കിടപ്പുരോഗികൾക്ക് റേഷൻ; ‘ഒപ്പം’ പദ്ധതി ആലപ്പുഴയിൽ ഏപ്രില്‍ മുതൽ
text_fieldsആലപ്പുഴ: റേഷൻകടകളിൽ എത്തി ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ പ്രയാസമുള്ളവരുടെ വീടുകളിലേക്ക് ഇവ ഓട്ടോകളിൽ എത്തിച്ചുനൽകാൻ സർക്കാർ ആവിഷ്കരിച്ച ‘ഒപ്പം’ പദ്ധതി ഏപ്രിലിൽ ജില്ലയിൽ തുടങ്ങിയേക്കും. ഇതുസംബന്ധിച്ച് എ.ഡി.എം എസ്. സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ വിവിധ ട്രേഡ് യൂനിയനുകളിൽപെട്ട ഓട്ടോ ഡ്രൈവർമാരുടെ യോഗം ചേർന്നു. പദ്ധതിയുമായി ചേർന്നു പ്രവർത്തിക്കാൻ എല്ലാ യൂനിയനും സന്നദ്ധത അറിയിച്ചു.
കടയിലെത്തി റേഷൻ വാങ്ങാൻ കഴിയാത്ത വിധം കിടപ്പുരോഗികൾ, അവശതയനുഭവിക്കുന്നവർ, ഒറ്റക്ക് കഴിയുന്ന വയോധികർ എന്നിവർ ഉൾപ്പെടെയുള്ളവർക്കാണ് റേഷൻ വീട്ടിലെത്തിച്ച് നൽകുക. ജില്ലയിൽ ശാരീരിക അവശതയുള്ള 3000 പേരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ഇതിൽനിന്ന് റേഷൻകടയിൽ എത്താൻ ബുദ്ധിമുട്ടുള്ളവരെ തെരഞ്ഞെടുത്ത് വരുകയാണ്. ജില്ല സപ്ലൈ ഓഫിസറുടെ മേൽനോട്ടത്തിൽ താലൂക്ക് സപ്ലൈ ഓഫിസർമാരാണ് ‘ഒപ്പം’ പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. ഇ-പോസ് മെഷീനിൽ മാന്വൽ ട്രാൻസാക്ഷൻ മുഖേനയാകും റേഷൻ ധാന്യവിതരണം. റേഷനൊപ്പം കൈപ്പറ്റ് രസീതുകൂടി ഓട്ടോ ഡ്രൈവറുടെ പക്കൽ നൽകും. റേഷൻ കടയുടെ തൊട്ടടുത്ത ഓട്ടോ സ്റ്റാൻഡിൽനിന്നുള്ള ഡ്രൈവർമാരെയാകും പദ്ധതിക്കായി തെരഞ്ഞെടുക്കുക. ഓരോ മാസവും 10നകം റേഷൻ വീട്ടിലെത്തിക്കലാണ് ലക്ഷ്യം. ജില്ലയിൽ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ കൂട്ടായ്മ വൈകാതെ രൂപവത്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.