മാലിന്യം നിറഞ്ഞ് കെ.ഐ.പി കനാല്‍; പുറത്തിറങ്ങാനാകാതെ പരിസരവാസികൾ
text_fieldsകെ.ഐ.പി കനാലിൽ മാലിന്യം കൂടിക്കിടക്കുന്നു
ചാരുംമൂട്: കനാൽ തുറന്നപ്പോൾ ഒഴുകിയെത്തിയത് മാലിന്യക്കൂമ്പാരം. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുകയും കൃഷി നശിക്കുന്ന സാഹചര്യമുണ്ടാകുകയും ചെയ്തപ്പോഴാണ് കഴിഞ്ഞ ദിവസം കനാൽ തുറന്നുവിട്ടത്. ഇലട്രോണിക് ഉപകരണങ്ങൾ, മദ്യക്കുപ്പികൾ, പ്ലാസ്റ്റിക് മാലിന്യവും അറവുശാലകളിലെ ഇറച്ചി അവശിഷ്ടങ്ങളുമാണ് ഒഴുകിയെത്തുന്നത്. മലിനജലം ഊറി ഇറങ്ങി കിണറുകൾ നിറഞ്ഞെങ്കിലും ക്ലോറിനേഷൻ നടത്തി വെള്ളം ശുദ്ധീകരിക്കാനും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. മഞ്ഞപ്പിത്തമടക്കമുള്ള രോഗങ്ങൾ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് കനാലിന്റെ വശങ്ങളിൽ താമസിക്കുന്നവർ.
മാലിന്യം കൂടിക്കിടക്കുന്നതിനാല്‍ കനാലിന്റെ സമീപത്ത് രൂക്ഷ ദുര്‍ഗന്ധമാണ്. ഉപകനാലുകൾ അറ്റകുറ്റപ്പണി നടത്താത്തതിനാൽ പലസ്ഥലങ്ങളിലും വെള്ളം ഗതിമാറിയൊഴുകുന്ന സ്ഥിതിയും ഉണ്ട്. കഴിഞ്ഞവർഷം ചുനക്കരയിൽ കനാൽ തകർന്ന ഭാഗത്തെ അറ്റകുറ്റപ്പണി പൂർത്തിയാക്കാത്തതിനാൽ ചുനക്കര, തെക്കേക്കര പഞ്ചായത്തുകളിലേക്ക് വെള്ളമെത്താൻ വൈകും. മുൻകാലങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികള്‍ കനാലും പരിസരവും ശുചിയാക്കിയിരുന്നു. എന്നാല്‍, ഇത്തവണ അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതിനാൽ കനാലും പരിസരവും കാടുപിടിച്ചു ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി.
കഴിഞ്ഞ തവണ കനാലില്‍ വെള്ളം വന്നതിനെ തുടര്‍ന്ന് പല ഭാഗങ്ങളിലും ചപ്പുചവറുകളും മാലിന്യവും അടിഞ്ഞുകൂടി വെള്ളം താഴ്ന്ന പ്രദേശങ്ങളില്‍ ഒഴുകിയെത്തിയത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇത്തവണയും പലഭാഗത്തും കനാൽ ചോർന്ന് ലക്ഷക്കണക്കിനു ലിറ്റർ വെള്ളമാണ് പാഴാകുന്നത്. പുതുപ്പള്ളികുന്നം തെക്ക് പാലമൂട്ടിൽ കനാലിന്റെ താഴ്ഭാഗത്തുള്ള പത്തോളം വീടുകൾക്കുചുറ്റും വെള്ളംകയറി. കനാലിലെ മാലിന്യക്കൂമ്പാരം അടിയന്തരമായി നീക്കംചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.