Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്നേഹക്കുന്നിനുമുണ്ട്...

സ്നേഹക്കുന്നിനുമുണ്ട് കഥപറയാൻ

text_fields
bookmark_border
സ്നേഹക്കുന്നിനുമുണ്ട് കഥപറയാൻ
cancel

ഇവിടെ വീശുന്ന കാറ്റിന് വല്ലാത്തൊരു അനുഭൂതിയാണ്. കാറ്റിനറിയാം അതിജീവനത്തി‍െൻറ കുന്ന് കയറാനെത്തിയ വലിയൊരു വിഭാഗം ഭിന്നശേഷിക്കാരുടെ 'മലയോളം' പ്രതീക്ഷകൾ ഇവിടെ പൂത്തുലഞ്ഞു നിൽക്കുകയാണെന്ന്. മലപ്പുറം പുളിക്കൽ വലിയപറമ്പിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനുള്ള സ്ഥാപനമായ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദ ഡിസേബ്ൾഡിലെ അന്തേവാസികളുടെ നോമ്പുകഥ കേൾക്കാം.

കാഴ്ചപരിമിതരും ശ്രവണപരിമിതരും മാനസിക വെല്ലുവിളിയുള്ളവരും അരക്കുതാഴെ തളർന്നവരുമെല്ലാം ഒരുകുടക്കീഴിൽ ജീവിതസ്വപ്നം നെയ്യുകയാണിവിടെ.

നോമ്പിന് നാട്ടിൽ പോകുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ അന്തേവാസികളായ അജ്മലും വഹാബും ഒരേ സ്വരത്തിൽ പറഞ്ഞു. ''ഞങ്ങൾ നോമ്പുകാലം മുഴുവൻ ഇവിടെത്തന്നെയുണ്ടാവും. ഇവിടത്തെ റമദാൻ പെരുത്ത് ഇഷ്ടമാണ്.'' അവരുടെ നിഷ്കളങ്കമായ വാക്കുകളിൽ എല്ലാമുണ്ടായിരുന്നു.

വീടകങ്ങളിലെ ഒറ്റപ്പെടലുകൾക്കപ്പുറം എല്ലാ സ്വാതന്ത്ര്യവും ഇവിടെ അവർ ആസ്വദിച്ച് അനുഭവിക്കുകയാണ്. വീട്ടിലായിരിക്കുമ്പോൾ പള്ളിയിൽ പോകലും സമൂഹ നോമ്പുതുറയും വിരുന്നുപോയുള്ള നോമ്പുതുറക്കുമൊക്കെ ഇവർക്ക് പരിമിതികളുണ്ടായിരുന്നു. ഇവിടെ അവർ ഇഷ്ടപ്പെട്ട വിഭവങ്ങളോടെ എല്ലാവരും ഒന്നിച്ചിരുന്ന് സമഭാവനയോടെയുള്ള നോമ്പുതുറയുടെ സന്തോഷ നിമിഷത്തിനായി കാത്തിരിക്കുകയാണ്. പലപ്പോഴും വിശിഷ്ട വ്യക്തികളും അവർക്കൊപ്പം തുറക്കെത്തും.

ഇവിടെ എല്ലായിടവും ഭിന്നശേഷി സൗഹൃദമായതിനാൽ പള്ളിയിൽ പോയി എല്ലാ സമയത്തും സംഘടിത നമസ്കാരത്തിനും ജുമുഅക്കും തറാവീഹ്, തഹജ്ജുദിനും ഇഅ്തികാഫിനും ഖുർആൻ പാരായണത്തിനും അവസരം ലഭിക്കുന്നു. ബ്രെയിൽ ലിപിയിൽ ഖുർആൻ പഠനം, അറബിക് സൈൻ ഭാഷാപഠനം എന്നിവക്കും നോമ്പുകാലത്ത് ഏറെ അവസരമുണ്ട്. പുതുവസ്ത്രങ്ങളണിഞ്ഞ ഇവിടത്തെ ഈദ്ഗാഹും ഏറെ സന്തോഷകരമാണ്.

ഇവിടെയുള്ള സഹോദരമതസ്ഥരായ കുട്ടികളോടൊത്തുള്ള ജീവിതം പഠിപ്പിക്കുന്നത് പരസ്പര സഹവർത്തിത്വവും സ്നേഹവുമാണ്. നോമ്പുകാലത്ത് പലപ്പോഴും ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവരും നോമ്പുനോൽക്കും. ഭിന്നശേഷിക്കാർക്ക് ജീവിതത്തിൽ അയവിറക്കാനുള്ള സന്തോഷനിമിഷങ്ങളാണ് എബിലിറ്റിയിലെ നോമ്പുകാലം. മതഭേദമില്ലാതെ എല്ലാ വിഭാഗക്കാരും സാഹോദര്യത്തോടെ റമദാൻകാലം സ്നേഹാനുഭവമാക്കാറുണ്ടെന്നാണ് എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദ ഡിസേബ്ൾഡ് ചെയർമാനായ കെ. അഹമ്മദ് കുട്ടിക്ക് പറയാനുള്ളത്.

