രണ്ടാം കൃഷി വിളവെടുപ്പിന് തുടക്കം; നെല്ല് സംഭരണം പ്രതിസന്ധിയിലാകാന്‍ സാധ്യത
text_fieldsആലപ്പുഴ: രണ്ടാംകൃഷി വിളവെടുപ്പ് ആരംഭിച്ചിരിക്കെ നെല്ല് സംഭരണം ഇത്തവണയും പ്രതിസന്ധിയിലാകാന്‍ സാധ്യത. പുഞ്ചകൃഷിയെ തുടര്‍ന്ന് സംഭരിച്ച നെല്ലിന്റെ വില പൂര്‍ണമായും കര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ന്നിട്ടില്ല. അതിനിടയിലാണ് രണ്ടാംകൃഷി വിളവെടുപ്പ് ആരംഭിച്ചത്. കര്‍ഷകര്‍ക്കുള്ള താങ്ങുവിലയിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കാനുള്ളത് 647 കോടി രൂപയാണ്. ഇതില്‍ 200 കോടി രൂപ പഴയ കുടിശ്ശികയാണ്. സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോക്ക് 624.96 കോടി നല്‍കാനുമുണ്ട്. സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് യഥാസമയം കൊടുക്കാന്‍ കഴിയാത്തത് കേന്ദ്രവിഹിതം കിട്ടാത്തത് കൊണ്ടാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.
2017-18 മുതല്‍ കേരളത്തില്‍ നെല്ല് സംഭരിച്ചതിന്റെ ഓഡിറ്റുചെയ്ത കണക്ക് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കാത്തതിനാലാണ് പണം നൽകാത്തതെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. രണ്ടാംകൃഷി വിളവെടുപ്പിന് നല്‍കേണ്ട തുക സര്‍ക്കാര്‍ അനുവദിച്ചാല്‍ മാത്രമേ കര്‍ഷകര്‍ക്ക് ലഭിക്കുകയുള്ളൂ. കനറാ ബാങ്ക്, എസ്.ബി.ഐ എന്നിവ വഴിയാണ് ഇക്കുറിയും പണം വായ്പയായി നല്‍കുന്നത്. താങ്ങുവിലയുടെ കേന്ദ്രവിഹിതവും കണ്‍സോര്‍ഷ്യം ബാങ്കുകളിലെ വായ്പയും ചേര്‍ത്താണ് സപ്ലൈകോയുടെ നെല്ലുസംഭരണം ഇപ്പോള്‍ നടക്കുന്നത്. ഇതുമൂലം വര്‍ഷം തോറും കടബാധ്യത പെരുകിവരികയാണ്.
കേന്ദ്ര താങ്ങുവില 21.83 രൂപയ്ക്കൊപ്പം സംസ്ഥാന പ്രോത്സാഹന വിഹിതം 6.37 രൂപയും ചേര്‍ത്താണ് കിലോയ്ക്ക് 28.20 രൂപ നെല്ലിന് താങ്ങുവില നല്‍കുന്നത്. കൈപ്പറ്റ് രസീത് (പി.ആര്.എസ്) ഈടുവാങ്ങി നെല്ലുവില നല്‍കുന്നത് സപ്ലൈകോയുമായി നെല്ലുവില വിതരണക്കരാറുള്ള ബാങ്കുകളാണ്. നെല്ല് സംഭരിച്ച് അരിയാക്കി പൊതുവിതരണം നടത്തിയതിന്റെ കണക്ക് സംസ്ഥാനം കൊടുക്കുന്ന മുറക്ക് കേന്ദ്രവിഹിതം കിട്ടും. ഈ തുക കിട്ടിയാലുടന്‍ സപ്ലൈകോ ബാങ്കുകള്‍ക്ക് കൈമാറും. മുന്‍ വര്‍ഷങ്ങളില്‍ നെല്ലുവില വിതരണം ചെയ്ത ഇനത്തില്‍ ബാങ്കുകളിലേക്ക് 1,200 കോടി രൂപ സപ്ലൈകോ തിരിച്ചടക്കാനുണ്ട്.
