മഴ, കിഴക്കൻ വെള്ളം; നിറഞ്ഞൊഴുകി പുഴകൾ, ആധിയിൽ കുട്ടനാട്
text_fieldsആലപ്പുഴ: ജില്ലയിൽ ബുധനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച ഉച്ചവരെ പിന്നിട്ട രണ്ട് ദിവസങ്ങളിലേതിനേക്കാൾ കൂടുതൽ സമയം മഴ പെയ്തു. തുള്ളിവിടാതെ പെയ്ത മഴ ഇന്നലെ ഉച്ചക്ക് ശേഷമാണ് തോർന്നത്. ഇതോടെ വീണ്ടും റെഡ് അലർട്ട് പട്ടികയിലായി ജില്ല. മലയോര മേഖലയിലെ ശക്തമായ മഴയിൽ പമ്പ, അച്ചൻകോവിലാറുകൾ നിറഞ്ഞൊഴുകുകയാണ്. മണിമലയാറും നിറഞ്ഞു. പ
ലയിടത്തും അപകട നിലക്കും മുകളിലാണ് ജലനിരപ്പ്. തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കിഴക്കൻ മേഖലയിൽ മഴ കനക്കുമ്പോൾ അപ്പർ കുട്ടനാടൻ മേഖല ആധിയിലാണ്. കിഴക്കൻ വെള്ളം ഒഴുകിയെത്തുന്ന പമ്പ, അച്ചൻകോവിൽ, മണിമലയാറുകളിൽ ജലവിതാനം ഒന്നര അടി കൂടിയാണ് വ്യാഴാഴ്ച ഉയർന്നത്.
തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട് എന്നിവയുടെ ഷട്ടറുകൾ തുറന്നു കിടക്കുന്നതിനാൽ അതുവഴി കടലിലേക്ക്, വൻ തോതിൽ ജലം തടസ്സമില്ലാതെ ഒഴുകിപ്പോകുന്നതാണ് നിലവിൽ അപ്പർ കുട്ടനാടിന് ആശ്വാസം. അച്ചൻകോവിലാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ ചെന്നിത്തല -തൃപ്പെരുംന്തുറ, വെൺമണി പഞ്ചായത്തുകളിൽ ജനജീവിതം ദുസ്സഹമാകും.
വരട്ടാർ, ആദിപമ്പ, പമ്പാ - അച്ചൻ കോവിൽ നദികളുടെ കൈവഴിയായ കുട്ടമ്പേരൂർ ആറ് എന്നിവിടങ്ങളിൽ ജലവിതാനം ഉയരുന്നത് ബുധനൂർ, മാന്നാർ, ചെന്നിത്തല പാണ്ടനാട്, തിരുവൻ വണ്ടൂർ പഞ്ചായത്തുകളെ ബാധിക്കും.നദിയുമായി ബന്ധപ്പെട്ടുള്ള ജലനിർഗമന മാർഗങ്ങളായ തോടുകൾ പാഴ്ചെടികളും മരങ്ങളും മാലിന്യങ്ങളും നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു കിടക്കുന്നതിനാൽ ഗ്രാമങ്ങളുൾപ്പെടെ ഉൾപ്രദേശങ്ങളിൽ റോഡുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്.
പാണ്ടനാട് പടിഞ്ഞാറ് മുട്ടാണി, മാന്നാർ പാവുക്കര ഒന്ന്, രണ്ട്, മൂന്ന് വാർഡുകൾ, മുളക്കുഴ, തുലാക്കുഴി, തിരുവൻവണ്ടൂർ നന്നാട്, ഇടനാട്, മംഗലം, കുട്ടനാട് രാമങ്കരി പഞ്ചായത്ത് വേഴപ്ര അരികോടിച്ചിറ, കുഴിക്കാല, മുന്നൂറിൻചിറ കോളനികളിലെ മിക്ക വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.
2.85 കോടിയുടെ കൃഷിനാശം
ആലപ്പുഴ: കനത്ത മഴയിൽ ജില്ലയിൽ 2.85 കോടി രൂപയുടെ കൃഷിനാശം ഉണ്ടായതായി കൃഷിവകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. 158 ഹെക്ടറിലെ കൃഷി പൂർണമായും നശിച്ചു. 1930 കർഷകരെയാണ് ഇതു ബാധിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. വൈകി വിതച്ച രണ്ടാം കൃഷിയടക്കമാണ് തുടർ മഴയിൽ നശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.