പാഡണിഞ്ഞ് എസ്.ഡി കോളജ്: രഞ്ജി ട്രോഫി ക്രിക്കറ്റ് ആവേശത്തിൽ ആലപ്പുഴ
text_fieldsകെ.സി.എയും കോളജ് മാനേജ്മെന്റും ഒപ്പിട്ട ധാരണപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രൗണ്ട് വിട്ടുനൽകിയത്
ആലപ്പുഴ: ക്രിക്കറ്റ് ചരിത്രത്തിലേക്കുള്ള ആലപ്പുഴയുടെ ദൂരം ഇനി മണിക്കൂറുകൾ മാത്രം. രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ പുതിയ സീസണിൽ കേരളവും യു.പിയും തമ്മിലെ കളിയാണ് ഇതിൽ പ്രധാനം. രാജ്യാന്തര നിലവാരത്തിലുള്ള പിച്ചും ഔട്ട്ഫീൽഡും ഒരുക്കിയാണ് ആലപ്പുഴ എസ്.ഡി കോളജ് ഗ്രൗണ്ടിൽ നാലു ദിവസം നീളുന്ന മത്സരം സജ്ജമാക്കിയത്.
ആദ്യമായി എസ്.ഡി കോളജ് ഗ്രൗണ്ട് രഞ്ജിട്രോഫി മത്സരത്തിന് ബി.സി.സി.ഐ അനുമതി നൽകിയതിന്റെ സന്തോഷത്തിലാണ് ക്രിക്കറ്റ് പ്രേമികളും കേരള ക്രിക്കറ്റ് അസോസിയേഷനും. പൊതുജനങ്ങൾക്കും കാണാൻ അവസരമുണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ കന്നിസെഞ്ചുറി നേടിയ കേരള ടീം ക്യാപ്റ്റൻ സഞ്ജു സാംസൺ, യുവതാരങ്ങളായ സചിൻ ബേബി, വിഷ്ണു വിനോദ്, ജലജ് സക്സേന, രോഹൻകുന്നുമേൽ, ബേസിൽ തമ്പി എന്നിവരുടെ മികവിലാണ് കേരളം മത്സരത്തിനിറങ്ങുന്നത്. യു.പിക്കുവേണ്ടി ഇന്ത്യൻ താരങ്ങളായ റിങ്കുസിങ്, കുൽദീപ് യാദവ്, ഐ.പി.എൽ താരങ്ങളായ പ്രിയംഗാർഗ്, അങ്കിത് രജിപുത്, സമീർ റിസ്വി എന്നിവരും ഒപ്പമുണ്ട്.
രഞ്ജി ട്രോഫി സീസണിലെ എലൈറ്റ് ഗ്രൂപ്പിലെ ആദ്യമത്സരത്തിൽ ഉത്തർപ്രദേശ്-കേരള മത്സരം ക്രിക്കറ്റ് ചരിത്രത്തിലേക്ക് ആലപ്പുഴയുടെ പേരും എഴുതിച്ചേർക്കും. ബി.സി.സിഐയുടെ ആദ്യ വനിത ക്യുറേറ്ററായ ജെസീന്ത കല്യാണിന്റെ നേതൃത്വത്തിലാണ് വിക്കറ്റ് ഒരുക്കിയത്. കെ.സി.എ മേൽനോട്ടത്തിൽ രാജ്യന്തരനിലവാരത്തിലുള്ള ഗ്രൗണ്ടിലാണ് മത്സരം. ഒമ്പത് പിച്ചുണ്ട്. 2008 മുതലാണ് കെ.സി.എ ഗ്രൗണ്ട് പരിപാലിക്കുന്നത്. 2015 ജൂണിൽ അഞ്ച് ടർഫ് വിക്കറ്റുകളുള്ള ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് ഗ്രൗണ്ടായി മാറി. മൂന്നരക്കോടി ചെലവിട്ടായിരുന്നു നിർമാണം.
കെ.സി.എയും കോളജ് മാനേജ്മെന്റും ഒപ്പിട്ട ധാരണപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സൗജന്യമായി ഗ്രൗണ്ട് വിട്ടുനൽകിയത്. 2023ൽ ധാരണപത്രം പുതുക്കി 18 വർഷത്തേക്കുകൂടി കെ.സി.എക്ക് ഗ്രൗണ്ട് അനുവദിച്ചു. കേരള ടീം ക്യാമ്പുകൾക്കും സെലക്ഷൻ മത്സരങ്ങൾക്കും അണ്ടർ -19 കൂച്ച് ബിഹാർ ട്രോഫി, വിനുമങ്കാദ് ട്രോഫി, പ്രസിഡന്റ്സ് കപ്പ്, പിങ്ക് ചലഞ്ചേഴ്സ് ചാമ്പ്യൻഷിപ്, ക്ലബ് ചാമ്പ്യൻഷിപ് തുടങ്ങിയ ടൂർണമെന്റുകൾക്കും എസ്.ഡി കോളജ് ഗ്രൗണ്ട് വേദിയായിട്ടുണ്ട്. രണ്ട് സൂപ്പർ സോപ്പർ (മഴപെയ്താൽ ഗ്രൗണ്ടിലെ വെള്ളം ഒപ്പിയെടുക്കുന്ന യന്ത്രം), ടൈമിങ് മെഷീൻ (ഔട്ട് ഫീൽഡ് അറ്റകുറ്റപ്പണിക്ക്), മോവർ (പുല്ല് വെട്ടുന്നതിന്) ഉൾപ്പെടെ കോടികളുടെ ഉപകരണങ്ങളും സ്വന്തമായിട്ടുണ്ട്. പലഘട്ടങ്ങളിലായാണ് വിക്കറ്റുകളുടെ എണ്ണം ഒമ്പതായി ഉയർത്തിയത്.
കളിക്കാർക്കുള്ള പവിലിയന് പുറമെ, കമന്ററി ബോക്സ്, ഒഫീഷ്യൽ പവിലിയൻ, ഫ്ലഡ്ലൈറ്റ് സൗകര്യമുള്ള ഒമ്പത് പ്രാക്ടീസ് വിക്കറ്റുകൾ, ബോളിങ് മെഷീൻ, മൂന്ന് ഇൻഡോർ പ്രാക്ടീസ് വിക്കറ്റുകൾ, ജിംനേഷ്യം, ഷട്ടിൽകോർട്ട് എന്നിവയുമുണ്ട്. ബൗണ്ടറികളിലേക്ക് ശരാശരി 70 മീറ്ററാണ് ദൂരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.