടായിരുന്നു. വാർധക്യഅവശത കലശലായതോടെ ഉമൈബാനെ പത്തനാപുരത്തേക്ക് മാറ്റിയെങ്കിലും പൊന്നമ്മ വ്രതം തുടരുകയായിരുന്നു. ആനാരി പള്ളിയിലെ നോമ്പുകഞ്ഞിയും പരിചരണത്തിന് സ്നേഹസമ്പന്നരായ സഹ അന്തേവാസികളുമുള്ളത് പൊന്നമ്മക്ക് ഏറെ ആശ്വാസമാകുന്നു. ജീവകാരുണ്യപ്രവർത്തകയായ അമ്പിളിയാണ് പള്ളിയിൽനിന്ന് കഞ്ഞി എത്തിക്കുന്നത്.
2009ലാണ് മാതാവ് കല്യാണിക്ക് ഒപ്പം ഇവർ പത്തനാപുരം ഗാന്ധിഭവനിൽ അഭയം തേടുന്നത്. വാർധക്യഅവശതകൾ ബാധിച്ച കല്യാണിയും കാഴ്ചയില്ലാത്ത മകളും വീട്ടിൽ ഒറ്റപ്പെട്ടതോടെ സാമൂഹികപ്രവർത്തകർ ഇടപ്പെട്ടാണ് അഭയ കേന്ദ്രത്തിലേക്ക് മാറ്റുന്നത്. എട്ട് വർഷം മുമ്പ് കല്യാണി മരിച്ചു. തുടർന്ന് 2017ൽ സ്നേഹവീട്ടിലെ ആദ്യ അന്തേവാസിയായിട്ടാണ് പൊന്നമ്മ ഇവിടെയെത്തുന്നത്. ഇരുൾമൂടിയ ജീവിതത്തെ അകക്കണ്ണിന്റെ തെളിച്ചത്തിൽ നേരിടാനുള്ള കരുത്താണ് ഇവരുടെ ആകെ കൈമുതൽ. പീരുമേട് സ്വദേശിയായ ഇവർ പിതാവ് കേശവൻ നായരുടെ മരണശേഷമാണ് 45 വർഷം മുമ്പ് കായംകുളത്ത് താമസമാക്കുന്നത്. ആറാംവയസ്സിൽ പൊന്നമ്മയുടെ കാഴ്ച നഷ്ടമായതോടെ മാതാവ് കല്യാണിയുടെ പ്രതീക്ഷകൾ നഷ്ടപ്പെട്ടു.
മൂന്ന് സെന്റ് സ്ഥലത്ത് പലക തറച്ച വീട്ടിൽ ദുരിതങ്ങളോട് മല്ലടിച്ചാണ് ഇവരുടെ ജീവിതം മുന്നോട്ടുപോയിരുന്നത്. ഇതിനിടെ ബസ് അപകടത്തിൽ കല്യാണിക്ക് പരിക്കേറ്റതോടെ ദുരിതം ഇരട്ടിച്ചു. ഇതോടെ ഗാന്ധിഭവനിൽ എത്തപ്പെട്ടത്. ഇപ്പോൾ സ്നേഹവീട്ടിലെ ജീവിതം ഏറെ സന്തോഷകരമാണെന്ന് പൊന്നമ്മ പറയുന്നു. 18 പേരാണ് ഇപ്പോൾ അന്തേവാസികളായുള്ളത്. ഒമ്പതുവീതം പുരുഷൻമാരും സ്ത്രീകളുമുണ്ട്. ഗാന്ധിഭവൻ സ്ഥാപകനായ ഡോ. പുനലൂർ സോമരാജനാണ് എല്ലാത്തിനും മേൽനോട്ടം വഹിക്കുന്നത്. ഡയറക്ടറായ മുഹമ്മദ് ഷമീറിനാണ് സ്നേഹവീടിന്റെ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.