പുഞ്ചകൃഷിക്ക് വിത്തിന്റെ ലഭ്യതയും പ്രതിസന്ധിയിൽ
രണ്ടാം കൃഷി വിളവെടുപ്പ് കഴിഞ്ഞാലുടൻ പുഞ്ചകൃഷിക്ക് തുടക്കമാകും. അതിനുള്ള വിത്തിനായി കര്‍ഷകര്‍ നെട്ടോട്ടത്തിലാണ്. പുഞ്ചകൃഷി സീസണ് അടുത്തതോടെ അനുവദനിയമായ വിത്തല്ലാതെ അധിക വിത്ത് നല്‍കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. ഏക്കറിന് 40 കിലോ വിത്താണ് സര്‍ക്കര്‍ വിതരണം ചെയ്യുന്നത്. ലഭ്യമാകുന്ന വിത്തിന്റെ കിളിര്പ്പ് കുറവും കാലാവസ്ഥ വ്യതിയാനം മൂലം വിത്ത് മുളക്കാത്തതിനാലും കര്‍ഷകര്‍ അധിക വിത്ത് വാങ്ങിയാണ് മുന്‍കാലങ്ങളില്‍ വിതച്ചിരുന്നത്. കഴിഞ്ഞവര്‍ഷം വരെ 42 രൂപ നിരക്കില്‍ അധിക വിത്ത് പാടശേഖരസമതി വഴി നല്‍കിയിരുന്നു. ഇക്കുറി വിത്ത് ക്ഷാമം വന്നതോടെ അധിക വിത്ത് നല്‍കേണ്ടന്നാണ് സര്‍ക്കാരിന്റെ തീരുമാനം. വിതയിറക്കില് കിളിര്പ്പ് കുറയുന്ന പാടശേഖരങ്ങളില്‍ അധിക വിത്തിനായി കര്‍ഷകര്‍ സ്വകാര്യ ഏജന്‍സിയെ ആശ്രയിക്കുകയാണ്. ചില പാടശേഖരങ്ങളില്‍ സ്വകാര്യ ഏജന്‍സികളില്‍നിന്ന് വിത്ത് വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷം കര്‍ഷകര്‍ക്കും അധിക വിത്ത് ലഭ്യമായിട്ടില്ല.
താങ്ങുവില ഉയർത്തിയതിന്റെ ഗുണം കർഷകർക്ക് ലഭിച്ചില്ല
കഴിഞ്ഞ ജൂണിൽ കേന്ദ്രസർക്കാർ നെല്ലിന്റെ താങ്ങുവില കിലോഗ്രാമിന് 1.17 രൂപ വർധിപ്പിച്ചെങ്കിലും അതിന്റെ ഗുണം കേരളത്തിലെ കർഷകർക്ക് ലഭിച്ചില്ല. കേന്ദ്രം നൽകുന്ന താങ്ങുവിലയേക്കാൾ കൂടിയ വിലയാണ് സംസ്ഥാന സർക്കാർ നെല്ലിന് നൽകുന്നതെന്നതിനാലാണത്.
കേന്ദ്രം താങ്ങുവില ഉയർത്തുമ്പോൾ അതിന്റെ ഗുണം കർഷകർക്കല്ല സംസ്ഥാന സർക്കാറിനാണ് ഉണ്ടാകുന്നതെന്നതാണ് ഇവിടുത്തെ സ്ഥിതി. കിലോക്ക് സംസ്ഥാന സർക്കാർ 28.32 രൂപയാണ് സംഭരണ വിലയായി കർഷകർക്ക് നൽകി വരുന്നത്. കേന്ദ്രസർക്കാർ അനുവദിച്ചിരുന്നത് കിലോക്ക് 21.83 രൂപയാണ്. അതിൽ 1.17 രൂപയുടെ വർധനവാണ് ജൂണിൽ കേന്ദ്ര സർക്കാർ വരുത്തിയത്.
അപ്പോൾ താങ്ങുവില 23 രൂപയെ ആയിരുന്നുള്ളൂ. അതിനെക്കാൾ 5.32 രൂപ കൂടുതലാണ് ഇവിടെ കൊടുത്തുവരുന്നത്. കേന്ദ്ര വിഹിതം കഴിച്ചുള്ള തുക സംസ്ഥാന സർക്കാരിന്റെ സബ്സിഡിയാണ്. കേന്ദ്രം 1.17 രൂപ വർധന വരുത്തിയപ്പോൾ സംസ്ഥാനത്തിന് സബ്സിഡി നൽകുന്ന തുകയിൽ അത്രയും ലാഭിക്കാൻ സാധിക്കുകയാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.