എലിപ്പനി വ്യാപകം; 'കാരുണ്യ' വഴി പത്ത് ലക്ഷം പ്രതിരോധ ഗുളിക എത്തിക്കും
text_fieldsആലപ്പുഴ: എലിപ്പനി വ്യാപകമായ സാഹചര്യത്തിൽ ജില്ലക്ക് പ്രത്യേക പരിഗണന നൽകി പ്രതിരോധ ഗുളികയെത്തിക്കാൻ ആരോഗ്യ വകുപ്പ് നടപടി തുടങ്ങി. കേരള മെഡിക്കൽ സർവിസ് കോർപറേഷൻ (കെ.എം.എസ്.സി.എൽ) മരുന്ന് ലഭ്യമാക്കാത്തതിനെ തുടർന്നാണ് അടിയന്തര നടപടി.
ഈ സാമ്പത്തിക വർഷത്തിന്‍റെ തുടക്കത്തിൽ നൽകേണ്ട മരുന്നുകൾ ഇതുവരെ നൽകാൻ കെ.എം.എസ്.സി.എല്ലിന് കഴിഞ്ഞില്ല. ടെൻഡർ നടപടികളും പൂർത്തിയായില്ല. ഇനിയും കാത്തുനിന്നാൽ രോഗവ്യാപനം കൂടുമെന്നത് കണക്കിലെടുത്താണ് കാരുണ്യ ഫാർമസിയുടെ സഹകരണം തേടിയതെന്നാണ് സൂചന.
കെ.എം.എസ്.സി.എൽ ടെൻഡർ നടപടികൾ പൂർത്തിയാകുംവരെ ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റികളും തദ്ദേശ സ്ഥാനപങ്ങളും ചേർന്ന് മരുന്നുവാങ്ങണമെന്നായിരുന്നു ആരോഗ്യ വകുപ്പിന്‍റെ ആദ്യ നിർദേശം. അതനുസരിച്ച് ചിലയിടങ്ങളിൽ മരുന്നുവാങ്ങി.
സാമ്പത്തിക പ്രയാസമുള്ള ചില സ്ഥാപനങ്ങൾ നിർദേശം അവഗണിച്ചു. സർക്കാർ ആശുപത്രികൾക്ക് ആവശ്യമായ അളവിൽ മരുന്ന് സ്വകാര്യ മേഖലയിൽനിന്ന് സംഭരിക്കാനും തടസ്സമുണ്ടായി. ഇതെല്ലാം പ്രതിരോധത്തെ ബാധിച്ചു. കാരുണ്യ ഫാർമസി വഴി അടിയന്തര പ്രതിരോധത്തിനായി 10 ലക്ഷം ഡോക്സി സൈക്ലിൻ ഗുളികയാണ് ലഭ്യമാക്കുക. ഇതിൽ 60,000 ഗുളിക കഴിഞ്ഞദിവസമെത്തി. ബാക്കി ഉടനെത്തും.മറ്റൊരു ജില്ലയിലുമില്ലാത്ത തരത്തിൽ എലിപ്പനി വ്യാപനമാണ് ആലപ്പുഴയിൽ.
പ്രതിമാസം ശരാശരി 40 പേർക്ക് വരെ രോഗം പിടിപെട്ടു. അഞ്ചുദിവസത്തിനിടെ മാത്രം 24 പേർ രോഗബാധിതരായി. ഈ മാസം ഒരുമരണവും സംഭവിച്ചു. കേരളത്തിൽ ആകെ റിപ്പോർട്ട് ചെയ്യുന്ന എലിപ്പനിക്കേസുകളിൽ പകുതിയും ആലപ്പുഴയിലാണ്. പ്രതിരോധ മരുന്നിനുണ്ടായ ക്ഷാമമാണ് ഇതിന് കാരണമായതെന്നാണ് ആക്ഷേപം.
താഴ്ന്ന പ്രദേശങ്ങൾ ഏറെയുള്ള ജില്ലയിൽ എലിപ്പനി പ്രതിരോധത്തിനായി പ്രത്യേക പദ്ധതികൾ തയാറാക്കാതിരുന്നതും കുഴപ്പമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.