സ്കൂൾ കലോത്സവം; അറബി-സംസ്കൃതം വിദ്യാർഥികളെ ഒഴിവാക്കൽ വിവാദമാകുന്നു
text_fieldsകായംകുളം: സ്കൂൾ കലോത്സവത്തിൽ അറബിക്, സംസ്കൃതം സാഹിത്യ മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികളെ ജനറൽ വിഭാഗത്തിൽനിന്ന് ഒഴിവാക്കാനുള്ള നീക്കം വിവാദമാകുന്നു. അറബിക് കലോത്സവം, സംസ്കൃത കലോത്സവം എന്നിവക്ക് സ്കൂൾതലത്തിൽ ആ വിഷയങ്ങൾ എടുത്തുപഠിക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേകമായി നടത്തിയ കലോത്സവം സംഘടന സൗകര്യാർഥം പിന്നീട് ജനറൽ വിഭാഗത്തിനൊപ്പം നടത്തുകയായിരുന്നു. വ്യക്തിഗതമായി മൂന്നിനങ്ങളിലും ഗ്രൂപ് തലത്തിലെ രണ്ടിനങ്ങളിലും പങ്കെടുക്കുന്ന കുട്ടികൾക്ക് ജനറൽ വിഭാഗത്തിലും അവസരം നൽകി. അറബിക്-സംസ്കൃതോത്സവങ്ങൾക്ക് പ്രത്യേകമായി ഓവറോളും നൽകിയിരുന്നു. കോവിഡിന് മുമ്പ് അവസാനമായി നടന്ന സ്കൂൾ കലോത്സവവും ഈ മാനദണ്ഡത്തിലാണ് നടന്നത്. എന്നാൽ, ഈ വർഷം സ്കൂൾ മാനുവലിൽ പ്രത്യേകമായി ഒരു മാറ്റവും വരുത്താതെ സ്കൂൾ തലത്തിൽ കലോത്സവങ്ങൾ നടന്നശേഷം മത്സര അനുമതി നിഷേധിച്ചതാണ് വിവാദമാകാൻ കാരണം. മത്സരശേഷം പുതിയ എൻട്രി ഫോം ഇറക്കിയാണ് സ്കൂൾ കലോത്സവത്തിൽ അറബിക്, സംസ്കൃതം കലോത്സവങ്ങൾ പ്രത്യേകമായി പരിഗണിക്കേണ്ടതില്ലെന്ന് നിർദേശിച്ചത്.
പ്രത്യേകം പരിഗണിച്ചിരുന്ന അറബിക്-സംസ്കൃതോത്സവം എന്നിവയിൽ വ്യക്തിഗതമായി മൂന്നിനങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ജനറൽ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കുന്നത് വ്യാപക പ്രതിഷേധത്തിന് കാരണമാകുകയാണ്. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മാനുവൽ പ്രകാരം അറബിക് കലോത്സവം, സംസ്കൃതോത്സവം എന്നിവ പ്രത്യേകമായി നടത്തുകയും അതിൽ പങ്കെടുത്തവർക്കും ജനറൽ വിഭാഗത്തിൽ പങ്കെടുക്കുന്നതിന് അവസരം നൽകുകയും ചെയ്തിരുന്നു.
കൂടിയാലോചനകളും ചർച്ചകളും നടത്താതെ ഇത്തരം ഏകപക്ഷീയ തീരുമാനങ്ങൾ അടിച്ചേൽപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് അധ്യാപകരും വിദ്യാർഥികളും പറയുന്നത്. വിദ്യാർഥികളെ മാനസികമായി തളർത്തുന്ന തീരുമാനത്തിൽനിന്ന് അധികൃതർ പിന്തിരിയണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.