റേഷൻ കടയടപ്പ് സമരം 230 വ്യാപാരികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും
text_fieldsആലപ്പുഴ: റേഷൻവിതരണം തടസ്സപ്പെടുത്തി കടയടപ്പ് സമരം നടത്തിയ ജില്ലയിലെ 230 റേഷൻ വ്യാപാരികൾക്ക് സിവിൽ സപ്ലൈസ് വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകും. റേഷൻ മുടക്കിയാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് തുറക്കാത്ത റേഷൻ കടകളുടെ പട്ടിക തയാറാക്കി കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തീരുമാനിച്ചത്.
സർക്കാർ മുന്നറിയിപ്പ് അവഗണിച്ച് തിങ്കളാഴ്ച നടന്ന കടകളടച്ചുള്ള സമരം ചേർത്തല താലൂക്കിനെയാണ് ബാധിച്ചത്. മറ്റ് താലൂക്കുകളിൽ റേഷൻകടകൾ തുറന്നു പ്രവർത്തിച്ചു. ചേർത്തല താലൂക്കിലെ 220ഉം ചെങ്ങന്നൂർ താലൂക്കിലെ ഒരു ലൈസൻസിക്കുമാണ് നോട്ടീസ് നൽകുക.
ജില്ലയിൽ 1216 റേഷൻ കടകളാണുള്ളത്. ഇതിൽ 986 എണ്ണം പ്രവർത്തിച്ചു. ചേർത്തലയിലെ 287 റേഷൻ കടകളിൽ 58 എണ്ണം മാത്രമാണ് തുറന്നത്. സർക്കാർ നൽകാനുള്ള കമീഷൻ ഉൾപ്പെടെയുള്ള വിഷയം ഉന്നയിച്ച് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനിലെ ഒരു വിഭാഗമാണ് സമരത്തിൽ പങ്കാളികളായത്. മറ്റ് സംഘടനകൾ സമരത്തിൽനിന്ന് വിട്ടുനിന്നു.
ദേശീയ ഭക്ഷ്യഭദ്രത നിയമത്തിന്റെ പരിധിയിൽ വരുന്ന റേഷൻ കാർഡുടമകൾ ഭക്ഷ്യധാന്യം കിട്ടിയില്ലെന്ന് പറഞ്ഞ് പരാതിപ്പെട്ടാൽ തിങ്കളാഴ്ച സമരം ചെയ്ത റേഷൻ വ്യാപാരികൾ നഷ്ടപരിഹാരം നൽകേണ്ടിവരും. ഓരോ കിലോ ഭക്ഷ്യധാന്യത്തിനും പൊതുവിപണി വില നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.