മാരാരിക്കുളത്ത് റീ പോളിങ്; വോട്ടർമാർ ആവേശത്തിൽ
text_fieldsമാരാരിക്കുളം: മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ കാട്ടൂര് കിഴക്ക് വാര്ഡിലെ സര്വോദയപുരം സ്മാള് സ്കെയില് കയര് മാറ്റ് പ്രൊഡ്യൂസര് കോ-ഓപറേറ്റിവ് സൊസൈറ്റി ഹാളിലെ രണ്ടാംനമ്പര്പോളിങ് സ്റ്റേഷനിൽ തിങ്കളാഴ്ച റീപോളിങ് നടക്കും. രാവിലെ ഏഴ് മുതല് വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
866 വോട്ടർമാർക്കാണ് ഈ ബൂത്തിൽ വോട്ടുള്ളത്.
യന്ത്രതകരാറിനെ തുടർന്ന് റീ പോളിങ് നടക്കുന്ന മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18ാം വാർഡിലെ കാട്ടൂര് കിഴക്ക് സര്വോദയപുരം സ്മാള് സ്കെയില് കയര് മാറ്റ് പ്രൊഡ്യൂസര് കോഓപറേറ്റീവ് സൊസൈറ്റി ഹാളിലെ രണ്ടാം നമ്പര് പോളിങ് സ്റ്റേഷനിലാണ് വോട്ടെടുപ്പ്. വോട്ടെടുപ്പില് ഈ പോളിങ് സ്റ്റേഷനിലെ വോട്ടിങ് യന്ത്രത്തിെൻറ സാങ്കേതിക തകരാർ മൂലം രേഖപ്പെടുത്തിയ വോട്ടുകള് എണ്ണിത്തിട്ടപ്പെടുത്താന് കഴിയില്ലെന്ന് വരണാധികാരി റിപ്പോര്ട്ട് ചെയ്തതിനെ തുടര്ന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര് തെരഞ്ഞെടുപ്പ് അസാധുവാക്കിയതോടെയാണ് വീണ്ടും പോളിങ്ങിന് അവസരമൊരുങ്ങിയത്. 16ന് വോട്ടെണ്ണല് നടക്കും.
ആദ്യ പോളിങ് ദിവസം 717 വോട്ടുകളാണ് പോൾ ചെയ്തത്. തെരഞ്ഞെടുപ്പ് അസാധുവാക്കിയെന്ന് അറിയിപ്പ് കിട്ടിയയുടനെ മൂന്ന് മുന്നണികളും അരയും തലയും മുറുക്കി വീണ്ടും വോട്ട് അഭ്യർഥിച്ച് വീടുകളിൽ കയറിയിറങ്ങിയിരുന്നു.
ആദ്യത്തെ പ്രചാരണത്തെക്കാൾ വർധിച്ച ആവേശത്തിലാണ് സ്ഥാനാർഥികളും വോട്ടർമാരും. ശനിയാഴ്ച നടന്ന കലാശക്കൊട്ടും മൂന്ന് പക്ഷക്കാരും വർണാഭമാക്കിയിരുന്നു.
ആദ്യ വോട്ടിങ് സമയത്ത് കാണാൻ വിട്ടുപോയ വോട്ടർമാരെ ഉൾെപ്പടെ നേരിട്ട് കണ്ട് സ്ഥാനാർഥികൾ വോട്ട് ഉറപ്പിക്കുന്ന കാഴ്ചയായിരുന്നു ഇവിടെ. റീപോളിങ് തങ്ങൾക്ക് അനുകൂലമാകുമെന്ന് എല്ലാവരും വാദിക്കുമ്പോൾ കഴിഞ്ഞ തവണത്തെ പോളിങ് നടക്കുമോ എന്ന ആശങ്കയും സ്ഥാനാർഥികൾക്കുണ്ട്.
എൽ.ഡി.എഫ് സ്ഥാനാർഥി രാജിമോൾ ശിവദാസും യു.ഡി.എഫിലെ മെയ്മോളും എൻ.ഡി.എയുടെ എം.ആർ. സീമയുമാണ് വാർഡിൽ മത്സരരംഗത്ത് ഉള്ളത്.
ബ്ലോക്കിലേക്ക് സരസകുമാർ (എൽ.ഡി.എഫ്) പി.എസ്. രാജേഷ് (യു.ഡി.എഫ്), പി.കെ. അനിൽകുമാർ (എൻ.ഡി.എ) എന്നിവരും ജില്ല പഞ്ചായത്തിൽ കെ.ജി. രാജേശ്വരി (എൽ.ഡി.എഫ്), ശോശാമ്മ ലൂയിസ് (യു.ഡി.എഫ്), പ്രതിഭ ജയേഖർ (എൻ.ഡി.എ) എന്നിവരുമാണ് സ്ഥാനാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.