ഈ മുറ്റത്ത് ദാമ്പത്യജീവിതം നട്ടു...സഹദിനും ജസീലക്കുമിവിടെ രണ്ടാം റമദാൻ

കഴിഞ്ഞ റമദാനു തൊട്ടുമുമ്പാണ് മഞ്ചേരി സ്വദേശിയായ സഹദും പെരിന്തൽമണ്ണ സ്വദേശിനിയായ ജസീലയും എബിലിറ്റിയിൽവെച്ച് വിവാഹിതരായത്. വിവാഹത്തിന് വേദിയായതും എല്ലാ പിന്തുണയും നൽകിയതും ഇവർ പഠിച്ച് ജോലി ചെയ്യുന്ന സ്ഥാപനമായ എബിലിറ്റി ഫൗണ്ടേഷൻ തന്നെയാണ്. വൈകല്യം തളർത്തിയ ശരീരത്തോട് തളരാത്ത മനക്കരുത്തുമായി പൊരുതി പുതുജീവിതത്തിലേക്ക് കാലെടുത്തുവെച്ചവരാണ് ഭിന്നശേഷിക്കാരായ സഹദും ജസീലയും. അരക്കുതാഴെ തളർന്ന് വീൽചെയറിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോവുമ്പോഴാണ് ഇരുവരും അന്യോന്യം താങ്ങും തണലുമായി ഒരുമിച്ച് സഞ്ചാരം തുടങ്ങിയത്. വരുന്ന റമദാൻ സഹദിന്‍റെയും ജസീലയുടെയും ഒരുമിച്ചുള്ള രണ്ടാമത്തെ റമദാനാണ്. രണ്ടുവർഷം ഫാഷൻ ഡിസൈനിങ് പഠിച്ച് ഇവിടെത്തന്നെ ജോലി ചെയ്തുവരുകയാണ് ജസീല.

രണ്ടാം വയസ്സിൽ പോളിയോ ബാധിച്ചാണ് ജസീലക്ക് ചലനശേഷി നഷ്ടമായത്. സഹദ് വൈകല്യങ്ങളോടെയാണ് ജനിച്ചത്. ഒരുപാട് പരീക്ഷണങ്ങളെ അതിജീവിച്ചാണ് രണ്ടുപേരും ജീവിതത്തിൽ മുന്നേറുന്നത്. ജസീലക്ക് ബാല്യത്തിൽ തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ടിരുന്നു. ബി.എ വരെ പഠിച്ച സഹദ് കമ്പ്യൂട്ടർ പഠനത്തിനുശേഷം എബിലിറ്റിയിൽ ജോലി ചെയ്യുകയാണ്. എബിലിറ്റി തിരൂരിൽ നടത്തിയ ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള വിവാഹാന്വേഷണ സംഗമം 'പൊരുത്തം' പരിപാടിയിലാണ് ഇരുവരും കണ്ടുമുട്ടിയത്. നിലവിൽ എബിലിറ്റിയുടെ കോമ്പൗണ്ടിൽ തന്നെ ഇവർക്ക് താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

സാഹിറയുടെ നോമ്പുകാലം കാഴ്ചക്കുമപ്പുറം

കാഴ്ചപരിമിതിയിലും സാഹിറക്ക് എബിലിറ്റിയിലെ റമദാൻ കാലം ഏറെ സന്തോഷമാണ്. നോമ്പ് എടുത്തുതന്നെ സ്ഥാപനത്തിലെ ജോലികളിലും മറ്റു പ്രവർത്തനങ്ങളിലും സജീവമാകും. നോമ്പുകാലത്ത് പാചകത്തിന് പ്രത്യേക സംവിധാനമുണ്ടെങ്കിലും അടുക്കളയിൽ സഹായിക്കാൻ സാഹിറ പരിമിതികളെല്ലാം കണ്ണിലൊളിപ്പിച്ച് കൂടെയുള്ളവരെയും കൂട്ടി ഓടിയെത്തും. പത്തിരി പരത്തിയും മറ്റു വിഭവങ്ങൾ തയാറാക്കുന്നതിൽ സഹായിച്ചും സാഹിറയും കാഴ്ചപരിമിതരായ കൂടെയുള്ളവരും സജീവമാകും.

തറാവീഹ് നമസ്കാരത്തിനും ആരാധനകർമങ്ങൾക്കുമെല്ലാം ഇവിടെ ഏറെ സൗകര്യമുണ്ട്. ഇപ്രാവശ്യം ഇഅ്തികാഫ് ഇരിക്കണമെന്നാണ് ആഗ്രഹം. വീട്ടിലെ അനുഭവങ്ങളിൽനിന്ന് വ്യത്യസ്തമായ അനുഭവ കഥകളാണ് ഇവിടെനിന്ന് കിട്ടുന്നതെന്നും സാഹിറ പറഞ്ഞു. രണ്ടര കൊല്ലം എബിലിറ്റിയിൽ കമ്പ്യൂട്ടർ കോഴ്സ് പഠിക്കാനെത്തിയതാണ് സാഹിറ. അതിനുശേഷം ഇവിടെത്തന്നെ ഓഡിയോ എഡിറ്ററായി ജോലിക്ക് കയറി. ജന്മനാ കാഴ്ചശക്തിയില്ല. സാഹിറയുടെ നാലു സഹോദരങ്ങളിൽ രണ്ടുപേരും കാഴ്ചപരിമിതരാണ്. ഏഴുവരെ സ്പെഷൽ സ്കൂളിലും പിന്നീട് പത്തുവരെ സാധാരണ സ്കൂളിലുമാണ് പഠിച്ചത്. ഇതുപോലെ നിരവധി അന്തേവാസികളാണ് ഇവിടെ അതിജീവനത്തി‍െൻറ ജീവിതകഥകൾ നെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan 2022
News Summary - Ramadan memory of differently abled person
Next Story