‘എല്ലാം സെറ്റ്; ദേ സ്കൂൾ...
text_fieldsആലപ്പുഴ: അവധിക്കാലത്തിന് വിട നൽകി വിദ്യാലയങ്ങൾ വ്യാഴാഴ്ച തുറക്കും. അക്ഷരമുറ്റത്തേക്ക് എത്തുന്ന നവാഗതരെ വരവേൽക്കാൻ ക്ലാസ് മുറികളടക്കം എല്ലാം സെറ്റായിക്കഴിഞ്ഞു. ഇനി കുട്ടികൾ എത്തിയാൽ മാത്രം മതി. ബുധനാഴ്ച മിക്ക സ്കുളുകളിലെയും കുരുന്നുകളെത്തുന്ന ക്ലാസ് മുറികൾ വർണബലൂണുകളാലും തോരണങ്ങളാലും അലങ്കരിക്കുന്ന ജോലികൾ അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു.
ജില്ല-ഉപജില്ല-സ്കൂൾ തലത്തിലും ഉത്സവാന്തരീക്ഷത്തിൽ തന്നെ ‘പ്രവേശനോത്സവം’ ആഘോഷമാക്കും. ചില സ്കൂളുകളുടെ ചുവരുകളിൽ ആനയും കുതിരയും സിംഹവും അടക്കമുള്ള വന്യജീവികൾ ഇടംപിടിച്ചപ്പോൾ മറ്റിടങ്ങളിൽ വിവിധവർണങ്ങളിലെ പൂക്കളാണ് നിറഞ്ഞത്.
ചേർത്തല ചാരമംഗലം ഗവ. ഡി.വി എച്ച്.എസ്.എസിലാണ് ജില്ലതല പ്രവേശനോത്സവം. രാവിലെ 9.30ന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. പി.പി. ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. പഠനോപകരണവിതരണോദ്ഘാടനം ജില്ല കലക്ടർ ഹരിത വി.കുമാർ നിർവഹിക്കും.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി സ്വാഗതവും സ്കൂൾ പ്രഥമാധ്യാപിക എൻ.കെ. ഭാർഗവി നന്ദിയും പറയും. വൃക്ഷത്തൈ നൽകിയും വാദ്യമേളങ്ങളുടെ അകമ്പടിയിൽ നവാഗതരെ വരവേൽക്കും. സമ്മേളനത്തിൽ സ്വാഗതഗാനവും നൃത്താവിഷ്കാരവുമുണ്ടാകും. സംഘാടനചുമതല സമഗ്രശിക്ഷ കേരള ആലപ്പുഴക്കാണ്. ഇതിനൊപ്പം ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ മൂന്നാംഘട്ട ബോധവത്കരണ കാമ്പയിനും തുടക്കമാകും. വിദ്യാർഥികൾക്ക് അവബോധം നൽകുന്നതിന് ആലപ്പുഴ എസ്.ഡി.വി ബോയ്സ് ഹൈസ്കൂളിൽ ലഹരിവിരുദ്ധ ഗ്യാലറിയും ഒരുക്കിയിട്ടുണ്ട്.
അമ്പലപ്പുഴ: അമ്പലപ്പുഴ ഉപജില്ലാ സ്കൂൾ പ്രവേശനോത്സവം നീർക്കുന്നം എസ്.ഡി.വി യു.പി സ്കൂളിൽ ഇന്ന് രാവിലെ 10 ന് എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. കുട്ടികൾക്കുള്ള സമ്മാനദാനം അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് നിർവ്വഹിക്കും
ആലപ്പുഴ: ലജ്നത്തുൽ മുഹമ്മദിയ്യ എൽ.പി സ്കൂൾ പ്രവേശനോത്സവം വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. രാവിലെ 8.45 ന് എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ എ.എം നസീർ അധ്യക്ഷത വഹിക്കും. നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ മുഖ്യപ്രഭാഷണം നിർവഹിക്കും. മനോജ് പുന്നപ്ര പഠന കളരിക്ക് നേതൃത്വം നൽകും. വെള്ളി രാവിലെ ഒമ്പതിന് നടക്കുന്ന യു.പി വിഭാഗം, കിൻഡർ ഗാർട്ടൻ ഡിവിഷൻ പ്രവേശനോത്സവ ഉദ്ഘാടനവും എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച ലാപ് ടോപ്പുകളുടെ സമർപ്പണവും എച്ച്. സലാം എം.എൽ.എ നിർവ്വഹിക്കും. ഹരികുമാർ കണിച്ചുകുളങ്ങര കുട്ടികളോട് സംവദിക്കും. ലജ്നത്തുൽ മുഹമ്മദിയ്യ ജനറൽ സെക്രട്ടറി ഫൈസൽ ശംസുദ്ദീൻ, ട്രഷറർ എസ്.എം ശരീഫ്, മുനിസിപ്പൽ കൗൺസിലർ സിമി ഷാഫി ഖാൻ, സ്കൂൾ പി.ടി.എ പ്രസിഡന്റ് അൻസിൽ റഷീദ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് റാബിയ ബീഗം, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അഷ്റഫ് കുഞ്ഞാശാൻ, ഹൈസ്കൂൾ പ്രധാനാധ്യാപിക ഇ.സീന തുടങ്ങിയവർ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.