ലോക റാങ്കിങ്ങിൽ ഇടം നേടി എസ്.ഡി കോളജ് ഗവേഷകർ
text_fieldsആലപ്പുഴ: എസ്.ഡി കോളജ് അധ്യാപകരും ഗവേഷകരുമായ ഡോ. ജി. നാഗേന്ദ്ര പ്രഭു, ഡോ. ശ്രീകാന്ത് ജെ. വർമ എന്നിവർ ഗവേഷകർക്കുള്ള ലോകറാങ്കിങ്ങിൽ ഇടം നേടി.
കഴിഞ്ഞയാഴ്ച പുറത്തുവിട്ട ആൽപർ- ഡോജർ ശാസ്ത്രീയ ഇൻഡക്സ് പട്ടികയിലാണ് ഇവർ ഉൾപ്പെട്ടത്. 190 രാജ്യങ്ങളിലെ 11,591 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ ലാബുകൾ എന്നിവിടങ്ങളിലെ ഏഴുലക്ഷത്തിൽപരം ശാസ്ത്രജ്ഞർ ഉൾപ്പെട്ടതാണ് ഈ പട്ടിക.
അന്താരാഷ്ട്ര ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ എണ്ണം, ഗുണനിലവാരം, സൈറ്റേഷൻ ഇൻഡക്സ്, ഐ ടെൻ (i 10) ഇൻഡക്സ്, ഹെർഷ് ഇൻഡക്സ് തുടങ്ങിയ ഒമ്പതിലധികം അളവുകോലുകളെ അടിസ്ഥാനമാക്കി ഗവേഷകരുടെ മികവ് അളക്കുന്നതിനുള്ള ഏറ്റവും പുതിയ മാനദണ്ഡമാണ് ഈ റാങ്കിങ്.
ജന്തുശാസ്ത്ര പഠന-ഗവേഷണ വിഭാഗം അസോസിയേറ്റ് പ്രഫസറും ജലവിഭവ ഗവേഷണകേന്ദ്രം മുഖ്യ ഗവേഷകനുമാണ് ഡോ. പ്രഭു. കുളവാഴ വ്യാപനം പഠിക്കുന്നതിനുള്ള അന്താരാഷ്ട്ര ഗവേഷണ പദ്ധതിയിൽ പങ്കാളിയാണ്. ഭൗതികശാസ്ത്ര പഠന-ഗവേഷണ വിഭാഗം അസി. പ്രഫസറായ ഡോ. ശ്രീകാന്ത് സോളാർ സെല്ലുകൾ, എൽ.ഇ.ഡി, പാരമ്പര്യേതര ഊർജ സംഭരണ സങ്കേതങ്ങൾ എന്നിവയിലാണ് ഗവേഷണം നടത്തുന്നത്. അമേരിക്കയിലെ േഫ്ലാറിഡ സെൻട്രൽ സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തിയിട്ടുണ്ട്. കേരള സർവകലാശാലയിലെ അംഗീകൃത ഗവേഷക ഗൈഡുകളുമാണ് ഇരുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.