ജനകീയ ഹോട്ടലുകൾക്ക് ആശ്വാസം; ഊണിന് 30 രൂപ
text_fieldsആലപ്പുഴ: അന്നം മുടങ്ങാതിരിക്കാൻ പിടിച്ചുനിന്ന ജില്ലയിലെ ജനകീയ ഹോട്ടലുകൾക്ക് ആശ്വാസം. 20 രൂപക്ക് നൽകിയിരുന്ന ഊണിന് ഇനി 30 രൂപ ഈടാക്കാം. ആഗസ്റ്റ് മുതൽ സബ്സിഡി നിർത്തിയെന്ന് കാണിച്ച് ഇറക്കിയ പുതിയ സർക്കാർ ഉത്തരവിലാണ് ഈ നിർദേശം. ഉച്ചയൂണിന് 30 രൂപയും പാർസലിന് 35 രൂപയും ഈടാക്കാമെന്നാണ് ഉത്തരവിലുള്ളത്. ചോറിനൊപ്പം തോരൻ, അച്ചാർ, നാടൻ വിഭവം ഉൾപ്പെടെ മൂന്ന് തൊടുകറിയും ഒരു ഒഴിച്ചുകറിയും (സാമ്പാർ, രസം, മോരുകറി, പരിപ്പ്, മീൻകറി) എന്നിവ നിർബന്ധമായിരിക്കണം. വിലകൂട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നത് കലക്ടർ ചെയർമാനും ജില്ല പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനുമായ ജില്ല ആസൂത്രണ സമിതിയാണ്.
പുതിയ നിർദേശം ഗുണകരമാണെന്നാണ് നടത്തിപ്പുകാരായ കുടുംബശ്രീ പ്രവർത്തകർ പറയുന്നത്. 20 രൂപക്ക് ഊണ് നൽകിയിരുന്നപ്പോൾ സബ്സിഡിയായ 10 രൂപ കിട്ടാൻ മാസങ്ങളോളം കാത്തിരിക്കണം. ഇനി ഊണ് നൽകിയാലുടൻ 10 രൂപ കിട്ടുമെന്നതാണ് മെച്ചം. ഇതിനൊപ്പം സ്വന്തമായി വരുമാനം കൂട്ടാൻ കഴിയും. ഇതിൽ പ്രധാനമാണ് സ്പെഷൽ വിഭവങ്ങൾ. അതത് സംരംഭകൻ നിശ്ചയിക്കുന്ന തുക ഈടാക്കാം. അതിദരിദ്രർ, അശരണർ, കിടപ്പുരോഗികൾ എന്നിവക്ക് സൗജന്യ ഭക്ഷണം തദ്ദേശസ്ഥാപനങ്ങൾ ആവശ്യപ്പെട്ടാൽ നൽകണം. ഹോട്ടൽ പ്രവർത്തിക്കാൻ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കേണ്ടത് തദ്ദേശസ്ഥാപനങ്ങളാണ്.
തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തുന്ന സ്ഥലങ്ങളിൽ റസ്റ്റാറന്റ് മാതൃകയിലും ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കാം. 30 ശതമാനം ഹോട്ടലുകളിലും ഉച്ചയൂണ് മാത്രമാണുള്ളത്. പ്രഭാതഭക്ഷണം, ചായ, ചെറുകടി തുടങ്ങിയവയും ഉൾപ്പെടുത്തി വരുമാനം കൂടുതൽ വർധിപ്പിക്കാം. നേരത്തേ ഊണ് വിൽപന കഴിഞ്ഞ് ക്ലെയിം ചെയ്യുന്നത് അനുസരിച്ച് കുടുംബശ്രീ ജില്ല മിഷനിൽനിന്നാണ് തുക അനുവദിക്കുന്നത്. തുടക്കത്തിൽ 87 ജനകീയ ഹോട്ടലുകളുണ്ടായിരുന്നു. സബ്സിഡി മുടങ്ങിയതടക്കം കാരണങ്ങളാൽ 16 എണ്ണം പൂട്ടി. നിലവിൽ 71 എണ്ണമാണ് പ്രവർത്തിക്കുന്നത്. ഓരോ ജനകീയ ഹോട്ടലിനും വിൽപനക്കനുസരിച്ച് നാല് മുതൽ 10 വരെ ജീവനക്കാരാണുള്ളത്. ജില്ലയിൽ 200ലധികം പേരാണ് ഈമേഖലയിൽ പണിയെടുക്കുന്നത്. സബ്സിഡി ഇനത്തിൽ മാത്രം ജില്ലക്ക് 4.5 കോടിയാണ് കിട്ടാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.