വിവരാവകാശം: രേഖകൾ നൽകാത്ത ഒമ്പത് ഉദ്യോഗസ്ഥർക്ക് ഷോക്കോസ്
text_fieldsആലപ്പുഴ: വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷകൾക്ക് ഫയലിലെ രേഖകൾ കൃത്യസമയത്ത് ലഭ്യമാക്കാതിരുന്ന ജില്ലയിലെ ഒമ്പത് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതിന് മുന്നോടിയായി സംസ്ഥാന വിവരാവകാശ കമീഷൻ കാരണംകാണിക്കൽ നോട്ടീസ് നൽകി. അപേക്ഷക്ക് മറുപടി നൽകുന്ന ഉദ്യോഗസ്ഥരുടെ പേരും ഔദ്യോഗിക വിലാസവും ലഭ്യമാക്കാതിരിക്കുക, ഒന്നാംഅപ്പീൽ അധികാരിയെക്കുറിച്ച് വിവരം നൽകാതിരിക്കുക, തെറ്റിദ്ധരിപ്പിക്കുന്നതും മറച്ചുവെക്കുന്നതുമായ മറുപടികൾ നൽകുക എന്നീ കുറ്റങ്ങൾക്ക് നാല് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. ജില്ല പഞ്ചായത്ത് ഹാളിൽ സംസ്ഥാന വിവരാവകാശ കമീഷണർ എ.എ. ഹക്കീമിന്റെ അധ്യക്ഷതയിൽ ചേർന്ന സിറ്റിങ്ങിലാണ് തീരുമാനം.
മാവേലിക്കര ബിഷപ്മൂർ കോളജിൽ മലയാളം അസി. പ്രഫസർ നിയമനത്തിന് നടത്തിയ അഭിമുഖത്തിന്റെ സ്കോർഷീറ്റ് പകർപ്പും ഇന്റർവ്യൂ ബോർഡിന്റെ തീരുമാനവും സംബന്ധിച്ച വിവരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡോ. ആർ. രാജി നൽകിയ അപേക്ഷയിൽ വിവരം ഉദ്യോഗാർഥികളെ അറിയിക്കണമെന്ന് കമീഷൻ നിർദേശിച്ചു. വിവരാവകാശ അപേക്ഷതന്നെ കാണാനില്ലെന്നുകാട്ടി അപേക്ഷകനായ പി.സി. ജോർജിന് ലഭ്യമാക്കിയ പരാതിയിൽ കായംകുളം നഗരസഭയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടിക്ക് ശിപാർശ ചെയ്യും. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് സ്കൂളിലെ മുൻ ഹെഡ്മിസ്ട്രസ് കെ.കെ. നിക്രൂമക്ക് സർവിസ് ആനുകൂല്യം സംബന്ധിച്ച വിവരം അടിയന്തരമായി ലഭ്യമാക്കാൻ കമീഷൻ നിർദേശിച്ചു.
തത്തംപള്ളി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽനിന്ന് മണി കെ.ബേബിക്ക് നൽകിയ വിവരങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതും സാമ്പത്തിക ക്രയവിക്രയങ്ങളിൽ സുതാര്യതക്കുറവും ഉള്ളതിനാൽ ഉന്നതതല അന്വേഷണം നടത്തും. ഹരിപ്പാട് സബ് ട്രഷറിയുടെ സ്ട്രോങ് റൂമുകളിൽ ഒന്ന് തുറക്കാനാവുന്നില്ലെന്നുകാട്ടി വിവരാവകാശ അപേക്ഷകന് ട്രഷറി ഓഫിസർ നൽകിയ മറുപടിയുടെ അടിസ്ഥാനത്തിൽ സ്ട്രോങ് റൂം തുറന്ന് വിവരങ്ങൾ ലഭ്യമാക്കാൻ ട്രഷറി വകുപ്പ് ഡയറക്ടറോട് നിർദേശിച്ചു.
ആറ് കേസുകളിൽ ഉദ്യോഗസ്ഥരെ തൽക്ഷണം വിളിച്ചുവരുത്തി വിവരങ്ങൾ ലഭ്യമാക്കി. വിവരാവകാശ നിയമപ്രകാരം സമർപ്പിക്കുന്ന അപേക്ഷകൾക്ക് വിവരാവകാശപ്രകാരമുള്ള ഫീസ് മാത്രമേ ഈടാക്കാവൂവെന്നും കമീഷൻ നിർദേശിച്ചു. കൂടുതൽ തുക വാങ്ങുന്ന ഉദ്യോഗസ്ഥർ ശിക്ഷാർഹരാണ്. ഒരു പേജ് വരുന്ന പകർപ്പിന് മൂന്ന് രൂപ എടുക്കാൻ ഡ്രാഫ്റ്റോ ചെല്ലാനോ മുഖാന്തരം പണം അടയ്ക്കാൻ നിർദേശിച്ച ഉദ്യോഗസ്ഥരെ കമീഷൻ ശകാരിച്ചു. ടി.ആര്. 5 രസീത് നൽകി കോപ്പികൾ നൽകണം. സബ് കലക്ടറുടെ ഓഫിസിലെ വിവരങ്ങൾ തേടിയുള്ള അപേക്ഷയിൽ ഫയലുകൾ വിളിച്ചുവരുത്തി എ.ഡി.എമ്മിന്റെ സാന്നിധ്യത്തിൽ ഹരജിക്കാരന് ഫയൽ പരിശോധിക്കാനും കമീഷൻ അനുമതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.