മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയായി വീണ്ടും പോളപ്പായൽ
text_fieldsഅരൂക്കുറ്റി: കിഴക്കൻ മഴവെള്ളപ്പാച്ചിലിൽ ഒഴികിയെത്തുന്ന പോളപ്പായൽ മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയാവുന്നു. തൊഴിലുപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിനുപരി ജീവനുതന്നെ ഭീഷണിയാവുകയാണിത്.
കഴിഞ്ഞ ദിവസം കുടപുറം കായലിൽ മത്സ്യബന്ധനത്തിലേർപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികൾ പോളപ്പായലിലകപ്പെട്ട് വഞ്ചി മറിഞ്ഞതിനെ തുടർന്ന് ആയുർദൈർഘ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. അഗ്നിരക്ഷ സേന ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് സാഹസികമായാണ് ഇവരെ കരക്കെത്തിച്ചത്.
അരൂർ മണ്ഡലത്തിൽ വയലാർ മുതൽ അരൂക്കുറ്റി വരെ വേമ്പനാട്ടുകായലിന്‍റെ ഇടുങ്ങിയ ഭാഗത്ത് ധാരാളം തൊഴിലാളികളാണ് ചീനവല, ഊന്നുവല, വീശുവല എന്നീ മാർഗങ്ങളിലൂടെ ഉപജീവനം നടത്തുന്നത്. നാല് മീറ്റർ അകലത്തിൽ മാത്രം ഊന്നുവല കെട്ടി മത്സ്യബന്ധനം നടത്താൻ 550 രൂപ സർക്കാർ ഇവരിൽനിന്ന് ഈടാക്കുകയും ചെയ്യുന്നുണ്ട്.
എല്ലാ വർഷവും മൺസൂൺ മഴയിലെ മഴവെള്ളപ്പാച്ചിലിൽ തണ്ണീർമുക്കം ബണ്ടിൽനിന്നുൾപ്പെടെ ഉണ്ടാകുന്ന പോളപ്പായലുകളുടെ കുത്തൊഴുക്കിൽ ആയിരങ്ങൾ മുടക്കി ഉണ്ടാക്കിയ നൂറുകണക്കിന് ഊന്നുകുറ്റികളാണ് നശിക്കുന്നത്.
എല്ലാ വർഷവും ആവർത്തിക്കുന്ന പോളപ്പായൽ ശല്യം മൂലം നാല് മാസത്തോളം കായലിൽ പോകാൻ കഴിയാതെ വറുതിയിലാകുന്ന തൊഴിലാളികളെ ഒരു സർക്കാറും പരിഗണിക്കുന്നില്ലെന്ന് ഇവർ പറയുന്നു. ക്ഷേമനിധിയിൽ അംഗമായ തൊഴിലാളികൾക്കുപോലും ഈ വറുതിക്കാലത്ത് ഒന്നും ലഭിക്കുന്നില്ല. എല്ലാ വർഷവും നിവേദനം കൊടുക്കുന്നുണ്ടെങ്കിലും പരിഹാരമാകുന്നില്ല.
എട്ടുവർഷം മുമ്പ് ജലവിഭവ വകുപ്പ്, യന്ത്രം ഉപയോഗിച്ച് പായലുകൾ കരക്കെത്തിച്ച് നശിപ്പിക്കുന്ന പദ്ധതി നടപ്പാക്കിയപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായിരുന്നതാണ്. ഇപ്പോൾ ഇതുപോലും നടപ്പാക്കാൻ സർക്കാർ മുതിരുന്നില്ല. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തിയെങ്കിലും പോളപ്പായൽ നശിപ്പിക്കാൻ തദ്ദേശ സ്ഥാപങ്ങൾ തയാറായാലും ഒരു പരിധിവരെ പരിഹാരമാകും.
പോളപ്പായൽ ശല്യം ജലഗതാഗതത്തെയും സാരമായി ബാധിക്കുന്നുണ്ട്. കായലിൽ കിടന്ന് ചീയുന്ന പായലുകൾ മത്സ്യ പ്രജനനത്തെയും ബാധിക്കാം. ഇവ വലകളുടെ നാശത്തിനും കാരണമാകുന്നുണ്ട്. പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.