സ്കൂൾ കലോത്സവം; ഉപജില്ലകളിൽ മത്സരം പലവിധം
text_fieldsകായംകുളം: സ്കൂൾ കലോത്സവത്തിൽ മാന്വൽ പ്രകാരം മത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ ഉപജില്ലകൾ രണ്ടുതരം സമീപനം സ്വീകരിക്കുന്നത് ചർച്ചയാകുന്നു. യു.പി വിഭാഗം മലയാളം പ്രസംഗമത്സരം സംബന്ധിച്ചാണ് പരാതി വ്യാപകം. മത്സരത്തിന് അഞ്ചുമിനിറ്റ് മുമ്പ് മാത്രം വിഷയം നൽകണമെന്നാണ് മാന്വൽ നിഷ്കർഷിക്കുന്നത്. എന്നാൽ, ഇത് ലംഘിച്ച് ചെങ്ങന്നൂർ, മാവേലിക്കര അടക്കമുള്ള ഉപജില്ലകൾ ദിവസങ്ങൾക്ക് മുമ്പുതന്നെ വിഷയം നൽകിയതാണ് ചർച്ചയാകുന്നത്.
രണ്ടും മൂന്നും വിഷയങ്ങളാണ് ഇത്തരത്തിൽ നൽകിയത്. ഇതിൽ ഒരെണ്ണമാണ് മത്സരത്തിനായി തെരഞ്ഞെടുക്കുന്നത്. കായംകുളം അടക്കമുള്ള ഉപജില്ലകളാകട്ടെ മാന്വൽ പ്രകാരം മത്സരത്തിന് അഞ്ച് മിനിറ്റ് മുമ്പ് മാത്രമേ വിഷയം നൽകൂവെന്നാണ് പറയുന്നത്. ഉപജില്ലകളിൽ രണ്ടുതരം സ്വഭാവത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നത് ജില്ലതല മത്സരത്തെ ബാധിക്കും.
കാണാതെ പഠിച്ച് പറയുന്ന സമീപനം ഒഴിവാക്കാനാണ് വിഷയം മത്സരത്തിന് അഞ്ച് മിനിറ്റ് മുമ്പ് നൽകിയാൽ മതിയെന്ന പരിഷ്കരണത്തിന് കാരണമായത്. അതേസമയം, എൽ.പി വിഭാഗത്തിന് വിഷയം മുൻകൂട്ടി നൽകുന്നുണ്ട്. കൂടാതെ യു.പി വിഭാഗത്തിൽ അറബി, ഉർദു, തമിഴ്, ഇംഗ്ലീഷ്, കന്നട തുടങ്ങിയ വിഷയങ്ങളിൽ എല്ലാ ഉപജില്ലകളിലും മുൻകൂട്ടി വിഷയം നൽകുന്നു. മലയാളത്തിന് മാത്രമാണ് മറിച്ചൊരു സമീപനം സ്വീകരിച്ചിരിക്കുന്നത്.
സംഭവം ചർച്ചയായതോടെ ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാരും സംഘാടക സമിതികളും പ്രാദേശികമായി മാന്വൽ പരിഷ്കരണം നടപ്പാക്കുന്നത് ശരിയായ രീതിയല്ലെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. അതേസമയം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിന്റെ വീഴ്ചയാണ് ഇതിന് കാരണമെന്നാണ് പറയുന്നത്. പൊതുനിർദേശം നൽകി മത്സരം ഏകോപിപ്പിക്കുന്നതിൽ സംഭവിച്ച പാളിച്ചയാണ് ഉപജില്ലകൾ തോന്നിയനിലയിൽ കാര്യങ്ങൾ നടപ്പാക്കുന്നതിന് കാരണമെന്നാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.