ആർ.എസ്.എസിന്റെ ഫാഷിസത്തെ തോൽപിക്കണം -എം.വി. ഗോവിന്ദൻ
text_fieldsആലപ്പുഴ: ആർ.എസ്.എസിന്റെ ഫാഷിസത്തെ തോൽപിക്കുകയെന്നതാണ് ഇന്ത്യൻ ജനതയുടെ കടമയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പുന്നപ്ര-വയലാർ സമരത്തിന്റെ 77ാമത് വാരാചരണത്തിന്റെ ഭാഗമായി പുന്നപ്ര സമരഭൂമിയിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തെയും മതേതരത്വത്തെയും സംഘ്പരിവാർ അട്ടിമറിക്കുകയാണ്. സ്വാമി വിവേകാനന്ദനും ഗാന്ധിയും പറഞ്ഞതല്ല ആർ.എസ്.എസിന്റെ ഹിന്ദുത്വം. മണിപ്പൂരിൽ കണ്ടത് ആർ.എസ്.എസ് ഗുജറാത്തിൽ നടപ്പാക്കിയ തന്ത്രമാണ്.
കലാപങ്ങളിലൂടെ സംസ്ഥാനങ്ങളെ വിഭജിക്കാൻ സംഘ് പരിവാറിന് കഴിയുമെന്നതിന്റെ അവസാന തെളിവാണത്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെയാണ് ഫലസ്തീൻ ജനതയെ ഇല്ലായ്മ ചെയ്യുന്നത്. ഇതിനെ പിന്തുണക്കുന്ന ഇന്ത്യയുടേ നയം അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. മുദ്രാവാക്യം മുഴക്കി രക്തസാക്ഷി മണ്ഡപത്തില്‍ ആയിരങ്ങൾ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറിയെ കൂടാതെ കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത, മുൻമന്ത്രി ജി. സുധാകരന്, ജില്ല സെക്രട്ടറി ആര്. നാസര്‍, സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, വി.എസ്. അച്യുതാനന്ദന്റെ മകൻ വി.ആർ. അരുൺകുമാർ, എ.എം. ആരിഫ് എം.പി, എം.എൽ.എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ, യു. പ്രതിഭ, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ ജി. ഹരിശങ്കര്‍, ജി. രാജമ്മ, വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ.കെ. ജയന്, സെക്രട്ടറി എ. ഓമനക്കുട്ടന് എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു. സമരഭൂമിയിൽ ചേര്‍ന്ന അനുസ്മരണ സമ്മേളനത്തിൽ ആർ. നാസർ, ടി.ജെ. ആഞ്ചലോസ് എന്നിവർ സംസാരിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കാനുള്ള ദീപശിഖ സമരനായകൻ പി.കെ. ചന്ദ്രാനന്ദന്റെ മകൾ ഉഷ വിനോദ് കൊളുത്തി അതലറ്റ് എൻ. ശിവകുമാറിന് കൈമാറി.
പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിൽ പര്യടനത്തിനുശേഷം സമരഭൂമിയിൽ തിരിച്ചെത്തിയ ദീപശിഖ ഇ.കെ. ജയൻ ഏറ്റുവാങ്ങി രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.