ബി.എ അറബിക്കിൽ രഞ്ജു രാജിന് റാങ്ക് മധുരം
text_fieldsകായംകുളം: ബസുകൾ മാറിക്കയറിയുള്ള ദുരിതയാത്രകളെയും പ്രതിസന്ധികളെയും മറികടന്ന് അറബിക് ബിരുദം നേടാൻ ഓണാട്ടുകരയിൽ എത്തിയ മൺട്രോതുരുത്തുകാരി രഞ്ജു രാജിന്‍റെ റാങ്കിന് പത്തരമാറ്റിന്‍റെ തിളക്കം. കേരള സർവകലാശാലയുടെ ബി.എ അറബിക് പരീക്ഷയിൽ എം.എസ്.എം കോളജിലെ രഞ്ജു രാജിന് അഞ്ചാം റാങ്ക് ലഭിച്ചതിലൂടെ കൊല്ലം ജില്ലയിലെ ഉൾനാടൻ മത്സ്യത്തൊഴിലാളി ഗ്രാമത്തിനും അഭിമാനം.
ജീവിതത്തിലൊരിക്കൽ പോലും കേട്ടിട്ടില്ലാത്ത ഭാഷ പഠിക്കാനിറങ്ങുമ്പാൾ നിശ്ചയദാർഢ്യം മാത്രമായിരുന്നു ഈസ്റ്റ് കല്ലട കൊടുവിള രഞ്ജു മന്ദിരത്തിൽ രഞ്ജുവിന്‍റെ (22) കൈമുതൽ. പ്ലസ് ടു കഴിഞ്ഞപ്പോഴാണ് അറബിക് പഠനം മനസ്സിലേക്ക് വരുന്നത്. അറബിക് പഠനം ജീവിതവഴിയിൽ നിരവധി സാധ്യതകൾ തുറന്നുകിട്ടുമെന്ന രഞ്ജുവിന്‍റെ വിശ്വാസത്തിന് മനസ്സില്ലാമനസ്സോടെ വീട്ടുകാർ വഴങ്ങി.
നാട്ടുകാരിയും കൂട്ടുകാരിയുമായ ആർദ്രയാണ് അറബിക് പഠനത്തിനായി രഞ്ജുവിനെ പ്രേരിപ്പിച്ചത്. ഇരുവരും ഒന്നിച്ചാണ് അഫ്സലുൽ ഉലമ കോഴ്സിനായി കൊല്ലം മുസ്ലിം അസോസിയേഷനിൽ എത്തുന്നത്. അധ്യാപകരായ സമദ്, ജസ്ന, ബഷീർ, അബ്ദുൽ റഹ്മാൻ എന്നിവർ നൽകിയ പിന്തുണ തുടർപഠനത്തിന് കരുത്തായി. പാസായതോടെ രഞ്ജു എം.എസ്.എം കോളജിലേക്ക് ബിരുദത്തിനും ആർദ്ര അറബിക് ഡിപ്ലോമ കോഴ്സിനും ചേരുകയായിരുന്നു. എം.എസ്.എം കോളജിലെ ബിരുദ പഠന കാലയളവിനുള്ളിൽ കെ-ടെറ്റ് പരീക്ഷയും രഞ്ജു മറികടന്നിരുന്നു.
എം.എസ്.എമ്മിലെ അറബിക് വിഭാഗം മേധാവിയും വൈസ് പ്രിൻസിപ്പലുമായ മുഹമ്മദ് താഹ, അധ്യാപകരായ ഫാറൂഖ്, ഷെനിൽ, അഷറഫ്, അൻവർ, ഫർഹാന, റംഷാദ്, സമീർ തുടങ്ങിയവരുടെ പിന്തുണയാണ് റാങ്ക് നേടാൻ സഹായിച്ചതെന്ന് രഞ്ജു പറഞ്ഞു. ദിവസവും 85 കിലോമീറ്ററാണ് രാവിലെയും വൈകീട്ടുമായി പഠനത്തിനായി സഞ്ചരിച്ചത്. നാല് ബസുകൾ മാറിക്കയറണം. ഭാഷ സായത്തമായതിനൊപ്പം ഇസ്ലാമിന്‍റെ സംസ്കാരവും ചരിത്രവുമെല്ലാം പഠിക്കാനായെന്നതാണ് വലിയ റാങ്കെന്ന് രഞ്ജു പറയുന്നു. ചെന്നൈയിൽ ഡ്രൈവറായ പിതാവ് രാജൻ, മാതാവ് ബിന്ദു, സഹോദരൻ രഞ്ജിത്ത് എന്നിവർക്കാണ് തന്‍റെ വിജയം സമ്മാനിക്കുന്നതെന്നും രഞ്ജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.