അരി വില കുതിക്കുന്നു
text_fieldsആലപ്പുഴ: ജനപ്രിയ ബ്രാൻഡായ ജയ അരിയുടെ വില കുതിച്ച് കിലോക്ക് 60ൽ എത്തി. ഓണത്തിന് 49 രൂപയായിരുന്നു ഹോൾസെയിൽ വില. നിലവിൽ 57 രൂപയാണ്. ചില്ലറ വ്യാപാരികളിൽനിന്ന് അരി വാങ്ങുമ്പോൾ 60 രൂപ തികച്ച് കൊടുക്കണം. ഓണക്കാലത്തെ തിരക്കിന് ശേഷം താഴുമെന്ന് കരുതിയിരുന്ന അരിവിലയാണ് കുതിച്ചുയർന്നത്.
രണ്ട് മാസം കൊണ്ട് പത്ത് രൂപയിലധികമാണ് ജയക്ക് കൂടിയത്. രൂചിയിലെ മേന്മയും പെട്ടെന്ന് കേടാവില്ലെന്നതുമാണ് ജയ അരിയെ ജനകീയമാക്കുന്നത്. എന്നാൽ, വില കൂടിയതോടെ സ്ഥിരം ഉപഭോക്താക്കൾ പോലും വഴിമാറി. റേഷൻ കടകളിൽനിന്ന് അവരവരുടെ അരിവിഹിതം കൃത്യമായി വാങ്ങാൻ സാമ്പത്തികമായി പിന്നിലല്ലാത്തവരും തയാറാകുന്ന സ്ഥിതിയാണ്. കാലാവസ്ഥ വ്യതിയാനം മൂലം ആന്ധ്രയിൽ കൃഷി കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന സ്ഥിരം പല്ലവിയാണ് വിതരണക്കാരുടേത്. ഉപഭോക്താക്കൾക്ക് സമാനമായി ചെറുകിട കച്ചവടക്കാരും വിലക്കയറ്റത്തിൽ വലയുന്നു. മുമ്പ് ചാക്ക് കണക്കിന് അരി സ്റ്റോക്ക് ചെയ്തിരുന്നവർ അതിൽനിന്ന് പിൻമാറി. ഉപഭോക്താക്കൾ പിൻവലിഞ്ഞ് നിൽക്കുന്നതാണ് കാരണം.
അടുത്ത മാർച്ച് വരെ വിലയിൽ വലിയ മാറ്റം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വ്യാപാരികളുടെ പക്ഷം. സുരേഖ അരി 46നും ഉണ്ട അരി 44 നും ലഭ്യമാണെങ്കിലും ജയ വില ഉയർന്നു നിൽക്കുന്നത് ഇഷ്ട ബ്രാൻഡ് ഉപയോഗിക്കാൻ കഴിയാത്തതിന്റെ വിഷമം മറച്ചുവെക്കുന്നില്ല പലരും. സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ മുഴുവൻ അരി ബ്രാൻഡുകൾക്കും വില കുതിച്ചു കയറുമെന്നാണ് വ്യാപാരികൾ പറയുന്നത്.
വ്യാപാരം തീരെ കുറഞ്ഞെങ്കിലും വീണ്ടും വില ഉയർത്താനുള്ള ശ്രമമാണ് മില്ലുടമകൾ നടത്തുന്നത്. പ്രതിസന്ധിയിൽനിന്ന് കരകയറാൻ സർക്കാർ ഇടപെടണമെന്ന അഭിപ്രായം വ്യാപാരികളും പങ്കുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.